“മുജേ ലഗ്താ ഹേ കി ആപ് കിസി കെ പ്യാര്‍ മേ ഹേ…”
ആകാശത്തിലെ നക്ഷത്രങ്ങളുടെ മുഴുവന്‍ ശോഭയും അവളുടെ കണ്ണുകളില്‍ നിറഞ്ഞു അപ്പോള്‍.
പനിനീര്‍പ്പൂക്കളിലെ മുഴുവന്‍ സുഗന്ധാമൃതവും അവളുടെ അധരത്തിലേക്ക് കുതിച്ചെത്തി അപ്പോള്‍…
ഐ തിങ്ക് യൂ ആര്‍ ഇന്‍ ലവ് വിത്ത് സം വണ്‍…. ചോട്ടി സഹിബാ, എനിക്കുറപ്പാണ് നീ ആരുമായോ പ്രണയത്തിലാണ്….
വെള്ളാരം കണ്ണുകളുള്ള, തലാങ്ങ് മലഞ്ചെരിവിലേ ഇടയകന്യകയുടെ പ്രണയരക്തത്തില്‍ തീയായി പടര്‍ന്നിറങ്ങിയ സുന്ദരന്‍ എത്രപെട്ടെന്നാണ് തന്‍റെ മനസ്സ് വായിച്ചത്!
“ആരാണ് അയാള്‍ ചോട്ടി സഹിബാ?”
അവന്‍റെ പെട്ടെന്നുള്ള ചോദ്യം അവളുടെ കണ്ണുകളിലെ ഇന്ദ്രനീലവര്‍ണ്ണത്തെയിളക്കി.
“ജോയല്‍…”
അവള്‍ മന്ത്രിക്കുന്നത് പോലെ പറഞ്ഞു. അതി വിശുദ്ധമായ ഒരു വാക്ക് ഉച്ചരിക്കുന്നത് പോലെ.
“ജോയല്‍ ബെന്നറ്റ്…”
വീര്‍ ബഹാദൂര്‍ സിങ്ങിന്റെ കണ്ണുകളും വിടര്‍ന്നു. അവനവളെ സാകൂതം നോക്കി.
“ഹേ! ഭഗവാന്‍!”
പ്രാര്‍ഥനയുടെ ഒരു മന്ത്രണം അവനില്‍നിന്നും അവള്‍ കേട്ടു. അവന്‍ കണ്ണുകള്‍ പതിയെ അടച്ചു. തലാങ്ങിലെ ബുദ്ധിസ്റ്റ് മൊണാസ്ട്രിയില്‍ പുരോഹിതന്‍റെ ത്രിപിടക വാഹകനായി നിന്നിട്ടുണ്ട് അവന്‍. അതുകൊണ്ട് തന്നെ രഹസ്യാത്മകമായ മന്ത്ര സിദ്ധികളൊക്കെ ഇവന് വശമുണ്ട് എന്ന് അച്ഛന്‍ പറഞ്ഞിരുന്നു.
“എന്താ ഭയ്യാ?”
വീര്‍ ബഹാദൂര്‍ സിംഗ് കണ്ണുകള്‍ തുറന്നപ്പോള്‍ അവള്‍ ആകാംക്ഷയോടെ ചോദിച്ചു.
“ചോട്ടി സാഹിബാ…!”
അവന്‍റെ സ്വരത്തില്‍ പതര്‍ച്ചയുണ്ടോ? അവള്‍ സംശയിച്ചു.
“എന്താ? എന്താ പ്രാര്‍ഥിച്ചപ്പോള്‍ തോന്നിയത് ഭയ്യാ?”
“അത്…”
അവന്‍ ഒന്ന് പരുങ്ങി.
“എന്താണെങ്കിലും പറയൂ”
അവള്‍ വീണ്ടും ആവശ്യപ്പെട്ടു. തന്നെ കളിപ്പിക്കാന്‍ ശ്രമിക്കുകയാണ് അവനെന്നു അവള്‍ക്ക് തോന്നി. അങ്ങനെ ആകണേ ഈശ്വരാ! അവളുടേയും ഉള്ളുരുകി.
“കുറച്ച് കുഴപ്പങ്ങള്‍ സംഭവിക്കും എന്ന് തോന്നുന്നു ചോട്ടി സാഹിബാ…”
നെഞ്ചിലേക്ക് ഒരു തീഗോളം വന്ന് പതിക്കുന്നത് പോലെ അവള്‍ക്ക് തോന്നി.
“ഗായത്രി…”
മുകളില്‍ നിന്നും ആകാംക്ഷ നിറഞ്ഞ ശബ്ദത്തില്‍ സാവിത്രി മകളെ വിളിച്ചു.
“എന്താ മമ്മി?”
അവള്‍ മുകളിലേക്ക് നോക്കി.
“പെട്ടെന്ന് ഒന്ന് വന്നെ മോളെ! വേഗം!!”
അവള്‍ മുകളിലേക്ക് വേഗത്തില്‍ കയറിച്ചെന്നു.
സാവിത്രി ടെലിവിഷന്റെ മുമ്പിലാണ്.
ആജ് തക് ഹിന്ദി ന്യൂസ് ചാനലാണ്.