“ഷാഹീ…”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ സിദ്ധാർത്ഥ് ഷഹാനയുടെ തോളിൽ അമർത്തി.
“കരയല്ലേ…”
അർമീനയുടെ വീട്ടിൽ നിന്ന് അവളുടെ റെഡ് അറ്റലസ് ഹോണ്ടയിൽ യാത്ര തുടങ്ങിക്കഴിഞ്ഞ് ദേഷ്യത്താൽ പല്ലിറുമ്മിയ ഷഹാനയോട് താൻ പറഞ്ഞ കാര്യങ്ങളൊന്നൊഴിയാതെ സിദ്ധാർത്ഥ് വീണ്ടും ഓർത്തു.
“ഫൈസൽ …എങ്ങനെ തോന്നി അയാൾക്ക്? സിദ്ധു അതനുവദിക്കാൻ പാടില്ലായിരുന്നു…”
അപ്പോഴാണ് കാറിന്റെ ഡിക്കിയിൽ നിന്ന് ശബ്ദങ്ങൾ കേൾക്കാൻ തുടങ്ങിയത്.
“എന്താ സിദ്ധു …? എന്താ ആ ശബ്ദം?”
മറുപടി പറയുന്നതിന് പകരം അയാൾ അവളെ നോക്കി.
“സിദ്ധു കേൾക്കുന്നില്ലേ? ഡിക്കിയിൽ നിന്ന് മുട്ടുകയും തട്ടുകയും ചെയ്യുന്ന ശബ്ദം?”
അവൾ ചോദിച്ചു.
“കേൾക്കുന്നുണ്ട്,”
ഡ്രൈവ് ചെയ്യുന്നതിനിടയിൽ അയാൾ പറഞ്ഞു.
“അത് ആരുണ്ടാക്കുന്ന ശബ്ദമാണ് എന്നും എനിക്കറിയാം,”
ഷഹാന ഒന്നും മനസ്സിലാകാതെ സിദ്ധാർത്ഥിനെ നോക്കി.
“സിദ്ധു!!”
അവൾ അവിശ്വസനീയതയോടെ അവന്റെ തോളിൽ പിടിച്ചു.
“ആരാ അതിനുള്ളിൽ? ദാവൂദ് ആണോ?”
സിദ്ധാർത്ഥ് മിണ്ടിയില്ല.
“മറ്റാരാണ് ഷഹീ?”
“അപ്പോൾ…!! അപ്പോൾ ഫൈസൽ …ഫൈസൽ അവനെ കൊണ്ടുപോയില്ലേ?”
“ഫൈസൽ അവനെ കൊണ്ടുപോയെങ്കിൽ പിന്നെ ദാവൂദ് ഇതിനകത്ത് എങ്ങനെ വരും?”
സിദ്ധാർത്ഥ് ചോദിച്ചു.
“അപ്പോൾ നിങ്ങൾ മാറി നിന്ന് സംസാരിച്ചതൊക്കെ?”
സിദ്ധാർത്ഥ് പുഞ്ചിരിക്കാൻ ശ്രമിച്ചു. വേദന വന്ന് പക്ഷെ പുഞ്ചിരിയെ മറയ്ക്കുന്നത് ഷഹാന കണ്ടു.
സിദ്ധാർത്ഥ് ആ രംഗം വീണ്ടും ഓർമ്മിച്ചു.നിറകണ്ണുകളോടെ.