“നീയെന്താ രാത്രി കഴിക്കാത്ത ഡേവി…?” ആന്റി ചോദിച്ചു.
“വിശപ്പ് ഇല്ലായിരുന്നു ആന്റി…” ഞാൻ മറുപടി പറഞ്ഞു.
എന്റെ ശബ്ദത്തിന് പോലും ഒരു ശക്തിയും ഇല്ലായിരുന്നു.
ആന്റി എന്നെ തുറിച്ച് നോക്കി, “ഇന്നലെ മുഴുവനും നി ഒന്നും തന്നെ കഴിച്ചി—”
പെട്ടന്ന് ഞാൻ ഇടക്ക് കേറി പറഞ്ഞു, “ഇന്നലെ ഞാൻ ഹോട്ടലിൽ നിന്നും കഴി—”
“ എന്നോട് കള്ളം പറയാതെ ഡേവി….” ആന്റിയുടെ ശബ്ദം ഉയർന്നു.
ഞാൻ തറയില്‍ നോക്കി നിന്നു.
“ ഈയിടെയായി പട്ടിണി കിടക്കുന്നത് നിനക്ക് കൂടി വരുന്നു ഡേവി…. അത് നന്നല്ല…. ഡൈനിംഗ് ടേബിള്‍ പുറത്ത് ആഹാരം എടുത്ത് വെച്ചിട്ടുണ്ട് എടുത്ത് കഴിക്ക്.” ആന്റി ദേഷ്യത്തില്‍ പറഞ്ഞു.
ഞാൻ പെട്ടന്ന് ഡൈനിംഗ് റൂമിൽ വന്നു. കസേരയില്‍ ഇരുന്നതും അടുത്ത ഇടി എന്റെ തലയില്‍ വീണു—,
“അമ്മേ ഷിജി കൊപ്പം ഞാൻ കോളേജില്‍ പോണു…….” ഇസ വീടിന്റെ നടയില്‍ നിന്ന് വിളിച്ച് പറയുന്നത് ഞാൻ കേട്ടു.
ആന്റി കിച്ചനിൽ നിന്നും ധൃതിയില്‍ പുറത്തിറങ്ങി വന്നു. എനിക്കൊന്നും മനസ്സിലാവുന്നില്ല എന്ന പോലെ എന്റെ നേര്‍ക്ക് ഒരു നോട്ടം പായിച്ച് കൊണ്ട് ആന്റി പോയി.
“ഇതെന്താടി ഒരു പുതിയ ശീലം…. എപ്പോഴും നി അവന്റെ കൂടിയല്ലേ പോകുന്നത്…, ഇപ്പൊ എന്താ ഒരു പുതുമ…?” ആന്റിയുടെ ചോദ്യം ഞാൻ കേട്ടു.
“ഷിജി ഒറ്റക്കല്ലെ എപ്പോഴും പോകുന്നത്…. കുറെ ദിവസമായി അവളെന്നെ കൂട്ടിന് വിളിക്കുന്നു…. ഒരു ചേഞ്ച് ആവട്ടെ എന്ന് ഞാനും കരുതി…. ഇനി നിന്നാ ലേറ്റ് ആകും, ഞാൻ പോണു….” ഇസയുടെ മറുപടി അതായിരുന്നു.
ചെറുതായി ഉണ്ടായിരുന്ന വിശപ്പ് അതോടെ തീര്‍ന്നു. ഫുഡ് വായിൽ വെച്ചാലെ ഞാൻ ഛർദ്ദിക്കുമെന്ന് തോന്നി.
ആന്റി തലയാട്ടി കൊണ്ട് കിച്ചനിൽ കേറി പോയി.
ഞാൻ എഴുനേറ്റ് എന്റെ റൂമിൽ പോയി ഷോൾഡറ് ബാഗും തോളില്‍ തൂക്കി വേഗം ബൈക്ക് എടുത്തുകൊണ്ട് കോളേജ് ലക്ഷ്യമാക്കി വിട്ടു.
പക്ഷേ ടൗണിൽ എത്തിയതും കോളേജില്‍ പോകാതെ ഞാൻ റിപ്പയറിംഗ് കടയിലാണ് പോയത്.
“എന്തുവാ… കോളേജില്‍ പോകാൻ ഇറങ്ങിയതാ നി…?” എന്റെ തോളിലെ ബാഗ് കണ്ടിട്ട് കടയിലെ റഫീക് ചേട്ടൻ ചോദിച്ചു.