അവിശ്വസനീയമായ ആ കാഴ്ചക്ക് മുമ്പിൽ എന്ത് ചെയ്യണമെന്നറിയാതെ അവൾ പകച്ചു.
എങ്കിലും അടുത്ത നിമിഷം അവൾ അയാളുടെ മുമ്പിൽ മുട്ടുകുത്തിയിരുന്നു.
പിന്നെ കൈത്തലങ്ങൾ അയാളുടെ നെഞ്ചോട് ചേർത്ത് പതിയെ അനക്കി.
“രാജീവൻ ചേട്ടാ!!”
അവൾ വിളിച്ചു.
എങ്കിലും അയാളിൽ നിന്ന് ഒരു തരത്തിലുമുള്ള പ്രതികരണവും അവൾക്ക് കാണാനായില്ല.
“ദൈവമേ!!”
അയാളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ പരിഭ്രാന്തിയോടെ മന്ത്രിച്ചു.
“എന്താ ഇവിടെ ഇങ്ങനെ കിടക്കുന്നെ? എങ്ങനെ വന്നു ഇവിടെ…??”
അപ്പോഴാണ് ടോമി അവളുടെ മുമ്പിലെത്തിയത്.
“എന്താ മമ്മി ..? ആരാ ഇത് …? അയ്യോ ഇത് …!!”
പെട്ടെന്ന് അവനും അയാളുടെ മുമ്പിൽ കുനിഞ്ഞിരുന്നു.
“ഇതെന്താ പറ്റി മമ്മി ..അനക്കമില്ലല്ലോ…!”
പെട്ടെന്നവൻ പുറത്തേക്ക് പോയി. ഏതാനും നിമിഷങ്ങൾക്കുള്ളിൽ കൈയ്യിൽ ഒരു മഗ്ഗ് നിറയെ വെള്ളവുമായി വന്നു.
അതിനിടയിൽ അയാളുടെ ദേഹത്ത് പലയിടത്തും മുറിവുകൾ കത്രീന കണ്ടെത്തി. ക്ഷതമേറ്റതിന്റെ, ചതവ് പറ്റിയതിന്റെ പാടുകളും.
ടോമി കൊണ്ടുവന്ന വെള്ളം അയാളുടെ മുഖത്തേക്കൊഴിച്ചു. കത്രീന അയാളെ കുലുക്കി വിളിച്ചുകൊണ്ടിരുന്നു.
അൽപ്പ സമയം കഴിഞ്ഞപ്പോൾ അയാളുടെ കൺപോളകൾ പതിയെ അനക്കം വെയ്ക്കുന്നത് അവർ കണ്ടു. ക്ഷീണത്തോടെ, ശക്തി വിഹീനനായി അയാൾ മുമ്പിലുള്ളവരെ നോക്കാൻ ശ്രമിച്ചു. അൽപ്പ നേരം അയാൾ അവരിരുവരെയും മാറി മാറി നോക്കി.
“ക …കത്രീ …കത്രീന…”
അയാൾ കത്രീനയുടെ മുഖത്ത് നോക്കി പതിയെ വിളിച്ചു.
“എന്നാ ചേട്ടാ? എന്നാ പറ്റിയെ? എങ്ങനെയാ ഇവിടെ വന്നേ?”
ദയനീയമായ സ്വരത്തിൽ അയാൾ ചോദിച്ചു.