അച്ഛനുമമ്മയും ഒരേ സമയം അവന്‍റെ തിരസ്സില്‍ കൈത്തലമമര്‍ത്തി.
രാകേഷ് പിന്നെ മുകളിലേക്ക്, ഗായത്രിയെ നോക്കി പുഞ്ചിരിച്ചു.
അവള്‍ തിരിച്ചും.
“നിശ്ചയം ഇന്ന് നടത്താന്‍ പറ്റില്ല അങ്കിള്‍!”
പദ്മനാഭന്‍ തമ്പിയേയും സാവിത്രിയേയും നോക്കി ജോയല്‍ പറഞ്ഞു.
അവര്‍ അപ്രതീക്ഷിതമായ ആ തീരുമാനമുള്‍ക്കൊള്ളാനാവാതെ രാകേഷിനെ നോക്കി.
പിന്നെ വിഷമത്തോടെ ഗായത്രിയേയും.
“നോട്ടെ മൊമെന്റ് റ്റു ലൂസ്…”
രാകേഷ് കൂട്ടുകാരെ നോക്കി ഗര്‍ജ്ജിച്ചു.
പുറത്ത് നിര്‍ത്തിയിട്ടിരുന്ന പട്ടാളവാഹനത്തിനു നേരെ അവര്‍ കുതിച്ചു.
ആ രംഗമത്രയും കണ്ടുകൊണ്ടിരുന്ന ഗായത്രി അകത്തേക്ക് കയറി.
ചുവരില്‍ തൂക്കിയിരുന്ന ശ്രീകൃഷ്ണന്‍റെ ചിത്രത്തിന് മുമ്പില്‍ അവള്‍ മുട്ടുകള്‍ മടക്കി.
“ഭഗവാനെ….!”
അവള്‍ മന്ത്രിച്ചു.
“അങ്ങ് ..അങ്ങെന്റെ പ്രാര്‍ത്ഥന കേട്ടു…എന്‍റെ …എനിക്ക് ….”
അവളുടെ അധരങ്ങള്‍ വിതുമ്പി വിറച്ചു.
പിന്നെ സാരിത്തുമ്പില്‍ മറച്ചു പിടിച്ചിരുന്ന ക്ളോസ്ട്രിഡീയം ബോട്ടുലീനം എന്ന മാരക വിഷം അടങ്ങിയ ചെറിയ മെറ്റല്‍ കണ്‍റ്റൈനര്‍ സമീപത്തിരുന്ന തന്‍റെ പേഴ്സിന്റെ ഉള്ളിലെ അറയില്‍ സുരക്ഷിതമായി ഒളിപ്പിച്ചു.
[തുടരും]