“പോത്താ തെളിവ് അയാളുടെ മെയിലില്‍ ഉണ്ട് ….”
പദ്മനാഭന്‍ തമ്പി പറഞ്ഞു.
“അയാളുടെ മെയില്‍ ചെക്ക് ചെയ്‌താല്‍ നിങ്ങള്‍ക്ക് വേണ്ട തെളിവ് ലഭിക്കും…”
പോത്തന്‍ ജോസഫ് ഉച്ചത്തില്‍ ചിരിച്ചു.
പദ്മനാഭന്‍ തമ്പി അന്തം വിട്ട് പോത്തനെ നോക്കി.
“സാറേ…”
ചിരിക്കിടയില്‍ പോത്തന്‍ പറഞ്ഞു.
“സാറിനു ബെന്നറ്റ് സാറ് എന്നാ ഏനക്കേടാ വരുത്തിയെ? അയാടെ മെയിലില്‍ മലീഷ്യസ് സോഫ്റ്റ്‌വെയര്‍ ഒക്കെ പ്ലാന്‍റ് ചെയ്യാന്‍? അയാളെ അങ്ങനെ കുടുക്കാന്‍ സാര്‍ പ്ലാന്‍ ചെയ്യണമെങ്കില്‍ തക്ക കാരണം വേണല്ലോ…”
പദ്മനാഭന്‍ തമ്പി ഭയത്തോടെ പോത്തനേ നോക്കി.
“സാറ് എന്നെ ഇങ്ങനെ നോക്കുവോന്നും വേണ്ട!”
അയാള്‍ മന്ത്രിയോട് പറഞ്ഞു.
“പറഞ്ഞ പണി ഞാന്‍ വെടിപ്പായി ചെയ്യാം…ചുമ്മാതെയല്ലല്ലോ… ചെയ്യുന്ന പണീടെ കനത്തിനു പറ്റിയ തുട്ട് വാങ്ങിയിട്ടല്ലേ…പക്ഷെ…”
പോത്തന്‍ മുമ്പോട്ട് ഒന്നാഞ്ഞിരുന്നു.
“പക്ഷെ എനിക്ക് കാരണമറിയണം…ദ റിയല്‍, കണ്‍വിന്‍സിംഗ് റീസണ്‍…”
പദ്മനാഭന്‍ തമ്പിയുടെ മുഖം ക്ഷോഭം കൊണ്ട് ജ്വലിച്ചു.
“നെനക്ക് കാരണം അറിയണം അല്ലെ?”
അയാള്‍ ശബ്ദമുയര്‍ത്തി.
“പറയാം…കാരണം ഞാന്‍ പറയാം!”
അയാള്‍ എഴുന്നേറ്റു.
അയാളിത്രവേഗം ഭ്രാന്തമായ ചേഷ്ടകളോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത് എന്തിനെന്നു പോത്തന് മനസ്സിലായില്ല.
“നെനക്ക് മകളുണ്ടോ?”
“ഒണ്ട്…”
“അറിയാം എനിക്ക് നെനക്ക് മകള്‍ ഉണ്ടെന്ന്! ..ഇപ്പം പത്ത് വയസ്സല്ലേ പ്രായമുള്ളൂ…? ആറേഴു കൊല്ലം കഴിഞ്ഞ് കഞ്ഞീം വെള്ളോം കുടിക്കാന്‍ കെല്‍പ്പില്ലാത്ത ഒരുത്തന്‍ വന്ന് നിന്‍റെ മോളെ കണ്ണും കയ്യും കാണിച്ച് കൊളുത്തിയാ നീ എന്നാ ചെയ്യും?”
“കൊന്ന് കെട്ടിത്തൂക്കും!”
പോത്തന്‍ ഭീഷണമായ സ്വരത്തില്‍ പറഞ്ഞു.
“ആണല്ലോ! കൊന്ന്കെട്ടിത്തൂക്കൂല്ലോ! അല്ലെ? അതേ ഞാനും ചെയ്യുന്നുള്ളൂ…”
“എന്നുവെച്ചാല്‍ ഗായത്രിമോള്‍ക്ക്…?”