“ഇല്ല ആന്റി….” ഞാനൊന്ന് പരുങ്ങി. ജോലിയിൽ ആയതുകൊണ്ട് ആന്റി ശ്രദ്ധിച്ചില്ല.
അപ്പോ ഞാൻ അവളെ റൂമിൽ തനിച്ചാക്കി പോയെന്ന് ഇസ ആന്റി യോട് പറഞ്ഞില്ല….!, ഹോ.. സമാധാനമായി.
ദോശയും കറിയും ഞാൻ സ്വയം എടുത്ത് കഴിച്ചു. എന്നിട്ട് ബൈക്കും എടുത്ത് ഞാൻ ടൗണിലേക്ക് വിട്ടു.
വല്ലാത്ത തിരക്ക് പിടിച്ച പണി യായിരുന്നു. രണ്ട് കമ്പ്യൂട്ടർ അസംബ്ലി ചെയ്യാൻ ഉണ്ടായിരുന്നു. അതുകൂടാതെ വേറെയും പണി ഉണ്ടായിരുന്നു.
ഉച്ച കഴിഞ്ഞതും ഇസ കോള് ചെയ്തു.
“ചേട്ടൻ എപ്പഴാ തിരിച്ച് വരിക….? ഇതുവരെ കഴിഞ്ഞില്ലേ….?” ശുണ്ഠി യോടെ അവള്‍ ചോദിച്ചു.
“രാത്രി ആവും… എന്തേ?” ഞാൻ ചോദിച്ചു.
“പിന്നേ…. കഴിഞ്ഞ രാത്രി…. പനി കാരണം ആണെന്ന് തോനുന്നു…. എന്തെല്ലാമോ ഞാൻ വെളിവില്ലാതെ പറഞ്ഞു പോയി…..! ചേട്ടനു വിഷമമായി…. ലെ?”
“ഇല്ല…” ഞാൻ കള്ളം പറഞ്ഞു. “ഇത് പറയാൻ വേണ്ടിയാണോ നി വിളിച്ചത്…?”
“ഇതുവരെ ചേട്ടൻ വീട്ടില്‍ വരാത്തത് കൊണ്ട് വിളിച്ചതാ…. എന്നാ ഞാൻ വെക്കുവ…” ഇസ കോള് കട്ടാക്കി.
ഓരോ മണിക്കൂര്‍ കഴിയുമ്പോഴും ഇസ എന്നെ വിളിക്കും. ജോലി കഴിഞ്ഞില്ല എന്ന് പറയുമ്പോ അവൾ ദേഷ്യത്തില്‍ കട്ട് ചെയ്യും.
രാത്രി എട്ട് മണിക്ക് ഞാൻ വീട്ടില്‍ വന്നു. ആന്റി ടിവിക്ക് മുന്നില്‍ ഉണ്ടായിരുന്നു. ഇസയെ എങ്ങും കണ്ടില്ല.
“നിനക്ക് എന്തിന്റെ സൂക്കേട ഡേവി….” ആന്റി ദേഷ്യത്തോടെ ചോദിച്ചു.
ഞാൻ കിടുങ്ങി പോയി. ഇസ ആന്റിയോട് എന്നെ കുറിച്ച് തെറ്റായി വല്ലതും പറഞ്ഞോ….വിളറിയ മുഖത്തോടെ ഞാൻ ആന്റിയെ നോക്കി.
പെട്ടന്ന് ആന്റി പൊട്ടിച്ചിരിച്ചു. “എന്താടാ…. പ്രേതത്തെ കണ്ടത് പോലെ നിക്കുന്നെ….” ആന്റി പിന്നെയും ചിരിച്ചു. എന്നിട്ട് കുറച്ച് ഗൌരവത്തോടെ ചോദിച്ചു, “ഈ പ്രായത്തില്‍ ഇങ്ങനെ ജോലി ചെയ്തു നടക്കേണ്ട കാര്യം വല്ലോം ഉണ്ടോ നിനക്ക്….?”
ഓഹ്… അപ്പോ അതാണ് കാര്യം. ഞാൻ എങ്ങനെയോ എന്റെ മുഖത്ത് ചിരി വരുത്തി കൊണ്ട് ആന്റിയെ നോക്കി.
“നിന്റെ അച്ഛനും അമ്മയും വര്‍ഷങ്ങളായി എല്ലാ മാസവും വലിയ ഒരു തുക തന്നെ നിനക്ക് വേണ്ടി എന്റെ അക്കൗണ്ടിലേക്ക് അയക്കുന്നുണ്ട്. പക്ഷേ പണ്ട് മുതലേ ആ കാശു നിനക്ക് വേണ്ട…..! ഇപ്പോൾ കഴിഞ്ഞ മൂന്ന് കൊല്ലമായി എന്റെ കൈയിൽ നിന്ന് പോലും കാശ് നി മേടിക്കുനില്ല….. സ്വന്തം അദ്ധ്വാനത്തിൽ ജീവിക്കും എന്ന വാശി… അതും ഈ ചെറിയ പ്രായത്തില്‍ —”