ടിവി ഓടുന്നുണ്ട്. വലിയ സോഫയിൽ ആന്റി ഒറ്റക്ക് ഇരിപ്പുണ്ട്… പക്ഷേ ടിവി യില്‍ നോക്കാതെ ആന്റി മുകളില്‍ കറങ്ങുന്ന ഫാനിൽ നോക്കി സങ്കടപ്പെട്ടു ഇരിക്കുന്നതാണ് ഞാൻ കണ്ടത്.
എനിക്ക് വിഷമം തോന്നി. ഞാൻ കാരണം ആണ് ആന്റി ഇങ്ങനെ ഇരിക്കുന്നത്. ഞാൻ വന്നത് പോലും അറിയാതെ ആന്റി ഇരുന്നു.
ഞാൻ പോയി ആദ്യം സോഫയിൽ ഇരുന്നിട്ട് പിന്നെ ആന്റിയുടെ മടിയില്‍ കിടന്നു.
ആന്റി ഒന്ന് ഞെട്ടി. അപ്പോഴാണ് ഞാൻ വന്നത് പോലും ആന്റി അറിഞ്ഞത്.
ആന്റിയുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി വിടര്‍ന്നു.
സ്നേഹമുള്ള അമ്മയെ പോലെ ആന്റി എന്റെ മുടിയിലും മുഖത്തും തലോടി. അവരുടെ കണ്ണുകള്‍ നിറഞ്ഞ് വന്നു.
പെട്ടന്ന് ആന്റി കണ്ണ് തുടച്ചു.
“ഇന്നലെ ഞാൻ അറിയാതെ —”
“കഴിഞ്ഞത് കഴിഞ്ഞു…. അത് ഞാൻ അപ്പോഴേ മറന്നു…. ഇനി അക്കാര്യം ഓര്‍ത്തു ആന്റി വിഷമിക്കേണ്ട….. ഇന്നലെ ആന്റി എന്നെ കുറിച്ച് പറഞ്ഞത് സത്യം തന്നെയല്ലേ? അതുകൊണ്ട് ഇനി ഒരിക്കലും ഞാനായിട്ട് ആരെയും ദ്രോഹിക്കുകയും വേദനിപ്പിക്കുകയും ചെയ്യില്ല ആന്റി.” എന്റെ മനസ്സിലെ നോവ് മറച്ച് കൊണ്ട് ഒരു പുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
അവളുടെ മുറി നടയില്‍ നിന്ന് കൊണ്ട് ഇസ എന്നെ നോക്കുന്നത് ഞാൻ കണ്ടു. അവളുടെ മനസ്സില്‍ എന്തോ പഴയ ഓര്‍മകള്‍ കടന്ന് പോകുന്നത് പോലെയാണ് അവള്‍ എന്നെ നോക്കി നിന്നത്. അവള്‍ എന്ത് ചിന്തിക്കുന്ന എന്ന് എനിക്ക് നല്ലതുപോലെ അറിയാം.
അവളെ ഞാൻ നോക്കുന്നു എന്ന് മനസ്സിലായതും ഇസ മുറിക്കകത്ത് കേറി പോയി.
കുഞ്ഞ് കാലം തൊട്ടേ ഒരു വര്‍ഷം മുമ്പ് വരെ ആന്റിയുടെ മടിയില്‍ കിടക്കാന്‍ ഞാനും ഇസയും അടിപിടി കൂടുമായിരുന്നു. ആന്റിയുടെ മടിയില്‍ നിന്നും ഞാൻ എന്റെ തല മാറ്റാതെ വരുമ്പോൾ ഇസ എന്റെ നെഞ്ചില്‍ തല വെച്ച് എന്റെ ശരീരത്തില്‍ ഒട്ടി പിടിച്ചു കിടക്കും.
എന്റെ നെഞ്ചില്‍ തല വെച്ച് കിടക്കുന്നത് ഇസക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. അതിന് വേണ്ടി തന്നെയാണ് ആദ്യം ഞാൻ ആന്റിയുടെ മടിയില്‍ തല വെക്കുന്നതും നോക്കി ഇരുന്നിട്ട് ഇസ എന്നോട് അടിപിടി കൂട്ടാന്‍ വരുന്നത് തന്നെ. അവസാനം അവള്‍ ആഗ്രഹിച്ചത് പോലെ അവള്‍ക്ക് എന്റെ നെഞ്ചില്‍ കിടക്കുകയും ചെയ്യാൻ കഴിയും.