“ഡേവി ഇവളെ റൂമിൽ കൊണ്ട് കിടത്ത്…. എനിക്ക് നേരാംവണ്ണം നിൽക്കാൻ പോലും വയ്യാ… ഇന്ന് രാത്രി ഇവളെന്നെ കൊല്ലും…..” ആന്റി പറഞ്ഞു.
“അമ്മ എനിക്ക് കൂട്ടിന് ഇരിക്കണ്ട…..” ഇസ പറഞ്ഞു.
“ങേ…. നേരോ…..!” ആന്റിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് വിടര്‍ന്നു. “ഞാൻ കൂട്ടിന് ഇരിക്കണ്ട എന്ന് തന്നെയാണോ ഡേവി ഇസ പറഞ്ഞത്….. അതോ അങ്ങനത്തെ നല്ല വാക്ക് കേട്ടതായി എനിക്ക് തോന്നിയതാണോ….?” ആന്റി എന്നോട് സംശയത്തോടെ ചോദിച്ചു.
“എനിക്കും അങ്ങനെയാ കേട്ടത് ആന്റി…” അവളെ പിടിച്ചുകൊണ്ട് ഞങ്ങൾ നടക്കുന്നതിനിടെ ഞാൻ പറഞ്ഞു.
ആന്റിയുടെ സന്തോഷം കണ്ടിട്ട് എനിക്കും സന്തോഷം തോന്നി. ആന്റി രക്ഷപെട്ടു.
അവളെ അവൾട മുറിയില്‍ കൊണ്ട് ഞങ്ങൾ കിടത്തി.
“ഞാൻ ചപ്പാത്തി ഉണ്ടാക്കി വെച്ചിട്ടുണ്ട്. നി എടുത്ത് കഴിക്ക് ഡേവി…. ഞാനും പോയി കിടക്കട്ടെ.” ആന്റി പോകാനായി തിരിഞ്ഞു.
ഞാനും വാതില്‍ നോക്കി നടന്നു.
“എന്റെ കൂട്ടിന് ഡേവി ചേട്ടൻ ഇവിടെ വേണം……” ഇസയുടെ പതിഞ്ഞ സ്വരം ഞങ്ങളുടെ ചെവിയില്‍ ചുട്ട് പഴുപ്പിച്ച കമ്പി പോലെ തുളച്ച് കേറി.
ഒരു ശക്തിയും ഇല്ലാത്ത അവളുടെ ആ നിസാര വാക്ക് ഇത്ര ശക്തിയുള്ള ഇടി തീ പോലെ എന്റെ തലയില്‍ വീഴുമെന്ന് ഞാൻ കരുതിയില്ല.
ആന്റിയെ ഞാൻ ദയനീയമായി നോക്കി. ആന്റി ചിരി അടക്കി പിടിക്കുന്നത് എനിക്ക് മനസ്സിലായി.
“ഞാൻ എന്ത് ചെയ്യാനാ ഡേവി….? നീയല്ലേ അവളുടെ എല്ലാം…. അവള്‍ക്ക് അല്ലെങ്കിലും നി മാത്രം മതി…” ആന്റി പറഞ്ഞു.
“ചേട്ടൻ പോയി കഴിച്ചിട്ട് വേഗം വാ….” ഇസ പറഞ്ഞു.
“അതേ…. കഴിച്ചിട്ട് വേഗം വാ…” ആന്റി പറഞ്ഞു. “ഞാൻ ഉറങ്ങാൻ പോകുന്നു. എനിക്കും സുഖമില്ല….. ആരും എന്നെ ശല്യം ചെയ്യരുത്…. അതുകൊണ്ട് ഞാൻ എന്റെ മുറി കുറ്റിയിട്ടിട്ട് ഉറങ്ങും.” അതും പറഞ്ഞ് ആന്റി ധൃതിയില്‍ ഇറങ്ങി പോയി.
ഇസയെ ഞാൻ നോക്കി. ചുരുണ്ട് കൂടി പൂച്ച കുഞ്ഞിനെ പോലെ കിടക്കുന്നു. എനിക്ക് അവളോട് സ്നേഹമാണ് തോന്നിയത്.
ആദ്യമായൊന്നുമല്ല ഞാൻ അവളുടെ കൂടെ കൂട്ട് കിടക്കുന്നത്.