“അതേ…”
ലിഫ്റ്റിലേക്ക് കയറവെ ലാങ്‌ഡൻ പറഞ്ഞു.
“കഴിഞ്ഞ വർഷം മുതൽക്ക് ഞാൻ ഒരു പുസ്തകത്തിന്റെ എഴുത്തിലാണ്. മിസ്റ്റർ സോണിയർക്ക് വളരെ പരിചയവും കഴിവുമുള്ള ഏരിയ ആണത്. അതുകൊണ്ട് തന്നെ കണ്ടുമുട്ടുമ്പോൾ മിസ്റ്റർ സോണിയറുമായി അതേക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ നോക്കിയിരിക്കുകയായിരുന്നു…”
“ഓഹോ! അത് ശരി! എന്താ നിങ്ങൾ എഴുതാൻ തുടങ്ങിയ പുസ്തകത്തിന്റെ വിഷയം?”
ലാങ്‌ഡൻ ഒരു നിമിഷം സംശയിച്ചു. പിന്നെ ആശ്വസിച്ചു, ഫാഷ് ഒരു പ്രസാധകനോ എഡിറ്ററോ അല്ല.
“ശരിക്കും പറഞ്ഞാൽ … ഞാൻ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം സ്ത്രീ ദൈവങ്ങളെ കുറിച്ചാണ്. സ്ത്രീ ദൈവങ്ങളെ ആരാധിക്കുന്ന ആളുകളെക്കുറിച്ച്. …സ്ത്രീകളുടെ വിശുദ്ധ പദവിയെപ്പറ്റി ….അവയുമായി ബന്ധപ്പെട്ട കലാ – പ്രതീക ശാസ്ത്രങ്ങളെപ്പറ്റി…”
“സോണിയർക്ക് അതേപ്പറ്റി അറിവുണ്ടായിരുന്നോ?”
“എന്ത് അറിവുണ്ടായിരുന്നോന്ന്?”
“നിങ്ങൾ എഴുതുന്ന പുസ്തകത്തെപ്പറ്റി. അതിലെ വിഷയങ്ങളെപ്പറ്റി?”
“ഇല്ല ..അതേപ്പറ്റി ആർക്കും അറിയില്ല….എന്റെ പബ്ളിഷിങ് കമ്പനിയല്ലാതെ,”
“അത് ശരി…”
“ഒരുപക്ഷെ മിസ്റ്റർ ലാങ്‌ഡൻ …”
ഫാഷ് തുടർന്നു.
“നിങ്ങളുടെ കയ്യെഴുത്ത് പ്രതിയെപ്പറ്റി ജാക്വിസ് സോണിയർക്ക് അറിവുണ്ടായിരുന്നു എന്ന് വെക്കുക. അദ്ദേഹം നിങ്ങളെക്കാണാൻ ആഗ്രഹിച്ചത് എന്തെങ്കിലും ഹെല്പ് ഓഫർ ചെയ്യാനാണെങ്കിൽ? പുസ്തകത്തിന്റെ രചനയെ സംബന്ധിച്ച്?”
ലാങ്‌ഡൻ നിഷേധാർത്ഥത്തിൽ തലകുലുക്കി.
“അതിന് സാധ്യത കുറവാണ് ക്യാപ്റ്റൻ ഫാഷ്. കാരണമുണ്ട്. ആ കയ്യെഴുത്ത് പ്രതിയെക്കുറിച്ച് ആർക്കും അറിവില്ല. എനിക്ക് ഉറപ്പാണ്. അത് ഫസ്റ്റ് ഡ്രാഫ്റ്റ് ഫോമിലുമാണ്. എന്റെ എഡിറ്റർക്കല്ലാതെ മറ്റാർക്കും തന്നെ ഞാനത് കാണിച്ചിട്ടില്ല,”
“നിങ്ങളും സോണിയറും തമ്മിൽ …”