“ഞാൻ ചേട്ടനെ അതുപോലെ അടിച്ചത് തെറ്റല്ലേ…. ചേട്ടന്റെ മുഖത്തും കഴുത്തിലും ഇത്ര ക്രൂരമായി തല്ലിയെന്ന് പിന്നീട് ചേട്ടനെ കണ്ടപ്പോ മാത്രമാ മനസ്സിലായത്. ആ വേദന എനിക്ക് മനസ്സിലാക്കാൻ കഴിയും. ചേട്ടനോട് ഞാൻ പിണങ്ങിയ അന്ന് തൊട്ട് ഓരോ നിമിഷവും ചേട്ടൻ മാനസികമായും ശാരീരികമായും തകരുന്നത് മാത്രമാണ് ഞാൻ കണ്ടത്….. ഇനിയും അത് കാണാന്‍ എനിക്ക് കഴിയില്ല…..” ഇസ എന്നെ കൂടുതൽ മുറുക്കി പിടിച്ചുകൊണ്ട് തേങ്ങലോടെ പറഞ്ഞു.
കുറച്ച് നേരം ഞങ്ങൾ മിണ്ടാതെ ഇരുന്നു. ഇസ ഇങ്ങനെ എന്റെ മടിയില്‍ ഇരിക്കുന്നത് എനിക്ക് വല്യ ഇഷ്ടമാണ്….
ഞങ്ങൾ രണ്ട് പേരും കൂടുതൽ ഒന്നും പറഞ്ഞില്ലെങ്കിലും ഞങ്ങളുടെ മനസില്‍ എന്താണെന്ന് ഞങ്ങൾക്ക് നല്ലതുപോലെ അറിയാം…. അവള്‍ എന്നെ തൊട്ട സമയം അവളുടെ മനസ്സ് ഞാൻ മനസ്സിലാക്കിയ പോലെ ഇസ അതിനേക്കാള്‍ കൂടുതൽ എന്നെ മനസ്സിലാക്കും. അതുകൊണ്ട് വാക്കുകളിലൂടെ സംസാരിക്കാതെ ഞങ്ങളുടെ പരസ്പര സ്പര്‍ശനത്തിലൂടെ ഞങ്ങൾ സംസാരിച്ചു.
ഞങ്ങളുടെ കുഞ്ഞ് കാലം തൊട്ടേ ഇസക്ക് ഭയം തോന്നുമ്പോള്‍, സങ്കടം തോന്നുമ്പോള്‍, സുരക്ഷ ഇല്ലാത്ത പോലെ തോന്നുമ്പോളെല്ലാം ഇസ എന്റെ അടുത്തേക്കാണ് ഓടി വരുന്നത്……. എന്നിട്ട് ഇതുപോലെ എന്റെ മടിയില്‍ എന്നെ കെട്ടിപിടിച്ചു കൊണ്ട് ഇരിക്കുന്നത് പതിവാണ്.
കുഞ്ഞി കുരങ്ങന്‍ എന്ന് പറഞ്ഞ് അവളെ ഞാൻ കളിയാക്കും. അത് കേൾക്കുമ്പോൾ ഇസ പൊട്ടിച്ചിരിക്കും.
ചില നേരത്ത് ആന്റി പോലും അവളെ കളിയാക്കും. അപ്പോ എന്റെ മടിയില്‍ ഇരുന്നുകൊണ്ട് ഇസ കൊഞ്ഞനം കുത്തി കാണിക്കും.
ഒരുപാട് സമയം കഴിഞ്ഞ് ഇസ എന്നെ വിളിച്ചു, “ചേട്ടാ…!”
ഞാൻ മൂളി.
“ഒരു നേരം കഴിച്ചില്ലെങ്കില്‍ പോലും — ഞാൻ ഇപ്പൊ ബോധം കെട്ട് വീഴും, ഞാൻ ഇപ്പൊ ചത്ത് പോകും എന്നൊക്കെ അല്ലേ പറയാറ്……, ഇപ്പൊ രണ്ട് ദിവസം തുടർന്ന് ചേട്ടൻ ഒന്നും കഴിച്ചില്ല, അതിന് മുമ്പും ഞാൻ പിണങ്ങിയത് തൊട്ടെ നിങ്ങൾ നേരാംവണ്ണം ഒന്നും കഴിച്ചില്ല — പക്ഷേ ഇതുവരെ ചേട്ടന്റെ ബോധം പോയില്ലല്ലോ….”
എല്ലാം മറന്ന് ഞാൻ പൊട്ടിച്ചിരിച്ചു.
“പൊടി വായാടി….., എനിക്കും ചേര്‍ത്ത് നി കഴിക്കുന്നുണ്ടല്ലോ….. അതുകൊണ്ടാ ഇപ്പോഴും ഞാൻ ജീവിച്ച് ഇരിക്കുന്നെ….”