“നാളെ കഴിഞ്ഞാണ് ഒഫീഷ്യൽ ആയി ഡിക്ലയർ ചെയ്യുക എന്നറിയാമല്ലോ,”
“അറിയാം സാർ,”
“ശ്രീരാഗിന്റെ വരവിന് ശേഷമാണ് കമ്പനിയ്ക്ക് ഇത്രമാത്രം ഇന്റര്നാഷനലി ഒരു പൊട്ടൻഷ്യൽ ഒക്കെ ഉണ്ടാവുന്നത്…”
അദ്ദേഹം പറഞ്ഞു. ശ്രീരാഗിന്റെ മുഖം അഭിമാനത്താൽ ചുവന്നു.
“വെറും നാല് വർഷം …”
അത് ശ്രദ്ധിക്കാതെ അദ്ദേഹം തുടർന്നു.
“വെറും നാല് വർഷം കൊണ്ട് നിങ്ങളുടെ ഹാർഡ് വർക്ക് ഒന്നുകൊണ്ട് മാത്രം …യെസ് …അതൊന്നുകൊണ്ട് മാത്രം ഇനിയൊരു പത്തുവർഷത്തേക്ക് ..യെസ് ..മിനിമം ഒരു പതുവർഷത്തേക്ക് കമ്പനിയുടെ മാർക്കറ്റും ക്യാപിറ്റലും ഒക്കെ റോബസ്റ്റ് ആൻഡ് സേഫ് ആണ്…”
ശ്രീരാഗിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു.
“കമ്പനിയുടെ തുടക്കം മുതൽ കൂടിയ ആരും തന്നെ നിങ്ങളുടെ ഈ വർക്കഹോളിക് ആറ്റിറ്റ്യൂഡ് ഷെയർ ചെയ്യുന്നില്ല ….ആഷിക്കോ …ദേവനോ ജോർജ്ജോ ആരും…”
ശ്രീരാഗിന്റെ മുഖം ആകാംക്ഷയോടെ വിടർന്നു.
“കാര്യം ഞാൻ പേരിനൊരു ചെയർമാനായിരിക്കാം…പക്ഷേ കമ്പനിയുടെ എം ഡി മാത്യു അതാത് ദിവസം എനിക്ക് തരുന്ന ബ്രീഫ് റിപ്പോർട് വായിച്ചു നോക്കലല്ല എന്റെ പണി….”
“അതുകൊണ്ടാണ്…അതുകൊണ്ട് മാത്രമാണ് ഞാൻ നിങ്ങളുടെ പേര് വി പിയുടെ സ്ഥാനത്തേക്ക് നിർദ്ദേശിച്ചത് മാത്യുവിനോട്…”
ശ്രീരാഗിന്റെ മുഖം അദ്‌ഭുതത്താൽ വിടർന്നു.
അയാൾക്ക് ഒന്നും മനസ്സിലായില്ല.
“എന്താ ഒരു കൺഫ്യൂഷൻ?”
അയാളുടെ മുഖത്തെ ഭാവം കണ്ട് വർഗ്ഗീസ് കോശി ചോദിച്ചു.
“സാർ അപ്പോൾ …അപ്പോൾ ജോർജ്ജ്…”
“ജോർജ്ജ്?”
“അതേ …ജോർജ്ജിന്റെയും എന്റെയും പേരുകളാണല്ലോ ലിസ്റ്റിൽ?”
“എന്തിനുള്ള ലിസ്റ്റിൽ?”
“വി പി…”
വർഗീസ് കോശി ഉച്ചത്തിൽ ചിരിച്ചു. ചിരിയുടെ ശബ്ദം ഓരോ നിമിഷവും ഉച്ചത്തിലായി. അവസാനം ഭ്രാന്ത് കയറിയ ശബ്ദത്തിൽ ചിരിയൊച്ച ആ മാൻഷൻ മുഴുവൻ മുഴങ്ങി.