സൂര്യനെ പ്രണയിച്ചവൾ 13
Sooryane Pranayichaval Part 13 | Author : Smitha | Previous Parts
ടൂറിംഗ് ബസ്സ് തിരികെ കാമ്പസ്സില്‍ പ്രവേശിക്കുമ്പോള്‍ സമയം രാത്രി ഒന്‍പത്.
“ശ്യോ!”
ഗായത്രി നിരാശയോടെ ജോയലിനെ നോക്കി.
“എന്താ?”
അവന്‍ തിരക്കി.
“പെട്ടെന്ന് തീര്‍ന്നു…”
അവള്‍ പറഞ്ഞു.
“ഇനി ജോയലിന് പോകേണ്ടേ? എനിക്കും പോകേണ്ടേ?”
അവന്‍ പുഞ്ചിരിച്ചു.
“നമുക്ക് പോകണ്ട ജോ… നമുക്ക് …”
അവളുടെ മിഴികള്‍ നനയുന്നത് അവന്‍ കണ്ടു.
അവള്‍ക്ക് ചുറ്റും പ്രണയത്തിന്‍റെ എണ്ണമറ്റ കടും നിറങ്ങള്‍ കൂടിപ്പിണഞ്ഞ് രാക്കാറ്റിന്‍റെ താളമായി പരിണമിക്കുന്നു….
ചുറ്റും അത്യാഹ്ലാദത്തിന്‍റെ നിറ സമുദ്രമാണ്.
കുട്ടികളുടെ രൂപത്തില്‍.
അവിസ്മരണീയമായ ഒരു യാത്ര പൂര്‍ത്തിയാക്കിയതിന്റെ.
പക്ഷെ ഗായത്രിയ്ക്ക് എല്ലാം പൊടുന്നനെ നിശബ്ദമായത് പോലെ തോന്നി.
ഒരിടത്തും ശബ്ദത്തിന്‍റെ തന്മാത്രകള്‍ പോലും എനിക്ക് കണ്ടെത്താന്‍ പറ്റുന്നില്ല ജോയല്‍….
എന്‍റെ സ്നേഹരാഗം നീയല്ലേ ജോയല്‍…
എന്‍റെ കരളിനെ തൊടുന്ന സംഗീതമായിരുന്ന നീയിനി എന്‍റെ സമീപത്ത് നിന്നും പോവുകയല്ലേ?
എന്‍റെ സ്വപ്നങ്ങളിലിളകുന്ന കുളിര്‍നിറങ്ങള്‍ നീയല്ലേ?
ഒരു രജത പ്രവാഹം പോലെ നീയെന്നെപ്പൊതിയുമ്പോള്‍, എന്‍റെ ജോ, മറ്റെന്തെങ്കിലുമറിയുകയെന്നത് പാപമാണ് എനിക്ക്!
പ്രയാഗ് നികുന്‍ജിന്‍റെ താഴ്വാരത്തെ ഈ ക്യാമ്പസ്സില്‍ എല്ലാവരും ഇപ്പോള്‍ തീവ്രാഹ്ളാദത്തിന്‍റെ കുതിപ്പിലാണ്…
എനിക്ക് കഴിയില്ല…
നീ പോകുന്നു എന്ന യാഥാര്‍ത്ഥ്യം എന്‍റെ മുമ്പില്‍ ഇതാ ഇങ്ങനെ സംഭവിക്കുമ്പോള്‍….
കഴിയില്ല എനിക്ക്, ഒരു നിമിഷം പോലും നിന്നെപ്പിരിഞ്ഞ്….