സൂര്യനെ പ്രണയിച്ചവൾ 12
Sooryane Pranayichaval Part 12 | Author : Smitha | Previous Parts
“നീയെവിടുത്തെ മീഡിയേറ്റര്‍ കിങ്ങാ?”
നിയന്ത്രിക്കാനാവാത്ത കോപത്തോടെ പത്മനാഭന്‍ തമ്പി തോമസ് പാലക്കാടനോട് ചോദിച്ചു.
“ഏത് വിവരം കെട്ട പത്രക്കാരാടാ നിനക്ക് ആ പട്ടം ചാര്‍ത്തി തന്നത്?”
അയാളുടെ മുമ്പില്‍ തോമസ് പാലക്കാടന്‍ മുഖം കുനിച്ച് നിന്നു.
നോര്‍ത്ത് സി ബ്ലോക്കിലെ തന്‍റെ ഔദ്യോഗിക വസതിയിലാണ് തമ്പിയും വിശ്വസ്ത അനുചരന്‍ തോമസ് പാലക്കാടനും.
വസതിയ്ക്ക് മുമ്പിലെ ഉദ്യാനത്തിന് നടുവിലാണ് അവര്‍.
ഫോര്‍ട്ടീന്‍ സഫ്ദര്‍ജങ്ങ് റോഡില്‍ ഏറ്റവും തിരക്കുള്ള മന്ത്രി ഭവനമായിരുന്നു അതെങ്കിലും അന്ന് അയാള്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
വസതിക്കെതിരെ മുഹമ്മദ് ഷാ സയ്യിദിന്റെ ശവകുടീരം പച്ച മതില്‍പോലെ വളര്‍ന്നു നിന്ന അലങ്കാരപ്പുല്‍ മൈതാനത്തിനകത്ത് തലയെടുപ്പോടെ നിന്നു.
“നൂറു കോടി ഓഫര്‍ ചെയ്തിട്ടും വഴങ്ങാത്തവനോ?”
ആധുനിക റോമന്‍ വാസ്തുശില്‍പ്പശൈലിയില്‍, പശ്ചാത്തലത്തില്‍ വിവിധ ഷേഡുകളില്‍ ഓറഞ്ച് നിറത്തില്‍ ചെയ്ത മോഡേണ്‍ പെയിന്റിങ്ങിന്റെ മുമ്പില്‍ നിന്നു അസ്വസ്ഥതയോടെ എഴുന്നേറ്റു നിന്നുകൊണ്ട് പദ്മനാഭന്‍ തമ്പി ചോദിച്ചു.
അയാള്‍ക്ക് ഇതുവരെയും അവിശ്വാസമടക്കാനായിട്ടില്ല.
“ഏത് നാട്ടുകാരനാടാ അയാള്‍?”
ഗ്രേ നിറത്തിലുള്ള ലോഞ്ചില്‍, ഗ്ലാസ് കോഫീ ടേബിളിന്‍റെ മുകളിലിരുന്ന ബിസിനസ് ലൈന്‍ എടുത്ത് മറിച്ചുകൊണ്ട് അയാള്‍ ചോദിച്ചു.
“സാറിന്‍റെ നാട്ടുകാരനാ. പാലക്കാട്.”
പത്മനാഭന്‍ തമ്പി ഉറക്കെ ചിരിച്ചു.
“അത് കൊള്ളാം!”
ചിരിക്കിടയില്‍ അയാള്‍ പറഞ്ഞു.
‘നൂറു കോടി ഓഫര്‍ ചെയ്തത് പാലക്കാട്കാരന്‍. അത് വേണ്ടാന്ന് വെക്കുന്നത് മറ്റൊരു പാലക്കാട്‌കാരന്‍. മീഡിയേറ്റര്‍ ആയിപ്പോയത് കോട്ടയം കാരന്‍ തോമസ് പാലക്കാടന്‍!”
അയാള്‍ അല്‍പ്പ സമയം മൌനമവലംബിച്ചു.
“സാര്‍…”
നിമിഷങ്ങള്‍ കഴിഞ്ഞുപോകവേ തോമസ് പാലക്കാടന്‍ വിളിച്ചു.