“ഇതൊരു ശല്യം ആയല്ലോ…. നിനക്ക് സ്വന്തമായി റൂം ഉണ്ടല്ലോ. നിനക്ക് അവിടെ പോയി സുഖമായി ഉറങ്ങാന്‍ കഴിയുമല്ലോ….? അത് ചെയ്യാതെ എന്തിനാ നി എന്റെ റൂമിൽ വന്ന് എന്നെ ശല്യം ചെയ്യുന്നേ…? ഈ ശല്യം ഞാനിനി എത്ര ദിവസം സഹിക്കണം….” കുറച്ച് ചൂടായി തന്നെ ഞാൻ ചോദിച്ചു. പക്ഷെ അവസാനത്തെ വാക്ക് പറയേണ്ടി ഇരുനില്ല എന്ന് പിന്നീടാണ് തോന്നിയത്.
അന്നാണ് ആദ്യമായി ഞാൻ അവളോട് അങ്ങനെ സംസാരിച്ചത്. ആ വാക്ക് അവളെ വല്ലാതെ നോവിച്ചു.
“നിങ്ങള്‍ക്ക് എന്നെ ഇഷ്ടമല്ല. ഞാൻ ഇവിടെ വരുന്നത് നിങ്ങള്‍ക്ക് ഇഷ്ടമല്ല എന്ന് ഇപ്പോഴാണ് എനിക്ക് മനസ്സിലായത്.”
“ഇസ, ഞാൻ അങ്ങനെ ഉദ്ദേശിച്ച് പറഞ്ഞില്ല….”
“എങ്ങനെ ഉദ്ദേശിച്ചാലും വേണ്ടില്ല…. ഇനി ഒരിക്കലും ഞാൻ ഈ മുറിയില്‍ വരില്ല….” അത്രയും പറഞ്ഞിട്ട് കരഞ്ഞ് കൊണ്ടാണ് അവള്‍ ഇറങ്ങി പോയത്.
രാവിലെ അവളോട് ഞാൻ ക്ഷമ ചോദിച്ചു. അവളെന്നെ മൈന്റ് ചെയ്തില്ല.
അന്ന് അങ്കിളും നാട്ടില്‍ തന്നെ ഉണ്ടായിരുന്നു.
“അവളോട് അങ്ങനെ സംസാരിച്ചത് ഒട്ടും ശരിയായില്ല ഡേവി.” എന്നെ ഒറ്റക്ക് പുറത്ത് കൊണ്ട് പോയിട്ട് അങ്കിള്‍ പറഞ്ഞു. “നിനക്ക് തരുന്നതിന്റെ പകുതി സ്നേഹം പോലും അവള്‍ട സ്വന്തം സഹോദരൻ വിൻസൻ ന് അവള്‍ കൊടുക്കുന്നില്ല. നി കഴിഞ്ഞ് മാത്രമേ ഞങ്ങൾക്ക് പോലും അവളുടെ മനസില്‍ സ്ഥാനമുള്ളു. എന്നിട്ട് പോലും നി അവളെ കരയിച്ചില്ലെ….”
“നേരം വെളുക്കും മുന്നേ അവള്‍ വന്ന് കുറ്റം പറഞ്ഞോ….?” ഞാൻ കുറ്റബോധത്തോടെ ചോദിച്ചു.
അങ്കിള്‍ ചിരിച്ചു. “നേരം വെളുത്തപ്പോള്‍ അല്ല ഡേവി…. ഇന്നലെ പാതിരാത്രി നിന്റെ അടുത്ത് നിന്നും ഞങ്ങളുടെ മുറിയില്‍ വന്ന് വാതിലിൽ തട്ടി വിളിച്ചു….. എന്നിട്ട് കോച്ച് കുഞ്ഞിനെ പോലെ കരഞ്ഞ് കൊണ്ട് അവളുടെ വിഷമം പറഞ്ഞിട്ടാ ഇസ പോയത്. പോരാത്തതിന് അപ്പോ തന്നെ കാനഡയില്‍ നില്‍ക്കുന്ന വിൻസൻ ന് പോലും വാട്സപ് മെസേജ് ചെയ്ത് അവനോട് സങ്കടം പറഞ്ഞു. നേരം വെളുക്കും മുന്നേ അവനും എന്നെ വിളിച്ചിരുന്നു.”
“സോറി അങ്കിള്‍….. ഞാൻ —”
“നി ഒന്നും പറയേണ്ട. അവള്‍ നിന്നോട് ഒരിക്കലും സംസാരിക്കില്ല എന്ന വാശീലാണ്….. പക്ഷേ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ അത് മാറും.”