“ഇനിയിപ്പോള്‍ എന്ത് ചെയ്യും? അയാള് നാളെ മുതല്‍ സ്റ്റോറി പുറത്ത് വിടും. സീതാറാം ഗോയങ്കെയെ നേരിട്ട് ബന്ധപ്പെട്ടാല്‍….”
ഇന്ത്യന്‍ എക്സ്പ്രസ്സ് പ്രസിദ്ധീകരണങ്ങളുടെ ഉടമയാണ് സീതാറാം ഗോയങ്കെ.
“വിഡ്ഢിത്തം പറയല്ലേ?”
പത്മനാഭന്‍ തമ്പിയുടെ ശബ്ദമുയര്‍ന്നു.
ദില്ലിയില്‍ ശരത്ക്കാലം തുടങ്ങാന്‍ പോകുന്നു എന്നറിയിച്ചുകൊണ്ട് വയലറ്റ് നിറത്തിലുള്ള വാര്‍ബിളുകള്‍ ഗോപുരങ്ങളുടെ മുകള്‍പ്പരപ്പ് തേടി പറന്നുയരുന്നത് നോക്കി നിന്നു, പിന്നെ അയാള്‍, അല്‍പ്പ സമയം.
“അടിയന്തിരാവസ്ഥയില്‍ ദില്ലിപ്പോലീസ് എടുത്തിട്ട് ചവിട്ടിയിട്ടും കുനിയാത്ത തടിയാ അയാടെ. പൊലീസിന്‍റെ ബൂട്ട് വളഞ്ഞത് മിച്ചം. ഇനി ഗോയങ്ക സമ്മതിച്ചാല്‍ തന്നെ സ്റ്റോറി ബെന്നറ്റ് അയാള്‍ക്ക് സബ്മിറ്റ് ചെയ്യില്ല എന്ന് വിശ്വസിക്കാന്‍ വേണ്ടുവോളം കാരണമുണ്ട്. പുതിയ പ്രസ്സ് നിയമങ്ങള്‍ അയാള്‍ക്ക് ഫേവറബിള്‍ ആണ്…”
“അപ്പോള്‍ പിന്നെ…”
തോമസ് പാലക്കാടന്‍ നെറ്റിയില്‍ തടവി.
അപ്പോഴാണ് അയാളുടെ ഫോണിലേക്ക് വന്ന വാട്സ്ആപ്പ് മെസേജിന്റെ ടോണ്‍ ഇരുവരും കേട്ടത്.
പാലക്കാടന്‍ ഫോണെടുത്തു.
മെസേജ് തുറന്നു നോക്കിയാ അയാളൊന്നു ഞെട്ടി.
“എന്താടോ?”
അയാളുടെ മുഖഭാവം ശ്രദ്ധിച്ച് പത്മനാഭന്‍ തമ്പി ചോദിച്ചു.
“സാര്‍ അത്…”
അയാളുടെ മുഖം ചകിത ഭാവത്താല്‍ നിറഞ്ഞു.
“കാര്യം പറയെടോ!”
അയാളുടെ ശബ്ദം ക്രമാതീതമായി ഉയര്‍ന്നു.
“സാര്‍ നമ്മുടെ മോള്‍…”
“ങ്ങ്ഹേ?”
പത്മനാഭന്‍ തമ്പി ഇരിപ്പിടത്തില്‍ നിന്നും ചാടി എഴുന്നേറ്റു.
“എന്താ താന്‍ പറഞ്ഞെ? മോളോ? ഗായത്രിയോ? മോള്‍ക്കെന്താ പറ്റിയെ?”
തോമസ് ഭയന്ന് നില്‍ക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല.
അക്ഷമയോടെ, അതിലേറെ പരിഭ്രമത്തോടെ പത്മനാഭന്‍ തമ്പി മുമ്പോട്ടാഞ്ഞ് അയാളുടെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി.
മെസേജിലേക്ക് നോക്കി.
അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു.