അവന്‍റെ വാത്സല്യത്തോടെയുള്ള വിളിയില്‍ അവരുടെ അസന്തുഷ്ടിയും പരിഭവവുമെല്ലാം അലിഞ്ഞുപോയി. അല്‍പ്പം ലജ്ജയോടെ, വിടര്‍ന്ന പുഞ്ചിരിയോടെ അവര്‍ മകനെ നോക്കി.
“ചെലപ്പം അവിടെ പോലീസ്കാരൊക്കെ കാണും കേട്ടോ മമ്മി…”
അല്‍പ്പം കഴിഞ്ഞ് ജെയിംസ് പറഞ്ഞു.
“പോലീസുകാരോ?”
ലിസ്സി ചോദിച്ചു.
“അത് ഇന്നലെ രാത്രി അവിടുന്ന്‍ ഒരു കൊച്ചിന്റെ ബോഡി കിട്ടി. കൊച്ചെന്നു പറഞ്ഞാ ഒരു പത്ത് വയസ്സിനടുത്ത് ഏജ് ഉണ്ട്!”
“ഈശോയെ!”
ലിസ്സി മന്ത്രിച്ചു.
“എന്നതൊക്കെയാ ഈ കേക്കുന്നെ ജെയിംസേ?”
“ഇതൊക്കെ ഇപ്പം വല്ല്യ ന്യൂസാണോ മമ്മി?”
നിസ്സഹായതയോടെ അവന്‍ പറഞ്ഞു.
“അതുകൊണ്ട് ചെലപ്പം ആ സ്പ്പോട്ടില്‍ പത്രക്കാരോ പോലീസോ ഒക്കെ ഉണ്ടാകും…” നാലഞ്ചു മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ കാര്‍ മാനാഞ്ചിറ സ്ക്വയറിന്‍ന്‍റെ മുമ്പില്‍ കാര്‍ എത്തി. ഗേറ്റിനു വെളിയില്‍, പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിര്‍ത്തി അവര്‍ ഇരുവരും പുറത്ത് കടന്നു. ജെയിംസ് അങ്ങനെ പറഞ്ഞെങ്കിലും വിശാലമായ മാനാഞ്ചിറ പാര്‍ക്കില്‍ പോലീസുകാരോന്നും ഉണ്ടായിരുന്നില്ല. എങ്കിലും സെല്ലുലോയിഡ് കൊണ്ട് മാര്‍ക്ക് ചെയ്ത റീസ്ട്രിക്ക്റ്റഡ് ഏരിയയില്‍ ഏതാനും മാധ്യമ പ്രവര്‍ത്തകര്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
“അടുത്ത് പോയി കാണണോ മമ്മി?”
അവന്‍ ചോദിച്ചു.
“ഹ്മം…!”
അവര്‍ മൂളി. ജെയിംസ് ലിസ്സിയെയും കൊണ്ട് പാര്‍ക്കിന്‍റെ കിഴക്കേ മൂലയിലേക്ക് പോയി. അവിടെയാണ് ആ ഇടം മാര്‍ക്ക് ചെയ്തിരിക്കുന്നത്. സെല്ലുലോയ്ഡ് വലയത്തിനടുത്ത് കുട്ടി കിടന്നയിടം കറുത്ത നിറത്തില്‍ മാര്‍ക്ക് ചെയ്തിരുന്നു. അതിന് ചുറ്റും കുങ്കുമപ്പൊടികൊണ്ടുണ്ടാക്കിയ ഒരു വൃത്തം. സമീപത്ത് കുറെ ചെമ്പരത്തിപ്പൂക്കള്‍. ചിതറിക്കിടക്കുന്ന, ഉണങ്ങിപ്പിടിച്ച രക്തക്കറ.
“മതി, വാ മമ്മി,”
അല്‍പ്പം കഴിഞ്ഞ് ജെയിംസ് ലിസ്സിയോട് പറഞ്ഞു. പാര്‍ക്കില്‍ എന്നത്തേയും പോലെ ആളുകള്‍ ഒന്നുമുണ്ടായിരുന്നില്ല. വീനസ് മൌണ്ടന്‍റെ മുമ്പില്‍, കോണ്ക്രീറ്റ് ബെഞ്ചില്‍ അവരടുത്തടുത്ത് ഇരുന്നു.
“അമേസിംഗ്!”
ചുറ്റും കണ്ണോടിച്ചുകൊണ്ട് ലിസ്സി പറഞ്ഞു.
“ശരിയാ…”
ജെയിംസ് അമ്മയുടെ അഭിപ്രായത്തെ ശരിവെച്ചു.
“പാര്‍ക്കിന് ഒന്നുകൂടെ ഫേസ് ലിഫ്റ്റ് കൊടുത്തിട്ടുണ്ട്. ബ്യൂട്ടിഫുള്‍!”
അപ്പോഴാണ് ലിസ്സിയുടെ മൊബൈല്‍ റിങ്ങ് ചെയ്തത്. സ്ക്രീനിലേക്ക് ഒന്ന് നോക്കി അവര്‍ ഫോണ്‍ കാതോടു ചേര്‍ത്തു.
“നമസ്ക്കാര്‍ മോഹന്‍ ജി…”
ലിസ്സി ഹിന്ദിയില്‍ സംസാരിച്ചു.
“നഹി…ഇസ്സ് സപ്തെ ഹം നഹി ആയെങ്കെ…ജെയിംസ് കെ പപ്പാ ആയേഗാ അഗലേ മഹീനേ….”