“ആന്റി —”
“അദ്യം ഞാൻ പറയാം, അതുകഴിഞ്ഞ് നിനക്ക് പറയാനുള്ളത് ഞാൻ കേൾക്കാം.”
ഞാൻ തലയാട്ടി.
“നിങ്ങളുടെ പ്രായം കഴിഞ്ഞാണ് ഞാനും വന്നത്. കുഞ്ഞ് തൊട്ടേ നിങ്ങൾ രണ്ടിനെയും ഞാൻ തന്നെയാ വളര്‍ത്തിയത്….. ഒരു അമ്മയായ എന്റെ ചിന്ത, ബുദ്ധി, സത്യമായ കാഴ്ചപ്പാടില്‍ നിന്നും നിങ്ങള്‍ക്ക് ഒരിക്കലും ഒന്നും എന്നില്‍ നിന്നും ഒളിപ്പിക്കാന്‍ കഴിയില്ല….., അവള്‍ വല്യ കുട്ടിയായി മാറിയ ആ വര്‍ഷം മുതലാണ് ഇസക്ക് നിന്നോടുള്ള സ്നേഹത്തില്‍ മാറ്റം സംഭവിച്ചത് ഞാൻ അറിഞ്ഞത്.”
ഇസ വല്യ കുട്ടിയായത്, അതായത് അവളുടെ പീരീഡ് തുടങ്ങിയ ആ വര്‍ഷം തൊട്ട് സ്നേഹത്തില്‍ എന്ത് മാറ്റം സംഭവിച്ചു എന്നാ ആന്റി പറഞ്ഞ് വരുന്നത്? ഞാൻ ആലോചിച്ചു.
ആന്റി തുടർന്നു, “നിന്നെ ഭർത്താവായി കിട്ടണം എന്ന ആഗ്രഹവും കൊണ്ടാണ് അവള്‍ നടന്നതും നിന്നെ സ്നേഹിച്ചതും. നീ വളരെ ചെറുപ്പം മുതലേ ഇസയെ നിന്റെ പ്രാണനായി മനസില്‍ കൊണ്ട് നടക്കുന്നതും എനിക്കറിയാം.”
ഞാൻ പേടിയോടെ ആന്റിയെ നോക്കി.
“വെറും മൂന്നാല് ദിവസം നിങ്ങൾ പിണങ്ങി ഇരുന്നപ്പഴെ ഈ വീട് രണ്ടായി പിളര്‍ന്നു….., എന്റെ തല രണ്ടായി പിളര്‍ന്നു…., നിങ്ങൾ രണ്ടും ചേര്‍ന്ന് എന്നെ കൊല്ലാക്കൊല ചെയ്തു…..” നെറ്റി തിരുമ്മി കൊണ്ട് ആന്റി എന്നെ തുറിച്ച് നോക്കി.
കുറ്റബോധത്തോടെ ഞാൻ തല താഴ്ത്തി.
“അപ്പോ പിന്നെ നിനക്ക് അവളെയും അവള്‍ക്ക് നിന്നെയും കിട്ടാതെ പോയാൽ എന്റെയും , എന്റെ ഭർത്താവിന്റെയും, എന്റെ മൂത്ത മോന്റെയും ശവ കുഴി നിങ്ങൾ ഇപ്പോഴേ മാന്തി; ജീവനോടെ ഞങ്ങളെ അതിൽ തള്ളി ഇടുകയും ചെയ്യ്തിട്ട് സന്തോഷത്തോടെ ഞങ്ങളെ നിങ്ങൾ അടക്കുകയും ചെയ്യും—”
“ഇല്ല ആന്റി…. നിങ്ങളെ ഞങ്ങൾ ഒരിക്കലും ജീവനോടെ —”
“ഡാ…..” ആന്റി ഉറക്കെ വിളിച്ചു. ഞാൻ പെട്ടന്ന് വാ പൊത്തി.
കുറെ നേരം ആന്റി എന്നെ തുറിച്ച് നോക്കി. എന്നിട്ട് പുഞ്ചിരിച്ചു.
“ഒരു വര്‍ഷത്തിനു മുമ്പ് ഞാനും, നിന്റെ അങ്കിളും, വിന്നി യും, പിന്നെ നിന്റെ അച്ഛനും അമ്മയും ഒരു തീരുമാനം എടുത്തിരുന്നു, ഡേവി. സമയം ആവുമ്പോ നിങ്ങൾ രണ്ട് കഴുതകളുടെയും വിവാഹം നടത്തണം എന്നായിരുന്നു ആ തീരുമാനം. ഞങ്ങൾ എല്ലാവർക്കും അതിൽ പൂര്‍ണ സമ്മതം ആണ്.”