രാവിലെ അഞ്ച് മണിക്ക് ഓടാന്‍ പോയി ആറ് മണിക്കെ തിരിച്ച് വന്നു. കാരണം എല്ലാ ആഴ്ചയും ഇസയെ ഞാനാണ് പള്ളിയില്‍ കൊണ്ട് വിടുന്നത്.
എന്റെ പതിനാലാം വയസ്സിലാണ് ബൈക്ക് എടുത്തത്….. പക്ഷേ അതിന് മുമ്പ് പോലും ഞാൻ തന്നെ അവള്‍ക്ക് കൂട്ട ചെല്ലണം എന്ന് ഇസ വാശി പിടിച്ചിരുന്നു.
അതുകൊണ്ട് എല്ലാ ഞായറാഴ്ചയും ഞാനും ഇസയും ഒരുമിച്ച് നടന്ന് പള്ളിയില്‍ പോകും. അവളെ പള്ളിയില്‍ വിട്ടിട്ട് ഞാൻ പിന്നെയും നടന്ന് തിരികെ വീട്ടില്‍ വരും.
പള്ളി കഴിഞ്ഞാല്‍ ഇസ എപ്പോഴും സൂസന്‍ ആന്റിട മോള് ഷിജി യുമായി തിരിച്ച് വരും.
പള്ളിയില്‍ പോകുമ്പോൾ മാത്രം എന്തുകൊണ്ട് ഞാൻ കൊണ്ട് വിടണം എന്ന് ഇന്നുവരെ എനിക്ക് മനസ്സിലായിട്ടില്ല.
കുഞ്ഞ് കാലത്ത് അന്നൊക്കെ ഞായറാഴ്ച ദിവസങ്ങളില്‍ ഷിജി ഇസയെ തിരക്കി വരുമായിരുന്നു…. പക്ഷേ അവള്‍ പോവില്ല. ഞാൻ തന്നെ കൊണ്ട് വിടണം.
ബൈക്ക് വന്ന ശേഷവും ഞാൻ തന്നെ അവളെ പള്ളിയില്‍ കൊണ്ട് വിട്ടിരുന്നത്.
എന്റെ റൂമിൽ തന്നെ ഞാൻ വ്യായാമം ചെയ്തിട്ട് ഞാൻ വേഗം കുളിച്ചു.
സമയം ആറ് അമ്പത് ആയി.
ഞാൻ വേഗം താഴേ വരുമ്പോൾ ആന്റി വീട്ടില്‍ നിന്നും പുറത്തിറങ്ങുന്നത് ഞാൻ കണ്ടു.
“ഇസ ഇതുവരെ റെഡി ആയില്ലേ ആന്റി….?” സ്റ്റെപ്പിൽ നിന്നുകൊണ്ട് ഞാൻ ചോദിച്ചു.
ആന്റി ചെറിയൊരു വിഷമത്തോടെ എന്നെ നോക്കി. “അവളും ഷിജി യും കുറച്ച് മുമ്പ് ഒരുമിച്ച് പോയി…”
എനിക്ക് വല്ലാത്ത സങ്കടം തോന്നി.
ആന്റിയെ നോക്കി ഞാൻ പുഞ്ചിരിച്ചു.
“അതാണ് നല്ലത്, അവളുടെ പ്രായക്കാരായ പെണ്‍ കുട്ടികളോട് നടന്ന് ശീലിക്കുക തന്നെ വേണം… എനിക്ക് ഒരു ജോലി എന്തായാലും കുറഞ്ഞ് കിട്ടി.” അത്രയും പറഞ്ഞിട്ട് ഞാൻ മുകളില്‍ കേറി പോയി.
വീട്ടില്‍ ഇരിക്കാൻ പിടിക്കാതെ ഞാൻ പുറത്ത് പോയി. മല തന്നെയാണ് ലക്ഷ്യം.
വൈകുന്നത് വരെ ഞാൻ അവിടേ ഇരുന്നു. അതിനിടക്ക് ആന്റി പലവട്ടം വിളിച്ചിരുന്നു. എന്തെങ്കിലും കള്ളം പറഞ്ഞിട്ട് ഞാൻ വെക്കും.
നാളെ ക്ലാസ് ഉണ്ടെന്ന് എന്റെ ഒരു കോളേജ് ഫ്രണ്ട് ഉച്ച കഴിഞ്ഞ് വിളിച്ച് പറഞ്ഞിരുന്നു . നാളെ കോളേജില്‍ പോണം…. പക്ഷേ വീട്ടില്‍ പോകാൻ മനസ്സ് വന്നില്ല.