“ഞാൻ എന്റെ മോളെപ്പോലെ കണ്ട കൊച്ചാ അത്…അതിനെപ്പറ്റിയാണോ…അങ്ങനെയൊക്കെ…!!”
നിലത്ത് ക്ലേശിച്ച് നിവർന്നിരുന്നുകൊണ്ട് രാജീവൻ കണ്ണുനീരൊപ്പി.
ടോമി ചുറ്റും നോക്കി.
“മമ്മി ഇവിടെ നിൽക്ക്…”
അവൻ വാതിൽക്കലേക്ക് തിരിഞ്ഞു.
“ഗോപൻ ഇവിടെ ഉണ്ട്…അവനെ ഇവിടെ കൊണ്ടുവരണം…ഞാനിപ്പം വരാം…”
പുറത്തേക്ക് കടന്ന ടോമി പെട്ടെന്ന് കുഞ്ഞുമോനെ ഓർത്തു.മാത്തപ്പൻ അങ്കിളിന്റെ മകൻ കുഞ്ഞുമോൻ. വർഗീസ് ആശാന്റെ കളരിയിൽ, ആശാന്റെ ഏറ്റവും മിടുക്കനായ അഭ്യാസി. അവൻ മാത്രമാണ് ആരിഫിനെ പണ്ട് അടിച്ചു നിലത്തിട്ടിട്ടുള്ളൂ. ഈ സമയം തനിക്ക് അവന്റെ സഹായമാവശ്യമാണ്.
ടോമി മൊബൈലെടുത്ത് കുഞ്ഞുമോനെ വിളിച്ചു.
പെട്ടെന്നു തന്നെ ആരിഫറിയാതെ അവന്റെ വീടിന്റെ പിൻഭാഗത്ത് എത്തിച്ചേരാൻ ആവശ്യപ്പെട്ടു. കാര്യവും പറഞ്ഞു.
പിന്നെ ശബ്ദം കേൾപ്പിക്കാതെ ഓരോ മുറിയിലുമിറങ്ങി ഗോപകുമാറിനെ അന്വേഷിച്ചു.
അകത്തൊരു മുറിയിൽ സോഫയിൽ മയങ്ങികിടക്കുകയായിരുന്നു അവനപ്പോൾ. ടോമി അടുത്തെത്തി ശബ്ദം കേൾപ്പിക്കാതെ അവനെ ഉണർത്തി. എഴുന്നേറ്റയുടനെ ശബ്ദം കേൾപ്പിക്കരുത് എന്ന് ആംഗ്യം കാണിച്ച് അവനെയും കൊണ്ട് രാജീവൻ കിടന്നിരുന്ന മുറിയിലേക്ക് നടന്നു.
“കാര്യമെന്താ ടോമി?”
ഗോപകുമാർ പതിയെ ചോദിച്ചു.
“പറയാം. നീ വാ…”
രാജീവൻ കിടന്നിരുന്ന മുറിയുടെ മുമ്പിലെത്തിയപ്പോൾ സംഭവിച്ച കാര്യങ്ങൾ രണ്ടുമിനിറ്റിൽ അവൻ ഗോപകുമാറിനെ അറിയിച്ചു.
കേട്ടയുടനെ ഗോപകുമാർ അകത്തേക്ക് കുതിച്ചു.
“രാജീവൻ ചേട്ടാ…”
ദയനീയമായ ശബ്ദത്തിൽ അവൻ വിളിച്ചു.
“എവിടെയാ? എവിടെയാ എന്റെ കൊച്ച് കെടക്കുന്നെ?”