പട്ടൗഡി തുടർന്ന് പറഞ്ഞു.
“നിങ്ങൾ റിങ് റോഡിനെ കണക്റ്റ് ചെയ്യുന്ന പാലത്തിന്റെ പില്ലറിനടുത്ത് നിന്നാൽ മതി…”
“എന്നിട്ട്?”
“അപ്പോൾ അവിടെ പോലീസ് ഇല്ലെങ്കിൽ നിങ്ങൾ അവരോട് കറാച്ചി ഡോക്കിലേക്ക് വരാൻ പറയണം. പോലീസ് ഉണ്ടെങ്കിൽ, പോലീസ് അവരെ കണ്ടാൽ…”
“കണ്ടാൽ?”
“കണ്ടാൽ…”
പട്ടൗഡി ഒന്ന് നിർത്തി.
“കണ്ടാൽ തട്ടിക്കളഞ്ഞേരെ!”
****************************************
അൽപ്പ നേരം കഴിഞ്ഞപ്പോൾ ഫൈസലിന്റെ മൊബൈൽ വീണ്ടും ശബ്ദിച്ചു.
റോയുടെ ഡെപ്യൂട്ടി ചീഫ് സൊഹെയ്ൽ ഖാൻ പട്ടൗഡിയായിരുന്നു.
“വസീം കോട്ടാവാലയുടെ ഫ്‌ളവർ ഷോപ്പിലേക്ക് ഉടനെ പോവുക. നിങ്ങൾക്ക് പാക്കിസ്ഥാനിൽ നിന്ന് പുറത്ത് കടക്കാനുള്ളതൊക്കെ അറേഞ്ച് ചെയ്തിട്ടുണ്ട്…”
ഫൈസൽ ആ വിവരം മറ്റുള്ളവരെ അറിയിച്ചു.
“എനിക്ക് പർവീണിനെ ഒന്ന് കാണണം… “
സിദ്ധാർത്ഥ് ഫൈസലിനോട് പറഞ്ഞു.
“എന്റെ കാര്യത്തിൽ നിങ്ങൾ ഒരു ടെൻഷനുമടിക്കണ്ട. ഇന്ത്യൻ ഗവണ്മെന്റ്റിന്റെയോ റോയുടെയോ രേഖകളിലൊന്നും എന്റെ പേരില്ലല്ലോ…എന്നെക്കുറിച്ച് ഐ എസ് ഐക്കോ ഇവിടുത്തെ മറ്റ് ഏജന്സികൾക്കോ ഒരറിവുമില്ല…ഞാൻ കറാച്ചി വിട്ടോളം…”
സിദ്ധാർത്ഥ് അർജ്ജുനെ നോക്കി.
“അർജ്ജുന് എന്റെയൊപ്പം വരണമെന്നുണ്ടോ?”
അർജ്ജുൻ ഫൈസലിനെയും ഷഹാനയെയും നോക്കി.
“സാർ..”
അർജ്ജുൻ ഫൈസലിനെ വിളിച്ചു.
“ഞാൻ സിദ്ധുവിന്റെ കൂടെ പോകാം…എനിക്ക് തോന്നുന്നു നമ്മൾ ഒരുമിച്ച് സഞ്ചരിക്കുന്നതിൽ ഭേദം വേറെ വേറെ പോകുന്നതാണ് എന്ന്…”
ഫൈസലും ഷഹാനയുമത് ശരിവെച്ചു.
“അങ്ങനെ ചെയ്യാം,”