അക്കാരണത്താൽ തന്നെ കാണുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ലാങ്‌ഡൻ വളരെ ഉത്സാഹത്തിലായിരുന്നു.
“മിസ്റ്റർ ലാങ്‌ഡൻ….”
ബേസു ഫാഷിന്റെ കർക്കശ്യമുള്ള ശബ്ദം ലാങ്‌ഡൻ കേട്ടു.
“കൊലചെയ്യപ്പെട്ട സോണിയർ താങ്കളോട് ചർച്ച ചെയ്യാനാഗ്രഹിച്ചത് എന്തായിരിക്കാമെന്നു താങ്കൾക്കൊന്ന് ഊഹിക്കാമോ? കേസന്വേഷണത്തെ അത് സഹായിക്കും! ഓർമ്മിക്കൂ, നിങ്ങളുമായി കാണാൻ ആഗ്രഹിച്ച അതേ രാത്രിയിലാണ് അദ്ദേഹം കൊല ചെയ്യപ്പെട്ടത്!”
ആ ചോദ്യത്തിന് മുമ്പിൽ ലാങ്‌ഡൻ ശരിക്കും പരിഭ്രമിച്ചു.
“അത് …”
അയാൾ ഉത്തരം പറയാൻ ശ്രമിച്ചു.
“അങ്ങനെ ചോദിച്ചാൽ…ക്യാപ്റ്റൻ ഫാഷ് …ഇല്ല ..എനിക്ക് ഒരൂഹവുമില്ല. ഞാൻ ചോദിച്ചില്ല. സത്യത്തിൽ ഞാനാകെ ത്രില്ലടിച്ചുപോയി അദ്ദേഹത്തെപ്പോലെ പ്രശസ്തനായ ഒരാൾ എന്നെക്കാണാൻ ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ…. അദ്ദേഹത്തിന്റെ ഒരു ഫാനാണ് ഞാൻ. അദ്ദേഹത്തിന്റെ എല്ലാ പുസ്തകങ്ങളും ഞാൻ ക്ലാസ്സിൽ റെഫറൻസ് ആയി ഉപയോഗിക്കാറുണ്ട്…”
ക്യാപ്റ്റൻ ഫാഷ് നോട്ടു ബുക്കിൽ വീണ്ടും എന്തൊക്കെയോ കുറിച്ചു.
ഡെനൺ വിങ്ങിന്റെ എൻട്രി ടണലിന്റെ പകുതിയോളം അവർ എത്തിച്ചേർന്നു.
അങ്ങേയറ്റത്ത് അനക്കമറ്റ രണ്ട് എസ്‌കലേറ്ററുകൾ ലാങ്‌ഡൻ കണ്ടു.
“നമുക്ക് ലിഫ്റ്റിലൂടെ പോകാം,”
ഫാഷ് പറഞ്ഞു.
“നടക്കാമെന്ന് വെച്ചാൽ ഗ്യാലറിയിലേക്ക് കുറെ ദൂരം ഉണ്ട്. അല്ല, നിങ്ങൾക്കറിയാമല്ലോ? നിങ്ങൾ എത്രയോ പ്രാവശ്യം ഇവിടെ വന്നിരിക്കുന്നു!”
ഫാഷ് തന്റെ വീതികൂടിയ കൈത്തലം ഉയർത്തി തന്റെ തലമുടി മാടിയൊതുക്കി.
“അതായത്, സോണിയറും നിങ്ങളും ഏതാണ്ട് ഒരേ വിഷയങ്ങളിൽ ആണ് മിടുക്കന്മാർ അല്ലേ?”
ലിഫ്റ്റിന്റെ ഡോർ തുറക്കപ്പെട്ടപ്പോൾ ഫാഷ് തുടർന്നു.