“സംശയമെന്താ? ഒരദ്‌ഭുതം തന്നെയാണ് നിങ്ങളുടെ ഈ പിരമിഡ്,”
“പിന്നേ!”
മുരളുന്ന സ്വരത്തോടെ ഫാഷ് പറഞ്ഞു.
“അദ്‌ഭുതം! കോപ്പാ! പാരീസിന്റെ മുഖത്തെ വൃത്തികെട്ട ചെളി!”
പാഠം ഒന്ന്: ഫാഷ് – പ്രീതിപ്പെടുത്താൻ സാധ്യമല്ലാത്ത ഒരു മനുഷ്യൻ. പരുക്കൻ, മുരടൻ.
പ്രസിഡന്റ്റ് മിത്താറങ് പ്രത്യേകിച്ച് നിഷ്ക്കർഷിച്ചിരുന്നു ഈ പിരമിഡിന്റെ നിർമ്മാണത്തിന് അറുനൂറ്റി അറുപത്തിയാറ് ഗ്ലാസ്സ് പാനലുകൾ ഉപയോഗിക്കണമെന്ന്. അറുനൂറ്റി അറുപത്തിയാറ് സാത്താന്റെ സംഖ്യയാണ് എന്നും അത് അനുവദിക്കാൻ പാടില്ലായെന്നും മതവിശ്വാസികൾ അന്ന് തന്നെ എതിർപ്പറിയിച്ചിരുന്നു.
ഇതൊക്കെ അറിയാവുന്നത് കൊണ്ടാണോ ഫാഷ് ഇതിനെ ‘വൃത്തികെട്ട ചെളി’ എന്ന് വിളിക്കുന്നത്?
ലാങ്‌ഡൻ സംശയിച്ചു.
സംസാരിക്കണോ ഈ വിഷയം ഇപ്പോൾ ഇയാളോട്?
വേണ്ട.
ഭൂഗർഭ ലോബിയിലേക്ക് നേരെ നടക്കവേ നിഴലുകളിൽ നിന്ന് കൂടുതൽ ഭാഗം വെളിപ്പെട്ട് ഫ്ലോർ അതിന്റെ വിശാലതയറിയിച്ചു. ഗ്രൗണ്ട് ലെവലിൽ നിന്നും അൻപത്തി ഏഴ് അടി താഴെയായി പുതുതായി നിർമ്മിച്ച ലൂവ്രിന്റെ ഈ എഴുപതിനായിരം ചതുരശ്ര അടിയുള്ള ലോബി അവസാനമില്ലാത്ത ഒരു ഗുഹ പോലെ ലാങ്‌ഡന് തോന്നി. പിങ്ക് മാർബിളിലും തേൻ നിറത്തിലുള്ള കല്ലിലുമാണ് ഹാളിന്റെ നിർമ്മാണം. അവിടെ എപ്പോഴും സൂര്യപ്രകാശത്തിന്റെയും ടൂറിസ്റ്റുകളുടെയും തിരക്കായിരിക്കും.