ജോയലിന്റെ കൈകള്‍ തന്‍റെ വയറില്‍, ടോപ്പ് പൊങ്ങി നഗ്നമായ പൊക്കിളില്‍ തലോടുമ്പോള്‍ ചൂട് നിറഞ്ഞ വാക്കുകള്‍ താന്‍ കേട്ടു.
“നോക്കൂ, ജോ മഴവില്ല്…!”
“പിന്നെ! താഴ്വാരവും മലകളുമൊക്കെ മഞ്ഞില്‍ മൂടിക്കിടക്കുമ്പോള്‍ മഴവില്ലോ?”
“പിന്നെ അതെന്താ?”
ജോയല്‍ അങ്ങോട്ട് നോക്കി.
“ശരിയാണല്ലോ….!”
“ഇപ്പോളെന്താ ജോ ഇവിടെ മഴവില്ല് വിരിഞ്ഞത്?”
“മനുവിന്‍റെ ആലയമാണ് മണാലി…”
പെട്ടെന്ന് പിമ്പില്‍ നിന്നും ഒരു ശബ്ദം കേട്ടു.
നോക്കിയപ്പോള്‍ നെഞ്ചോളം ദൃഡമായ, വെളുത്ത താടിരോമങ്ങള്‍ വളര്‍ത്തിയ ദീര്‍ഘകായനായ ഒരു സന്യാസി.
അദ്ധേഹത്തെ കണ്ടപ്പോള്‍ തങ്ങള്‍ അകന്നു മാറി.
“വേണ്ട!”
അത് കണ്ട് അദ്ദേഹം കയ്യുയര്‍ത്തി വിലക്കി.
“ചേര്‍ന്ന് തന്നെ നിന്നോളൂ…സുന്ദരിയായ പെണ്‍കുട്ടിയും സുന്ദരനായ പുരുഷനും….നിങ്ങളുടെ പ്രണയം കാണാന്‍ എന്ത് ഭംഗി!”
താനപ്പോള്‍ ലജ്ജിച്ച് മുഖം താഴ്ത്തി.
പിന്നെ ജോയലിനെ നോക്കി.
“ഭൂമിയിലെ സകല മനുഷ്യരുടെയും പിതാക്കളാണ് മനുക്കള്‍…”
അദ്ദേഹം തുടര്‍ന്നു.
“ഒരിക്കല്‍ വിഷ്ണു ഭൂമിയെ വെള്ളത്തില്‍ മുക്കി നശിപ്പിക്കാന്‍ തീരുമാനിച്ചു. അതറിഞ്ഞ് പതിനാല് മനുക്കളിലെ ദുദ്രസാവര്‍ണ്ണി ഒരു വലിയ കപ്പലുണ്ടാക്കി…ഭൂമിയിലെ ധര്‍മ്മിഷ്ടരായ മനുഷ്യരെ രക്ഷപ്പെടുത്താന്‍…പക്ഷെ…”
അദ്ദേഹം അവരെ നോക്കി.
“തന്‍റെ പ്രണയിനിയായ ഗാര്‍ഗ്ഗിസ്വരൂപയെ രക്ഷപ്പെടുത്താന്‍ അദ്ധേഹത്തിനായില്ല… ദുഃഖം സഹിക്കാനാവാതെ പ്രളയമൊടുങ്ങാനുള്ള വിനാഴികയ്ക്ക് മുമ്പ് അദ്ദേഹം വെള്ളത്തിലേക്ക് ചാടി മരിച്ചു…”
അത് കേട്ടപ്പോള്‍ എന്തുകൊണ്ടോ തന്‍റെ മിഴികളില്‍ ജലകണങ്ങളിറ്റിവീണു.
“ജീവന്‍ വേര്‍പെട്ട ദേഹം ഗാര്‍ഗ്ഗി സ്വരൂപയുടെ മൃതദേഹത്തിനടുത്ത് എത്തുവോളവുമൊഴുകി നടന്നു. പ്രളയം തീര്‍ന്നപ്പോള്‍ രണ്ടു ദേഹങ്ങളുമപ്രതക്ഷ്യമായി….”
അദ്ദേഹം പിന്നെ മഴവില്ലിന്റെ നേരെ നോക്കി.
“അവര്‍ കിടന്നിടത്ത് ഒരു മഴവില്ലുദിച്ചു….”