പെട്ടെന്ന് പുറത്ത് ഒരു പട്ടാള വാഹനം വന്ന് നില്‍ക്കുന്നതും ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ചാടിയിറങ്ങി രാകേഷിനെ സമീപിക്കുന്നതും ഗായത്രി കണ്ടു.
അയാള്‍ രാകേഷിനെ ആദ്യം സല്യൂട്ട് ചെയ്തു.
“എന്താ, ഷറഫ്?”
രാകേഷ് അഭിവാദ്യം സ്വീകരിച്ചതിനു ശേഷം ചോദിച്ചു.
“സാര്‍!”
ഉദ്വിഗ്നത നിറഞ്ഞ ശബ്ദത്തില്‍ ഷറഫ് പറഞ്ഞു.
“ഇവിടെന്ന് പത്ത് കിലോമീറ്റര്‍ അകലെ, പാറമട നടത്തുന്ന ഒരു ഐസക് മുതലാളിയുടെ വീട് ജോയലും കൂട്ടരും വളഞ്ഞിരിക്കുന്നു എന്ന് വിവരമുണ്ട്!”
“പത്തുകിലോമീറ്ററോ?”
രാകേഷ് അദ്ഭുതപ്പെട്ടു.
“അത്രയും അടുത്തോ? മൈ ഗോഡ്! യെസ്! വിമല്‍, റെജി…കമോണ്‍!”
ആവേശം കൊണ്ട് ത്രസിച്ച സ്വരത്തില്‍ രാകേഷ് കൂട്ടുകാരെ നോക്കി.
“മോനെ!!”
ഊര്‍മ്മിള അവനെ വിലക്കി.
“എന്തായീ പറയുന്നേ? നിന്‍റെ നിശ്ചയം ആണിന്ന്..ഇവിടെ..ഇപ്പോള്‍…!”
“അതെ മോനെ!”
രാകേഷിന്റെ അച്ഛനും അങ്ങനെ ചോദിക്കുന്നത് ഗായത്രി കേട്ടു.
“പപ്പാ…”
രാകേഷ് അച്ഛന്റെ തോളില്‍ കൈവെച്ചു.
“ഒരു പട്ടാള ഓഫീസറുടെ പ്രയോറിറ്റിയില്‍ ആദ്യം വരുന്നത് എന്താണ്? കുടുംബം? വീട്? രാജ്യം? കടമ?”
അദ്ദേഹത്തിന് ഒന്നും മിണ്ടാന്‍ പറ്റിയില്ല.
“പപ്പായേയും മമ്മിയേയും ഉത്തരം മുട്ടിച്ച് ജയിക്കാന്‍ പറഞ്ഞതല്ല…”
പുഞ്ചിരിയോടെ രാകേഷ് തുടര്‍ന്നു.
“ഞാന്‍ അങ്ങനെ ചെയ്യുകയുമില്ല…എന്‍റെ ഡ്യൂട്ടി, എന്‍റെ രാജ്യത്തോടുള്ള എന്‍റെ ഡ്യൂട്ടി, അതില്‍ ഞാന്‍ വീഴ്ച്ച വരുത്തിയാല്‍ എന്നെ വെറുക്കേണ്ടവരാണ് നിങ്ങള്‍…അതുകൊണ്ട്….”
അവന്‍ വിമലിനെയും റെജിയേയും നോക്കി.
“…അതുകൊണ്ട് ഞാന്‍ പോകുന്നു, ഇവര്‍ക്കൊപ്പം….അനുഗ്രഹിച്ച് അയക്കണം…”
രാകേഷ് ശിരസ്സ് കുനിച്ചു.
ഊര്‍മ്മിള കണ്ണുകള്‍ തുടച്ചു.