എല്ലാ മാസവും വലിയൊരു തുക ആന്റിയുടെ അക്കൌണ്ടിൽ വരും. കാശ് വേണ്ടെന്ന് ആന്റിയും അങ്കിളും അവരോട് എത്രയോ പറഞ്ഞ് നോക്കി. പക്ഷെ ഇന്നുവരെയും കാശ് വന്നു കൊണ്ടെ ഇരിക്കുന്നു.
എന്റെ നാലാമത്തെ വയസ്സ് തൊട്ട് ഞാൻ എന്റെ മാതാപിതാക്കളെ വെറുത്തു തുടങ്ങിയിരുന്നു. എന്റെ അഞ്ചാമത്തെ വയസ്സിലാണ് ഞാൻ അവരെ അവസാനമായി ‘അച്ഛൻ’, ‘അമ്മ’ എന്ന് വിളിച്ചത്. അതുകഴിഞ്ഞ് ഇന്നുവരെ ആ വാക്കുകള്‍ കേള്‍ക്കുന്നത് തന്നെ എനിക്ക് വെറുപ്പാണ്.
അവർ പോയ ശേഷം അവർ എപ്പോഴും വിളിച്ച് എന്നോട് സംസാരിക്കും. അവർ ചോദിക്കുന്നതിന് മാത്രം ഞാൻ മറുപടി കൊടുക്കും. എനിക്ക് എട്ട് വയസ്സുള്ളപ്പോഴാണ് അവരോടുള്ള സംസാരം ഞാൻ അവസാനിപ്പിച്ചത്.
എനിക്ക് പത്ത് വയസ്സുള്ളപ്പോഴാണ് അവർ ആദ്യമായി നാട്ടില്‍ വന്നത്. പക്ഷേ അവരെ കണ്ടതും എനിക്ക് പേടിയാണ് തോന്നിയത്.
എന്റെ ആന്റിയുടെ അടുത്ത് നിന്ന് എന്നെ പറിച്ചെടുത്ത് കൊണ്ട് പോകും എന്ന പേടി. എന്റെ ആന്റിയെ എനിക്ക് വല്യ ഇഷ്ടം ആയിരുന്നു. ആന്റി എന്നെ അത്രത്തോളം സ്നേഹിച്ചു.
എന്റെ റൂം ഞാൻ അകത്ത് നിന്നും പൂട്ടി എന്റെ അച്ഛനെയും അമ്മയെയും നോക്കാൻ പോലും ഞാൻ കൂട്ടാക്കിയില്ല. അച്ഛനോ അമ്മയോ കതകിൽ തട്ടി വിളിക്കുമ്പോള്‍ എല്ലാം ഞാൻ ഭയന്ന് വിറച്ച് കൊണ്ട് ഉറക്കെ കരഞ്ഞു.
എന്റെ കരച്ചില്‍ കേൾക്കുമ്പോൾ എല്ലാം എന്റെ ആന്റി എന്റെ അച്ഛനെയും അമ്മയെയും വഴക്ക് പറയുന്നത് ഞാൻ കേട്ടു.
രാവിലെ പൂട്ടിയ കതക് പാതിരാത്രി ആയിട്ടും ഞാൻ തുറന്നില്ല. കഴിക്കാൻ പോലും ഞാൻ റൂം തുറന്ന് പുറത്ത് വന്നില്ല.
പാതിരാത്രി കഴിഞ്ഞ് ആന്റി വന്നു കതകിൽ തട്ടി. ഞാൻ പിന്നെയും പേടിച്ച് കരഞ്ഞു. കതക് ഞാൻ തുറന്നില്ല.
എന്റെ അച്ഛനും അമ്മയും പോയെന്ന് ആന്റി ഉറക്കെ പറഞ്ഞു. അപ്പോഴാണ് ഞാൻ കതക് തുറന്നത്. ഞാൻ ഒരു പ്രാന്തന്‍ കണക്ക് ആന്റിയെ നോക്കി. ഞാൻ പേടിച്ച് നല്ലപോലെ വിറകുകയായിരുന്നു. എന്റെ മുഖം വിളറി വെളുത്തിരുന്നു. എന്റെ മാനസികാവസ്ഥ മനസ്സിലാക്കിയ ആന്റി എന്നെ ചേര്‍ത്ത് പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.
“എന്റെ മോന്‍ ആരെ കണ്ടും പേടിക്കേണ്ട, ആന്റി നിന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല…” ആന്റി കരഞ്ഞുകൊണ്ട് പറഞ്ഞു.