രാഗിണി മുറിപ്പാട് വീണ തന്റെ അധരത്തിൽ വിരലമർത്തി.
“ഇത്രേം സ്വീറ്റായി ഒരു കിസ്സ് കിട്ടുന്നത് ഇതാദ്യമാണ്…! അവനെ അങ്ങ് കല്യാണം കഴിച്ചോലെന്നാന്നാ എന്റെ ആലോചന!”
“ആഹാ!”
ഡെന്നിസ് ചിരിച്ചു.
“അപ്പോൾ അങ്ങനെയായോ! ഇത്രേയുള്ളൂ പെണ്ണിന്റെ കാര്യം! കൊള്ളാവുന്ന ഒരുത്തൻ ഒന്ന് ശരിക്കും ഞെക്കിപ്പിടിച്ചാ തീരുന്ന മസിലു പിടുത്തവേ ഈ പെണ്ണുങ്ങക്കെല്ലാം ഒള്ളൂ!”
“അതേ!”
രാഗിണി ചൊടിപ്പോടെ പറഞ്ഞു.
“പക്ഷെ കൊള്ളാവുന്നവൻ ആരിക്കണം!”
പിറ്റേ ദിവസം വൈകുന്നേരം.
മേദിനിപുരിയുടെ പച്ചക്കുന്നതിന് മേൽ, പോപ്ലാർ മരങ്ങളുടെ കീഴെ നേർത്ത മഞ്ഞിൻ പാളികൾക്കിടയിലൂടെ നടക്കുകയായിരുന്നു രവി.
മങ്ങിയ കണ്ണാടിച്ചില്ലുകൾ പോലെ പോപ്ലാർ മരങ്ങളുടെ ചില്ലകൾക്കിടയിലൂടെ ആകാശം.
ദൂരെ ആരോ പാടുന്നുണ്ടോ?
ഒരു ഇടയപ്പെൺകുട്ടി?
ആകാശത്തെ പ്രണയിക്കുന്ന മഞ്ഞിന്റെ തണുപ്പിലൂടെ അലോസരം സൃഷ്ടിച്ചുകൊണ്ട് ചിത്രശലഭങ്ങളും ദേശാടനപ്പക്ഷികളും ഒഴുകിപ്പറക്കുന്നു.
രവി നോക്കുമ്പോൾ ലോകത്തിന്റെ അനന്തതയോളം മേദിനിപ്പുരി തണുത്ത് കിടക്കുകയാണ്. ഈശ്വരന്മാർ കാവലിരിക്കുന്ന കൊടുംപാലമരത്തിന്റെ കീഴ് വരെ പോകണം. അവിടെ പള്ളിയുറങ്ങുന്ന ബസവേശ്വര മാറമ്മയുടെ തളത്തിൽ ചെന്നിരിക്കണം. അതിന് മുമ്പിലെ ചതുപ്പ് നോക്കി രാത്രിയേറുവോളവുമിരിക്കണം. ചുറ്റുമുള്ള സർപ്പശിലകളിൽ, പകലുറങ്ങുകയും രാത്രി ദുഷ്ടസംഹാരം നടത്തുകയും ചെയ്യുന്ന പൂർണ്ണയ്യാവിന്റെ അടഞ്ഞ കണ്ണുകളിൽ, ഇരുട്ട് അലങ്കാരമായ ഗോമതേശ്വര പാദങ്ങളിൽ ഭൂതവും ഭാവിയും മറന്ന് വർത്തമാനത്തിന്റെ തേൻ ലഹരി മാത്രമറിഞ്ഞ് ഉറങ്ങണം. ചവിട്ടടിപ്പാതയുടെ വിജനതയിലൂടെ സംഗീതവും നെല്ലിൻ ചാരായത്തിന്റെ ലഹരിയുമായെത്തുന്ന സിദ്ധപ്പയും ശിവാനിയും വരുമ്പോൾ ഉണരണം…
രവി ചെല്ലുമ്പോൾ കൊടുംപാലമരത്തിന്റെ കീഴ് വിജനമായിരുന്നു.
അവിടെ, മൃദുവായ പുല്ലിന്റെ സ്വാന്തനിപ്പിക്കുന്ന സുഖത്തിൽ അവൻ സിദ്ധപ്പയെയും ശിവാനിയേയും കാത്ത് കിടന്നു.