ഫാഷ് നോട്ട് ബുക്കിൽ എന്തോ കുത്തിക്കുറിക്കുന്നത് ലാങ്‌ഡൻ കണ്ടു. മുകളിൽ അത്ര പ്രശസ്തമല്ലാത്ത ചെറിയ ഒരു പിരമിഡ് തലകുത്തനെ നിൽക്കുന്നത് അയാൾ കണ്ടു.
“ലാ പിരമിഡ് ഇൻവേഴ്സ്…”
ലാങ്‌ഡൻ സ്വയം പറഞ്ഞു.
സൂര്യപ്രകാശത്തിന്റെ ഒരു വലിയ കിരണം കമിഴ്ത്തിയ മകുടം പോലെയുള്ള അതിനെപിളർന്ന് പുറത്തേക്ക് വന്നുകൊണ്ടിരുന്നു.
“നിങ്ങളുടെ മീറ്റിങ്ങിന് ആരാ മുൻകൈയെടുത്തത്?”
മറ്റൊരു സ്റ്റെയർകേസിലേക്ക് ലാങ്‌ഡനെ നയിക്കുന്നതിനിടയിൽ ഫാഷ് പെട്ടെന്ന് ചോദിച്ചു.
“നിങ്ങളോ അദ്ദേഹമോ?”
ചോദ്യത്തിൽ ഒരു ഭീഷണി ഉൾച്ചേർന്നിരിക്കുന്നത് ലാങ്‌ഡൻ അറിഞ്ഞു.
“മിസ്റ്റർ സോണിയറാണ് ആവശ്യപ്പെട്ടത്,”
പ്രസിദ്ധമായ ഡെനൺ വിങ്ങിലേക്ക് പ്രവേശിക്കുന്നതിനിടയിൽ ലാങ്‌ഡൻ മറുപടി നൽകി. ലൂവ്രിന്റെ ഏറ്റവും പ്രസിദ്ധമായ ചിത്ര ശിൽപ്പ ശേഖരങ്ങൾ ആ വിങ്ങിലാണ്.
“ഏതാനും ആഴ്ചകൾക്ക് മുമ്പേ അദ്ദേഹത്തിന്റെ സെക്രട്ടറി എന്നെ ഇ മെയിലിൽ ബന്ധപ്പെട്ടിരുന്നു. ഈ മാസം പാരീസിൽ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ എന്റെ സ്പീച്ച് ഉള്ള കാര്യം അദ്ദേഹം അറിഞ്ഞിരിക്കുന്നു എന്ന് സെക്രട്ടറി പറഞ്ഞു. സ്പീച്ചിന് ശേഷം അവിടെ വെച്ച് എന്നെ കാണാനും സംസാരിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നതായി സെക്രട്ടറി എന്നെ അറിയിച്ചു…”
“എന്ത് സംസാരിക്കാൻ?”
“അറിയില്ല… എനിക്ക് തോന്നുന്നു പെയിന്റ്റിങ്ങുകൾ…ഡിസൈനുകൾ…സിമ്പൽസ്… ഇവയെക്കുറിച്ച് സംസാരിക്കാനായിരിക്കാം. ഞങ്ങൾക്കിടയിൽ പൊതുവായ കാര്യങ്ങൾ അവയൊക്കെയാണ്…”
ഫാഷ് ലാങ്‌ഡന്റെ വാക്കുകൾ അവിശ്വസിക്കുന്നതായി തോന്നി.
“നിങ്ങൾക്ക് ഒരു പിടിയുമില്ലേ, അതിനെക്കുറിച്ച്?”
ലാങ്‌ഡന് അറിയില്ലായിരുന്നു. എന്തിനാണ് തന്നെ കാണുന്നതെന്ന് ചോദിക്കാൻ അയാൾ ആഗ്രഹിച്ചിരുന്നു, അപ്പോൾ. പക്ഷെ ലാങ്‌ഡൻ ആദരണീയനായ സോണിയറുടെ നേച്ചർ അറിഞ്ഞിരുന്നു. സ്വകാര്യത ആവശ്യത്തിലേറെ ഇഷ്ട്ടപ്പെടുന്നയാളാണ് സോണിയർ. തീരെക്കുറച്ച് സന്ദർശകർക്കേ അദ്ദേഹം തന്നെ കാണാൻ അനുമതി കൊടുക്കുമായിരുന്നുള്ളൂ.