“മതിയാക് ഇസ…. ഈ സംസാരം നി തുടര്‍ന്നാല്‍, നിന്നോട് പിണങ്ങില്ല എന്ന് ഞാൻ തന്ന വാക്ക് എനിക്ക് പാലിക്കാൻ കഴിഞ്ഞെന്ന് വരില്ല….” ദേഷ്യം കാരണം എന്റെ സ്വരം തന്നെ മാറിയിരുന്നു.
പക്ഷേ അവളോടുള്ള ദേഷ്യം അല്ലായിരുന്നു.
എന്റെ മനസ്സു അറിയാവുന്ന ഇസ പെട്ടന്ന് മൗനമായി…. പക്ഷേ ദേഷ്യത്തോടെ ഇസ എന്നില്‍ നിന്ന് പുറകോട്ട് നീങ്ങി എന്നെ തൊടാതെ ഇരുന്നു. അതുകഴിഞ്ഞ് ഞങ്ങൾ രണ്ടുപേരും ഒന്നും സംസാരിച്ചില്ല.
പള്ളിക്ക് മുന്നില്‍ ബൈക്ക് ഞാൻ നിര്‍ത്തിയതും ഇസ എന്റെ മുഖത്ത് പോലും നോക്കാതെ ഇറങ്ങി ഒറ്റ പോക്ക്. എനിക്ക് വിഷമം തോന്നി.
ചുഴലിക്കാറ്റിൽ അകപ്പെട്ട ഇല പോലെയായിരുന്നു എന്റെ മനസ്. ഞാൻ നേരെ വീട്ടില്‍ വന്ന് എന്റെ ബെഡ്ഡിൽ കിടന്നു.
എന്റെ അമ്മ – ക്രിസ്റ്റി…. എന്റെ അച്ഛൻ – വിബിൻ…. രണ്ടുപേരും വല്യ ഡോക്ടര്‍സ് ആണ്. പഠിക്കുന്ന കാലം തൊട്ടേ അവർ തമ്മില്‍ ഇഷ്ടത്തിലായിരുന്നു. അതുകഴിഞ്ഞ് പഠിച്ചതും ഡോക്ടർ ആയതും ജോലിക്ക് കേറിയത് എല്ലാം ഒരുമിച്ച് തന്നെ. ഉടനെ അവർ തമ്മില്‍ വിവാഹവും കഴിച്ചു.
എനിക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് അവർ തമ്മില്‍ പ്രശ്നം തുടങ്ങുന്നത്….. അതിന് മുമ്പുള്ള കാര്യങ്ങൾ എന്റെ ഓര്‍മയില്‍ ഇല്ലാത്തത് കൊണ്ട് പ്രശ്നങ്ങൾ നേരത്തെ തുടങ്ങിയോ എന്നൊന്നും എനിക്കറിയില്ല.
എന്റെ പേരിലായിരുന്നു എപ്പോഴും പ്രശ്നം.
“ഉടനെ കുഞ്ഞ് വേണ്ടെന്ന് പറഞ്ഞപ്പോൾ നിനക്ക് കുഞ്ഞ് ഉടനെ വേണം… ഇപ്പോൾ അവനെ നോക്കാൻ നിനക്ക് സമയമില്ല….”
ഇതുപോലെ എപ്പോഴും അമ്മയെ അച്ഛൻ കുറ്റപ്പെടുത്തും.
“സ്ത്രീകൾ മാത്രമല്ല പുരുഷനും അതിൽ പങ്കുണ്ട്…. എനിക്ക് സമയം ഇല്ലെങ്കില്‍ നിങ്ങൾ അവനെ നോക്കണം…. അല്ലാതെ എന്നെ മാത്രം കുറ്റം പറഞ്ഞ് നടക്കരുത്…. എനിക്ക് അവന്‍ വലുതാണ് പക്ഷേ എന്റെ ജോലിയും വലുതാണ്…. അതിനെ കളഞ്ഞ് ഞാൻ ഒന്നും ചെയ്യില്ല…… ” പലപ്പോഴും ഇതുതന്നെ യായിരിക്കും അമ്മയുടെ മറുപടി.
“എനിക്കും എന്റെ ജോലി തന്നെയാ വലുത്….. എന്റെ ജോലി കളഞ്ഞ് ഒരു ബേബി സിറ്റരായി ഇവിടെ ഇരിക്കാൻ എന്നെ കിട്ടില്ല…..”
“അപ്പോ ഞാൻ മത്രം എന്റെ ജോലിയും കളഞ്ഞ് ബേബി സിറ്റരായി ഇവനെയും നോക്കി ഇരിക്കണം എന്നാണ് നിങ്ങൾ പറഞ്ഞ് വരുന്നെങ്കില്‍….. ഒരിക്കലും എനിക്കത് പറ്റില്ല….” എന്റെ അമ്മയുടെ വാചകം.