“എല്ലാം എന്റെ തെറ്റാണ് ആന്റി…. ഞാൻ തന്നെയാണ് അവളെ പിന്നെയും വേദനിപ്പിച്ചത്………. എല്ലാം എന്റെ മാത്രം തെറ്റാണ്…… അവളെ ഒരിക്കലും ഞാൻ വേദനിപ്പിക്കാന്‍ പാടില്ലായിരു—”
“മതി നിന്റെ കുമ്പസാരവും ന്യായീകരണവും….., നിന്നെ സ്നേഹിക്കുന്ന ആരെയാണ് നി ദ്രോഹിക്കാതെ ഇരുന്നത്…..? ആരെയാണ് നി വേദനിപ്പിക്കാത്തത്? എല്ലാവരെയും വേദനിപ്പിക്കുമ്പൊ എന്ത് സന്തോഷമ നിനക്ക് കിട്ടുന്നത്? നി ഒരു സാഡിസ്റ്റ് ആയി മാറുകയാണോ….?” ആന്റി ദേഷ്യത്തില്‍ ചോദിച്ചു.
ആന്റിയുടെ ആ ചോദ്യങ്ങള്‍ എന്നെ വല്ലാതെ വേദനിപ്പിച്ചു. പെട്ടന്ന് എന്റെ കണ്ണ് നിറഞ്ഞു.
ഉടനെതന്നെ ആന്റിയുടെ മുഖത്ത് കുറ്റബോധം ഉണ്ടായി. അങ്ങനെ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു എന്ന് ആന്റിക്ക് തോന്നി കാണും.
“എല്ലാം എന്റെ തെറ്റാണ്. ഇപ്പൊ തന്നെ ഇസയോട് ഞാൻ ക്ഷമ ചോദിക്കാം ആന്റി…. ഇനി ഞാൻ ആരെയും വേദനിപ്പിക്കില്ല…” അത്രയും പറഞ്ഞിട്ട് ഞാൻ റൂമിൽ നിന്നും പുറത്ത് വന്നിട്ട് വേഗം പടി ഇറങ്ങി.
“ഡേവി….! ഞാൻ പെട്ടന്ന് സങ്കടം കൊണ്ട് അങ്ങനെ പറഞ്ഞ് പോയതാ….!” ആന്റി വേദനയോടെ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ, തിരിഞ്ഞ് പോലും നോക്കാതെ വേഗം പടി ഇറങ്ങി ഇസയുടെ മുറിക്ക് മുന്നില്‍ വന്നു.
വാതില്‍ ചാരി കിടന്നു. ഒരു നിമിഷം മടിച്ച് നിന്നിട്ട് ഞാൻ വാതിൽ തള്ളി തുറന്ന് അകത്ത് കേറി.
അവള്‍ക്ക് എന്നെ കൊല്ലണമെങ്കിൽ ഞാൻ അതിനും നിന്ന് കൊടുക്കും.
ഇസ ബെഡ്ഡിൽ കമിഴ്ന്ന് കിടക്കുന്നത് ഞാൻ കണ്ടു. ഇടക്ക് അവളുടെ ചുമല്‍ ചെറുതായി കുലുങ്ങി.
ഞാൻ അടുത്ത് പോയി നിന്നു.
“ഇസ….!” ഞാൻ മെല്ലെ വിളിച്ചു.
പെട്ടന്ന് അവളുടെ ശരീരം നിശ്ചലമായി, പക്ഷേ അവളില്‍ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. ഞാൻ പിന്നെയും വിളിച്ചു. അവള്‍ക്ക് ഇപ്പോഴും അതെ നിലപാട് തന്നെ.
“ഞാൻ ചെയ്തത് തെറ്റാണ്, ഇസ—അതും അറിഞ്ഞ് കൊണ്ട് ചെയ്ത തെറ്റ് തന്നെയാണ്. നിന്നോട് ഞാൻ കാണിച്ചത് വിശ്വാസ വഞ്ചനയാണ്….. ഞാൻ നിന്നോട് ചെയ്ത തെറ്റിന് മാപ്പ് അര്‍ഹിക്കുന്നില്ലെന്ന് അറിയാം, അതുകൊണ്ട് എന്നോട് ക്ഷമിക്കണം എന്ന് ഞാൻ ഒരിക്കലും പറയില്ല…..”