ഞാൻ ചിരിച്ചു. “എപ്പോഴും സീരിയൽ നോക്കിയാൽ ഇതായിരിക്കും ഫലം. ഉള്ള ബുദ്ധിയും പോകും….. എന്നിട്ട് ഇതുപോലെ ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങള്‍ സംസാരിച്ച് തുടങ്ങും.”
“നി പോടാ… നിനക്ക് സീരിയല്‍ ഇഷ്ടല്ലാത്തോണ്ട നി എന്നെ കളിയാക്കുന്നെ…..”
ഇനി ഇവിടെ നിന്നാൽ ശരിയാവില്ല. ജോലി തീര്‍ത്ത് വേഗം മുങ്ങണം. ഇല്ലെങ്കില്‍ ആന്റി സീരിയല്‍ കഥ പറയാൻ തുടങ്ങും. നേരത്തെ എനിക്ക് അനുഭവം ഉള്ളതാ….
“ഡാ മോനെ…. മറ്റെ സീരിയല്‍ —”
“ആന്റി, നിങ്ങൾ വേഗം പോയി മെയിൻ സ്വിച്ച് ഓഫ് ചെയ്യു.” ഞാൻ തിടുക്കത്തിൽ പറഞ്ഞു.
“ദാ ഇപ്പൊ ചെയ്യാം…..” അത്രയും പറഞ്ഞിട്ട് റസിയ ആന്റി വേഗം കിച്ചനിൽ നിന്നും ഇറങ്ങിപ്പോയി.
കുറച്ച് കഴിഞ്ഞ് വൈദ്യുതി കട്ടായി.
പെട്ടന്ന് ഹാളില്‍ ബഹളം കേട്ടു.
“ഉമ്മ എന്തിനാ മെയിന്‍ സ്വിച്ച് ഓഫ് ആക്കിയെ….?” ആലിയ ദേഷ്യത്തില്‍ ഒച്ച വെച്ചു.
അതുകേട്ട് എനിക്ക് ചിരി വന്നെങ്കിലും എന്റെ വായ്ക്കകത്ത് എന്റെ കവിളിൽ കടിച്ച് പിടിച്ചു കൊണ്ട് ഞാൻ വേഗത്തിൽ മിക്സി ശെരിയാക്കി.
“എഡി…. ഡേവി അവിടെ മിക്സി ശെരിയാക്കി കൊണ്ടിരിക്കുവ….., അതിനല്ലേ മെയിന്‍ സ്വിച്ച് ഞാൻ ഓഫ് ആക്കിയത്….” ആന്റി പറയുന്നത് കേട്ടു.
“അതിന് അവന്‍ മിക്സി കറന്റിൽ കൊടുത്തിട്ടാണോ ശെരിയാകുന്നെ….? അങ്ങനെ ആരെങ്കിലും ചെയ്യുമോ ഉമ്മ…..? എന്ത് മണ്ടത്തരമാണ് ഉമ്മ ഇത്….!!” ആലിയ ചൂടായി.
“എഡി നീയൊന്ന് അടങ്ങ്…. ഇതിനെ കുറിച്ച് എനിക്ക് വല്ലോം അറിയോ…. അവന്‍ പറഞ്ഞിട്ടല്ലേ ഞാൻ ഓഫ് ആക്കിയത്……?” റസിയ ആന്റിയും ചൂടായി.
പെട്ടന്ന് ഇസ പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു.
“ഡേവി ചേട്ടൻ ഞങ്ങളോട് എന്തോ ദേഷ്യം തീര്‍ത്തതാണ് ആന്റി….” ഇസ പറഞ്ഞു.
ദൈവമേ…… പണി പാളി…… ഇനി ഇവിടെ നിന്നാൽ അവർ മൂന്ന് പേരും എന്നെ പൊരിച്ച് തിന്നും…… ഭാഗ്യത്തിന് എന്റെ ജോലി അപ്പോഴേക്കും കഴിഞ്ഞിരുന്നു. അതിനെ ഓടിച്ച് നോക്കാൻ കറന്റ് ഇല്ല, സമയവും ഇല്ല. മിക്സി എന്തായാലും ഒരു കുഴപ്പവും ഇല്ലാതെ ഓടിക്കോളും. അതെനിക്ക് ഉറപ്പുണ്ട്.
“ങ്ഹാ…. അപ്പോ അവന്‍ പറഞ്ഞിട്ടാണ് ലെ….? ഇപ്പൊ ശെരിയാക്കി കൊടുക്കാം ഞാൻ…!” ആലിയ കലി തുള്ളി പറഞ്ഞു.