“നല്ല രസവാരുന്നു അന്നത്തെ നിന്‍റെ മലയാളം. നിഷേ നീയെവിടെയാ എന്ന്‍ ചോദിച്ചാല്‍ നല്ല ശുദ്ധ മലയാളത്തില്‍ ഞാന്‍ ഹാളില്‍ നില്‍ക്കുന്നു എന്ന്‍ പറയും. എന്ത് ചെയ്യുവാ എന്ന്‍ ചോദിച്ചാല്‍ ഞാന്‍ ടീ വി നോക്കുന്നു എന്ന്‍ പറയും…”
“നിന്‍റെ ഹിന്ദിയെക്കാള്‍ നല്ലതാരുന്നു എന്‍റെ മലയാളം,”
നിഷ തിരിച്ചടിച്ചു.
“വീട്ടില്‍ അന്ന്‍ ഡിഷ് വാഷ് ചെയ്യാന്‍ വരുന്ന കൊച്ച് പെണ്ണിനോട് ആപ് കഹാ രഹഥീ ഹും എന്ന്‍ ചോദിക്കും. നൈബര്‍ ആയ കമ്മീഷണര്‍ സാറിനോട് തൂ കൈസാ ഹും എന്ന്‍ ചോദിച്ക്കും. എല്ലാത്തിനും ഹും എന്നെ പറയൂ…”
മുറിയില്‍ ഉച്ചത്തില്‍ ചിരിയലകളുതിര്‍ന്നു.
പാര്‍ട്ടിക്കിടയില്‍ എന്തോ ഓര്‍ത്ത് റഫീഖ് പെട്ടെന്ന് പറഞ്ഞു.
“എന്‍റെ ഇവുടുത്തെ സ്റ്റോറി ഏകദേശം കമ്പ്ലീറ്റ് ആയി. അടുത്ത അസൈന്മെന്റ് ലണ്ടനില്‍ ആണ്…”
എല്ലാവരുടെയും മുഖത്ത് മ്ലാനത പരന്നു.
“സാര്‍,”
മിനി ചോദിച്ചു.
“കമ്പ്ലീറ്റ് ആയി എന്ന്‍ പറഞ്ഞാല്‍? ഇനി എത്ര ദിവസംകൂടി?”
“മാക്സിമം രണ്ട് ദിവസം,”
“അപ്പോള്‍….”
ഷെല്ലി സംശയിച്ചു.
“അന്വേഷിച്ചതൊക്കെ കിട്ടിയോ?”
“ഏകദേശം….”
റഫീഖ് പുഞ്ചിരിച്ചു.
“അപ്പോള്‍ അടുത്ത ദിവസങ്ങളില്‍ ആരൊക്കെയോ അകത്താവാന്‍ പോകുന്നു…”
ഷാരോണ്‍ പറഞ്ഞു.
“അറിയില്ല..ചിലപ്പോള്‍,”
അയാള്‍ മിനിയുടെ മുഖത്തേക്ക് നോക്കി.
“ഐ ജസ്റ്റ് ഇന്‍വെസ്റ്റിഗേറ്റ് ആന്‍ഡ് റിപ്പോര്‍ട്ട്…ബാക്കിയൊക്കെ…”
“ലണ്ടനില്‍ എന്താടാ അസൈന്മെന്റ്?”
നന്ദകുമാറാണ് ചോദിച്ചത്.
റഫീഖ് ചുറ്റും നോക്കി. വേറെ ആരുമില്ല. സംഗീതയും മറ്റുള്ളവരും മറ്റത്യാവശ്യങ്ങള്‍ കാരണം അല്‍പ്പം മുമ്പ് പോയതേയുള്ളൂ. ഇപ്പോള്‍ മുറിയില്‍ എബിയും സെലിനും നന്ദകുമാറും ഷാരോണും മിനിയും ഷെല്ലിയും നിഷയും റഫീഖുമേയുള്ളൂ.
“അടുത്തത് ഒരു വമ്പന്‍ സ്രാവിന്‍റെ പിന്നാലെയാണ്,”
റഫീഖ് പറഞ്ഞു.