ഡാവിഞ്ചിയുടെ മഹാരഹസ്യം 4 [Smitha]

Posted by

കള്ളന്മാരെ പുറത്താക്കുകയല്ല, അവരെ അകത്താക്കാൻ അനുവദിക്കുക.

 

മോഷ്ടാവ് ചിത്രം ഇളക്കിയെടുത്ത് കടന്നുകളയാൻ ശ്രമിക്കുന്ന നിമിഷം, ഗ്യാലറിയുടെ വാതിൽ വലിയ ശബ്ദത്തോടെ അടയുന്ന സംവിധാനമാണ് കൺറ്റയിൻമെൻറ്റ് സെക്യൂരിറ്റി. പോലീസ് എത്തിച്ചേരുന്നതിന് മുമ്പ് തന്നെ കള്ളൻ അഴികൾക്കുള്ളിലാവുന്നു.

മാർബിൾ ഫ്ലോറിൽ പാദങ്ങൾ പതിയുമ്പോൾ മേൽക്കൂരയിൽ തട്ടി പ്രതിധ്വനിക്കുന്നത് വളരെ ഉച്ചത്തിലായി ഇപ്പോൾ. മുകളിൽ നിന്ന് ആരൊക്കെയോ തിടുക്കത്തിൽ ഇറങ്ങി വരികയാണ്  എന്ന് തോന്നും അപ്പോൾ. മുമ്പിൽ നിന്ന് ശക്തിയായ പ്രകാശ വലയം ഹാളിലേക്കടിക്കുന്നിടത്ത് അവരിരുവരും എത്തിച്ചേർന്നു.

“ക്യൂറേറ്ററുടെ ഓഫീസ്…”

ക്യാപ്റ്റൻ പറഞ്ഞു.

വിശാലമായ ഓഫീസിനടുത്തേക്ക് അയാളും  ഫാഷും സമീപിക്കുമ്പോൾ ലാങ്‌ഡന്റെ അങ്ങോട്ട് പാളിനോക്കി. ആഡംബരപൂർണ്ണമായ വലിയ ഓഫീസ്. മനോഹരമായ രീതിയിൽ പുസ്തകങ്ങൾ ക്രമീകരിച്ച ഷെൽഫുകൾ. ചുവരിൽ ഊഷ്മള വർണ്ണങ്ങളിൽ ലോകപ്രശസ്തരായ ചിത്രകാരന്മാരുടെ സൃഷ്ടികൾ. ഓഫീസ് മുറിയിൽ നിലത്ത് കുനിഞ്ഞും സാവധാനം നടന്നും അതി സൂക്ഷമമായി പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥർ. ലെൻസുകൊണ്ട് പരിശോധിക്കുകയും ഫോണിൽ സംസാരിക്കുകയും നോട്ട് ബുക്കുകളിൽ എഴുതുകയും ചെയ്തുകൊണ്ട് അവർ തങ്ങളുടെ ജോലി അത്യന്തം ഗൗരവമുള്ളതാണ് എന്ന് സൂചന നൽകി. ഒരാൾ സോണിയറുടെ വലിയ ഓഫീസ് ഡെസ്‌ക്കിന് സമീപമിരുന്നു ലാപ് ടോപ്പിൽ എന്തോ ടൈപ്പ് ചെയ്യുന്നു.

ചുരുക്കത്തിൽ സോണിയറുടെ ഓഫീസ് പോലീസിന്റെ കമാൻഡ് പോസ്റ്റ് ആയി മാറിക്കഴിഞ്ഞിരിക്കുന്നു.

“മെസ്സ്യൂസ്…”

ഫാഷ് ഉറക്കെ വിളിച്ചു.

ഓഫീസിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥർ ആദരവോടെ തിരിഞ്ഞു നോക്കി.

നെ നോസ് ഡിറാൻഷെ  പാസ് സോസ് ഒക്യൂൻ പ്രീടെക്സ്. എൻറ്റേൻറ്റ്?”

ഒരു കാരണവശാലും ഞങ്ങളെ ശല്യപ്പെടുത്തിയേക്കരുത്. പറഞ്ഞത് കേട്ടോ?

NE PAS DERANGER  എന്നെഴുതിയ സൈൻ ബോഡുകൾ പലപ്പോഴും ഹോട്ടൽ മുറികളിലും മറ്റിടങ്ങളിലും കണ്ടിട്ടുണ്ടായിരുന്നതിനാൽ ഫാഷ് പറഞ്ഞതിന്റെയാർത്ഥം ലാങ്‌ഡന് പെട്ടെന്ന് മനസ്സിലായി.

ഫാഷിനെയോ ലാങ്‌ഡനേയോ ഒന്നിനും ഒരു കാരണവശാലും ശല്യം ചെയ്തേക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *