അദ്ദേഹം ഇരിപ്പിടത്തിലേക്ക് ചാഞ്ഞു.
“നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ?”
“സാർ…”
സൊഹൈൽ ഖാൻ പട്ടൗഡിയുടെ നേരെ ഒന്ന് നോക്കിയതിന് ശേഷം ഗൗതം പറഞ്ഞു.
“ആ മൂന്ന് ഏജൻസും രാജ്യത്തിന്റെ പേരോ റോയുടെ പേരോ വലിച്ചിഴക്കില്ല…”
“എന്താണുറപ്പ്?”
“അവരുടെ റെക്കോഡ് അങ്ങനെയാണ് സാർ,”
പ്രധാനമന്ത്രി പട്ടൗഡിയെ നോക്കി.
“അർജ്ജുൻ റെഡ്ഢി ചൈനയുടെ എം എസ് എസിന്റെ പിടിയിലായതാണ്. ഒരു മാസമാണ് അയാൾ അവരുടെ ടോർച്ചർ ക്യാമ്പിൽ കിടന്നത്. അന്ന് നമ്മുടെ ഏജന്റ്റ് സൗത്ത് സീയിലെ ദ്വീപിൽ നിന്ന് രക്ഷപ്പെടുത്തുന്നത് വരെ അവൻ വാ തുറന്നിട്ടില്ല…”
ഗൗതം പട്ടോഡിയെ രൂക്ഷമായി നോക്കി.
“പിന്നെ ഷഹാന,”
അദ്ദേഹത്തിന്റെ ദൃഷ്ടികൾ വീണ്ടും പ്രധാനമന്ത്രിയിൽ പതിഞ്ഞു.
“മിസ്റ്റർ പട്ടൗഡിക്കറിയാമോ എന്നറിയില്ല പതിനാലു ദിവസം താലിബാന്റെ തടവറയിൽ കിടന്ന് നരകിച്ചവളാണ്. എത്ര തവണ അവൾ രാജ്യത്തെ ഒറ്റിക്കൊടുത്തു?”
പട്ടൗഡി ഒന്നും പറയാതെ അദ്ദേഹത്തെ നോക്കി.
“പിടിക്കപ്പെട്ടില്ല ഒരിക്കലും ഫൈസൽ ഗുർഫാൻ…”
ഗൗതം ഭാസ്‌ക്കർ തുടർന്നു.
“പക്ഷെ ഫൈസലിന്റെ ഇതുവരെയുള്ള ട്രാക്ക് റിക്കോഡ് മാത്രം മതി അയാളുടെ ലോയൽറ്റി അളക്കാൻ…”
എന്നിട്ടും പ്രധാനമന്ത്രിയുടെ മുഖം പ്രസന്നമായില്ല.
“ആരാണ് ആ നാലാമൻ..? പാക്കിസ്ഥാൻ മീഡിയയുടെ റിപ്പോർട്ട് പ്രകാരം ഫൈസലിനോളം തന്നെ പ്രാധാന്യമുണ്ട് അയാൾക്കും,”
“സാർ ക്ഷമിക്കണം,”