സൂര്യനെ പ്രണയിച്ചവൾ 13 [Smitha]

Posted by

“ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി റസിഡന്‍റ്റ് എഡിറ്റര്‍ ബെന്നറ്റ്‌ ഫ്രാങ്ക് ഡല്‍ഹി പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു….”

“നോ!!!”

ജോയല്‍ പരിസരം മറന്ന് അത്യുച്ചത്തില്‍ അലറി.
തന്‍റെ ഉള്ളു വിറച്ചു തരിക്കുന്നത് അവന്‍ വ്യക്തമായും അറിഞ്ഞു.
ദേഹം കുഴഞ്ഞ് അവന്‍ സമീപം കണ്ട ബഞ്ചിലേക്ക് ഇരുന്നു…
അപ്പോള്‍ ചുറ്റുമുള്ള പോലീസുകാര്‍ അവനെ പിടിച്ചു.

ഈശോയെ, എന്താണ് ഇപ്പോള്‍ കേട്ടത്?

അവരുടെ കണ്ണുകളും ടി വി സ്ക്രീനിലേക്ക് നീണ്ടു.

“പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ ബെന്നറ്റ്‌ ഫ്രാങ്ക് നിരോധിത ഭീകര സംഘടനയായ സി പി ഐ എം എല്‍ മാവോയിസ്റ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളാണെന്നു തെളിയിക്കുന്ന രേഖകള്‍ പോലീസിന് ലഭിച്ചിരിക്കുന്നു….”

തന്‍റെ നെഞ്ചിലേക്ക് തീഗോളങ്ങള്‍ പോലെയാണ് ഓരോ വാക്കും വന്ന് പതിക്കുന്നത് എന്ന് അവന് തോന്നി.

“അതിലേറെ ഗൌരവപൂര്‍ണ്ണമായ ഒരു വെളിപ്പെടുത്തല്‍ കൂടി സംഭവിച്ചിരിക്കുന്നു…”

ഗൌതം ബാജ്പേയിയുടെ ആവേശം അനുനിമിഷം വര്‍ദ്ധിക്കുകയാണ്.

“കുപ്രസിദ്ധ ചൈനീസ് ആയുധ മാഫിയയുടെ തലവന്‍ ഷുണ്യാനുമായി ബെന്നറ്റ്‌ ഫ്രാങ്ക് അടുത്ത് ഇടപഴകിയിരുന്നു എന്ന് സംശയകരമായി തെളിയിക്കുന്ന രേഖകളും പോലീസിന് കിട്ടിയിരിക്കുന്നു….”

ജോയലിന്റെ കണ്ണുകളില്‍ ഇരുട്ട് കയറി.

“ചോദ്യം ചെയ്യാന്‍ സ്റ്റേഷനിലേക്ക് വിളിപ്പിക്കവേ ബെന്നറ്റ്‌ ഫ്രാങ്ക് പോലീസ് സംഘത്തിനു നേരെ ചൈനീസ് നിര്‍മ്മിത തോക്ക് കൊണ്ട് വെടിയുതിര്‍ത്തു. പോലീസ് ആത്മരക്ഷാര്‍ത്ഥം തിരികെ വെടിവെച്ചു. സംഘട്ടനത്തില്‍ പോലീസ് സംഘത്തിലെ ഹവല്‍ദാര്‍ രവി സക്സേനയ്ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു….”
ഹൃദയം പൊടിഞ്ഞു തകരുന്നതും താന്‍ മരിക്കാന്‍ പോകുന്നത് പോലെയും ജോയലിന് തോന്നി.
പെട്ടെന്ന് അവന് ജെയിനെ കാണണമെന്ന് തോന്നി.
മമ്മാ…
അവന്‍ നിശബ്ദമായി കരഞ്ഞു.
ടിവിയില്‍ വാര്‍ത്തയുടെ വിശദാംശങ്ങള്‍ വര്‍ണ്ണനിറങ്ങളില്‍ നിറയുകയാണ്!

അപ്പോള്‍ പോലീസ് സ്റ്റേഷന്‍ കൊമ്പൌണ്ടിലേക്ക് ഒരു വാഹനം വന്ന് നിന്നു.
സ്റ്റേഷനകത്ത് നിന്ന ഉദ്യോഗസ്ഥര്‍ പുറത്തേക്ക് നോക്കി.
പോത്തന്‍ ജോസഫ് ആ വാഹനത്തില്‍ നിന്നും ചാടിയിറങ്ങുന്നത് ജോയല്‍ കണ്ടു.
പിന്നാലെ രണ്ടു ഹവല്‍ദാര്‍മ്മാരും.
അതില്‍ ഒരാളുടെ തോളില്‍ മുറിവ് കെട്ടിവെച്ചിരിക്കുന്നു.
അയാളുടെ തോളില്‍ രക്തം വാര്‍ന്നൊഴുകുന്നുണ്ട്.
ജോയല്‍ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു.
അല്‍പ്പം മുമ്പ് ക്ഷയിച്ച ശക്തി മുഴുവനും ഇരട്ടിയായി തിരിച്ചെത്തിയത് പോലെ അവന് തോന്നി.
അവന്‍ കൊമ്പൌണ്ടിലെക്ക്, വന്ന് നിര്‍ത്തിയ ജീപ്പിനടുത്തേക്ക് കുതിച്ചു.

“എടാ!!”

മുറിവേറ്റ സിംഹത്തിന്റെ ക്രൌര്യത്തോടെ, പോലീസുദ്യോഗസ്ഥരുടെ വലയം ഭേദിച്ച് ജോയല്‍ പോത്തന്‍ ജോസഫിന്‍റെ നേരെ ചാടി വീണു.

Leave a Reply

Your email address will not be published. Required fields are marked *