വല്ലപ്പോഴും ആരെങ്കിലും ഇവിടെ വന്ന് പോകാറുണ്ട്. കുത്തനെയുള്ള മല അല്ലെങ്കിൽ പോലും കയറാന്‍ കുറച്ച് ബുദ്ധിമുട്ടാണ്. അതുകാരണം, ചിലര്‍ ഒഴികെ, ആളുകൾ ഇടുപ്പിൽ കൈയും കൊടുത്തു മുകളില്‍ നോക്കുന്നതല്ലാതെ, കേറാന്‍ മുതിരില്ല.
ഞാൻ സ്ഥിര സന്ദര്‍ശകൻ ആയതുകൊണ്ട്, വര്‍ഷങ്ങളോളം ഇതിൽ കയറി അനുഭവപ്പെട്ടത് കാരണം ഒരു പ്രയാസവും ഇല്ലാതെ ഞാൻ വേഗം മുകളില്‍ എത്തി. ഒരു മരച്ചുവട്ടില്‍ കിടന്ന് കൊണ്ട് എന്തെല്ലാമോ ആലോചിച്ച് കൂട്ടി.
പെട്ടന്നുണ്ടായ മൊബൈൽ റിംഗ് ടോൺ കേട്ട് ഞാൻ ഞെട്ടി. അടുത്ത് വെച്ചിരുന്ന മൊബൈലില്‍ ഞാൻ നോക്കി.
വിൻസൻ ചേട്ടൻ…., ഇസ യുടെ ചേട്ടൻ ആയിരുന്നു. എന്നെക്കാളും മൂന്ന് വയസ്സിന് സീനിയര്‍.
ഗ്രേസി ആന്റിക്കും തോമസ് അങ്കിളിനും രണ്ട് കുട്ടികളാണ് ഉള്ളത്. മൂത്തത് വിൻസൻ. വിന്നി എന്നാണ് ഞാൻ വിളിക്കാറ്. വിന്നി ചേട്ടൻ ഇപ്പോൾ എന്റെ അച്ഛന്റെ കൂടെ കാനഡയില്‍ ആണ്. അവിടെ വലിയൊരു യൂണിവേഴ്‌സിറ്റി യിൽ പഠിക്കുന്നു. എന്റെ അച്ഛനമ്മമാരേ പോലെ ഡോക്ടർ ആകാനാണ് പ്ലാൻ — അവരെപ്പോലെ തല തിരിഞ്ഞ് പോകാതിരുന്നാൽ മതിയായിരുന്നു…..!
“വിന്നി ചേട്ടാ….” മൊബൈൽ കാതിൽ വെച്ചുകൊണ്ട് ഞാൻ സന്തോഷത്തോടെ പറഞ്ഞു.
“ഡാ ഡേവി…. നി വീട്ടില്‍ എല്ലാവരോടും പിണങ്ങി പുറത്തിറങ്ങി പോയെന്ന് ഇസ എനിക്ക് മെസേജ് ചെയ്തു. ഞാൻ കേട്ടത് നേരാണോട…?”
“ചേട്ടന് അറിയാമല്ലോ അവള്‍ക്ക് വട്ടാണെന്ന്….. ഈയിടെയായി എന്നെ കുറ്റം പറയാന്‍ മാത്രമേ ഇപ്പോൾ അവള്‍ക്ക് സമയമുള്ളു…”
വിന്നി ചേട്ടൻ പൊട്ടിച്ചിരിച്ചു. “എന്നാ നി പറ, എന്താ സംഭവിച്ചത്…. അവളോട് ചോദിച്ചിട്ട് അവളൊന്നും പറഞ്ഞില്ല…”
“അത് പച്ച കള്ളം….. അവള്‍ നിങ്ങളോട് എല്ലാം പറഞ്ഞ് കാണും…. ആ വിഷയം നമുക്ക് ഒഴിവാക്കാം ചേട്ടാ…. പ്ളീസ്….”
വിന്നി ചേട്ടൻ കുറച്ച് നേരത്തെ മൌനത്തിനു ശേഷം പറഞ്ഞു, “ദുബായില്‍ നിന്നും എന്റെ പപ്പ എന്നെ വിളിച്ചിരുന്നു….. അങ്കിളും ആന്റിയും — അതുതന്നെ, നിന്റെ അച്ഛനും —, എന്റെ പപ്പയോട് എപ്പോഴും സങ്കടം പറച്ചിലാണ്. നിന്റെ അച്ഛനോടും അമ്മയോടും നി സംസാരിക്കാതെ ഇപ്പോൾ പത്ത് കൊല്ലമായി ഡേവി….! ഇനിയും ഇത് തുടരാനാണോ നിന്റെ ഭാവം?”