ശിശിര പുഷ്പ്പം 18 [ smitha ]

Posted by

“അതിന് ഇത്രേം വളഞ്ഞ് മൂക്കേ പിടിക്കണ്ട ആവശ്യം ഒണ്ടാരുന്നോ?”
ഷെല്ലി റഫീഖിനോട് ചോദിച്ചു.
“ഷാരോണ്‍ നമ്മുടെ കൂടെ ഉള്ളപ്പോള്‍?”
“വളഞ്ഞ് മൂക്കേ പിടിക്കണ്ട എന്ന്‍ വെച്ചാ എന്താ?”
മിനി ആരും കേള്‍ക്കാതെ ഷെല്ലിയോട് ചോദിച്ചു.
“എന്ന്‍ വെച്ചാ കഷ്ടപ്പെടുക,”
ഷെല്ലി പറഞ്ഞു.
ഷെല്ലി,”
അത് കേട്ട് ഷാരോണ്‍ പറഞ്ഞു.
“നീയാദ്യം മിനിക്ക് ഒരു മലയാളം ട്യൂട്ടറെ ഏര്‍പ്പാടാക്ക്. അല്ലെങ്കി മിനി ഷെല്ലിയ്ക്ക് ഒരു ഹിന്ദി -തെലുങ്ക് ട്യൂട്ടറെയായാലും മതി… ”
എല്ലാവരും ചിരിച്ചു.
“പിന്നേ,”
മിനി പ്രതിഷേധിച്ചു.
“എനിക്ക് മലയാളമൊക്കെയറിയാം,”
അവള്‍ പറഞ്ഞു.
“ഇങ്ങനത്തെ മലയാളം ആണ് പ്രശ്നം . വളഞ്ഞ് മൂക്കേല്‍ പിടിക്കുക. തേടിയ വള്ളി കാലില്‍ ചുറ്റുക. അത് പോലത്തെ. അല്ല, എന്താ ഈ തേടിയ വള്ളി കാലില്‍ ചുറ്റുക എന്ന്‍ പറഞ്ഞാല്‍?”
“അത് മോളൂ,”
നിഷ വിശദീകരിച്ചു.
“നമ്മള്‍ ഏതെങ്കിലും ഒരു വള്ളി അന്വേഷിക്കുവാണ് എന്നിരിക്കട്ടെ….”
“എന്തിനാ നമ്മള്‍ വള്ളി അന്വേഷിക്കുന്നെ?”
മിനി ചോദിച്ചു.
“അതിപ്പം നമ്മള്‍ ഇടുന്ന സാന്‍ഡല്‍സില്ലേ, ചെരിപ്പ്? അതിന്‍റെ വള്ളി പോട്ടിപ്പോയി. അല്ലെങ്കില്‍ പശുവിനെ കെട്ടുന്ന വള്ളിയില്ലേ…?”
“പശുവിനെ വള്ളിയിലാണോ കെട്ടുന്നേ?”
റഫീക്ക് ചോദിച്ചു.
“ഫസ്റ്റ്‌ പാര്‍ട്ടിയാ മിനിയെ മലയാളം പഠിപ്പിക്കുന്നെ!”
“പിന്നെ പശുവിനെ എങ്ങനെയാ കെട്ടുന്നേ?”
നിഷ ദേഷ്യം വരുത്തി റഫീഖിനോട് ചോദിച്ചു.
“എടീ പോത്തേ, പശൂനെ കെട്ടുന്ന കയറുകൊണ്ടാ,”
“കയറും വള്ളീം ഒന്നല്ലേ?”
നിഷ ചോദിച്ചു.
“പണ്ട് എന്നോട് പശു കടിക്കുമോ എന്ന്‍ ചോദിച്ച ആളാ,”
റഫീഖ് പറഞ്ഞു.
“പണ്ട് ഒരു വില്ലേജില്‍ പോയപ്പം. നീണ്ട കൊമ്പുള്ള ഒരു കാള നിക്കുന്നത് കണ്ട്‌ ഇവള്‍ പേടിച്ചു. എന്നിട്ട് എന്നോട് ചോദിച്ചു. റഫീഖെ റഫീഖേ ആ പശു നമ്മളെ കടിക്കുവോ?”
“പിന്നെ…”
മറ്റുള്ളവരുടെ ചിരിക്കിടയില്‍ സ്വയം ചിരിച്ചുകൊണ്ട് നിഷ റഫീഖിന്‍റെ നേരെ കൈയുയര്‍ത്തി.
“അന്ന്‍ എനിക്ക് അത്രയും മലയാളമേ അറിയുമായിരുന്നുള്ളൂ…”
“അതേയതേ…”
റഫീഖ് ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *