ചരിഞ്ഞു കിടക്കുമ്പോൾ ഇടുപ്പിന് എന്തൊരു ഭംഗിയാണ്!
അയാൾ ഓർത്തു.
സാവധാനം സിദ്ധാർത്ഥ് അവളെ സമീപിച്ചു.
കിടക്കയിൽ ഇരുന്നു.
അവളുടെ തലമുടിയിൽ തഴുകി.
അപ്പോൾ താമരയിതളിലേക്ക് വീഴുന്ന പാൽത്തുള്ളിപോലെ അവൾഒന്നുലഞ്ഞു. അവളുടെ ചുണ്ടുകൾ ഒന്ന് വിടർന്ന് മലർന്നു.
പരിമളത്തിന്റെ സാമീപ്യമറിഞ്ഞ ചിത്ര ശലഭത്തെപ്പോലെ അവൾ സാവധാനം കണ്ണുകൾ തുറന്നു.
വിടർന്നു നീണ്ട, മയങ്ങുന്ന അവളുടെ കണ്ണുകളിലേക്ക് അയാൾ സാകൂതം നോക്കി.
“എപ്പോൾ വന്നു…?”
മലർന്ന് കിടന്ന് കൊണ്ട് പർവീൺ ചോദിച്ചു.
അതിനുത്തരം പറയാതെ അയാൾ അവളെ തന്നെ നോക്കിയിരുന്നു.
അവൾ പുഞ്ചിരിച്ചു.
“ബാല്യത്തിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഒരു സൈക്കിൾ ആയിരുന്നു,”
പഴയ ഒരു ഓർമ്മയിൽ മുഴുകി അവൾ പറഞ്ഞു.
“ആവശ്യമറിയിച്ച അതേ ദിവസം തന്നെ അബ്ബൂ അതെനിക്ക് വാങ്ങി തന്നു. കോളേജിൽ ചേർന്ന ദിവസം ഞാൻ അബ്ബൂവിനോട് പറഞ്ഞു, എനിക്കൊരു മോട്ടോർ ബൈക്ക് വേണം…അതും എന്റെ കൈയിൽ വരാൻ അധിക ദിവസമെടുത്തില്ല….ഏതൊരാഗ്രഹവും അന്നൊക്കെ പെട്ടെന്ന് സാധിക്കപ്പെടുമായിരുന്നു….ഇപ്പോൾ എനിക്കൊരു ആഗ്രഹമുണ്ട്….പറയട്ടെ എന്താണ് എന്ന്?”
പറയൂ എന്ന അർത്ഥത്തിൽ അയാൾ അവളെ നോക്കി.
“എന്റെയീ കാവൽ മാലാഖയുടെ മുഖത്ത് എനിക്ക് ഒരു പുഞ്ചിരി കാണണം…ഖബറിലേക്ക് എടുക്കുന്നതിന് മുമ്പ് ….”
അവൾ അത് പറഞ്ഞു നിർത്തിയതും അയാൾ അവളുടെ കവിളിൽ പതിയെ അടിച്ചു.
“ആ വാക്കിപ്പോൾ നീ ഈയിടെയായി കൂടെക്കൂടെ പറയുന്നു…”
സ്വതേയുള്ള പരുക്കൻ ശബ്ദത്തിൽ സിദ്ധാർത്ഥ് പറഞ്ഞു.
“ഒന്ന് പുഞ്ചിരിക്ക്….എന്നാൽ ഞാനിനി അത് പറയില്ല,”
അവൾ അയാളുടെ കയ്യിൽ പിടിച്ചു.