പിന്നെ എല്ലാ വര്‍ഷവും എന്റെ അച്ഛനും അമ്മയും നാട്ടില്‍ വരും. എന്നെയും കാണാൻ വരും. പക്ഷേ എന്റെ പേടി മാറിയിരുന്നു. ആന്റി എന്നെ ആര്‍ക്കും കൊടുക്കില്ല എന്ന വിശ്വസം എനിക്ക് ഉണ്ടായിരുന്നു.
അതുകൊണ്ട് പിന്നീട് ഒരിക്കലും ഞാൻ ഒളിച്ച് നിന്നില്ല, പക്ഷേ ഒരു വാക്ക് പോലും ഞാൻ എന്റെ അച്ഛനോടും അമ്മയോടും സംസാരിക്കാൻ കൂട്ടാക്കിയില്ല എന്ന് മാത്രം. എല്ലാ പ്രാവശ്യവും ദുഃഖത്തോടെ അവർ രണ്ട് പേരും തിരിച്ച് പോകും.
എപ്പോഴോ അവർ രണ്ടുപേരും പിന്നെയും ഒരുമിച്ച് ജീവിക്കാൻ തുടങ്ങി എന്നാണ് ആന്റി പറഞ്ഞത്. എന്നെയും കാനഡയില്‍ കൊണ്ട് പോകണമെന്ന് ആന്റിയോട് അവർ ഒരിക്കല്‍ പറഞ്ഞു നോക്കി. ഞാൻ സമ്മതിച്ചില്ല…. ആന്റി പോലും സമ്മതിച്ചില്ല…… തോമസ് അങ്കിള്‍ അവരെ തെറി പറഞ്ഞില്ല എന്നേയുള്ളു.
വാതിലിൽ ആരോ മുട്ടി. എന്റെ ചിന്തയില്‍ നിന്നും ഞാൻ ഉണര്‍ന്നു.
ഞാൻ പോയി വാതിൽ തുറന്നു.
“അമ്മ കഴിക്കാൻ വിളിക്കുന്നു.” ഇസ മുഖം വീറ്പ്പിച്ചു കൊണ്ട് എന്നെ നോക്കാതെ പറഞ്ഞിട്ട് താഴേ പോയി.
ഇവരെല്ലാം ഇത്ര പെട്ടന്ന് വന്നോ? എന്റെ മൊബൈലില്‍ ഞാൻ സമയം നോക്കി. ങേ…. സമയം ഒന്‍പത് മണി കഴിഞ്ഞിരുന്നു.
എനിക്ക് വിശപ്പ് ഒട്ടും ഇല്ല. പക്ഷെ ആന്റി വിഷമിക്കും…. അതുകൊണ്ട് ഞാൻ താഴേ പോയി കഴിച്ചു. എന്നോട് ഇസയും ആന്റിയും സംസാരിച്ചില്ല. രണ്ട് പേരും മുഖം കറുപ്പിച്ച് ഇരുന്നു.
അവരുടെ പിണക്കം കണ്ടിട്ട് ഞാൻ വിഷമിച്ചു.
കഴിച്ച ശേഷം ഞാൻ ബൈക്കും എടുത്ത് പുറത്ത് പോയി. രണ്ട് കിലോമീറ്റര്‍ മാറി ചെറിയൊരു മല പ്രദേശം ഉണ്ട്. നൂറ് മീറ്റർ ഉയരവും അര കിലോമീറ്റര്‍ ചുറ്റളവുമുള്ള ചെറിയൊരു മല എന്ന് വേണമെങ്കിലും പറയാം.
അതിന്റെ ഏറ്റവും മുകളില്‍ കുറെ മരങ്ങളും, വലുതും ചെറുതുമായ കുറെ പാറകളും, ചെടിയും കൊടിയും എല്ലാമുണ്ട്. എപ്പോഴും തണുത്ത കാറ്റും, ചെടികളില്‍ പൂക്കുന്ന പൂക്കളുടെ സുഗന്ധവും എന്റെ മനസ്സിനെ എപ്പോഴും തണുപ്പിച്ചിരുന്നു.
എന്റെ ചെറു പ്രായം തൊട്ടേ, വര്‍ഷങ്ങളായി എന്നും അതിരാവിലെ വീട്ടില്‍ നിന്നും ഞാൻ ജോഗിങ് ചെയ്ത് ഇവിടെ വന്ന് ഈ മലയില്‍ കയറി കുറച്ച് നേരം വിശ്രമിക്കുന്നത് പതിവാക്കിയിരുന്നു. ചില സമയങ്ങളില്‍ ഇവിടെ നിന്നും വർക്ക് ഔട്ട് ചെയ്യാറുണ്ട്.