ലൂവ്ര് മ്യൂസിയം.
നീളം കൊണ്ട് യൂറോപ്പിലെ ഏറ്റവും വലിയ കെട്ടിടമായി പരിഗണിക്കപ്പെടുന്ന ലൂവ്ര് മ്യൂസിയത്തിന് ഒരു വലിയ കുതിര ലാടത്തിന്റെ ആകൃതിയാണ് . മൂന്ന് ഈഫൽ ഗോപുരങ്ങൾ നിലത്ത് കിടത്തിവെച്ചാൽ അതിന്റെ നീളം കിട്ടും. പാരീസിന്റെ ആകാശനീലിമയിലേക്കുയർന്ന് നിൽക്കുന്ന ഒരു മഹാ ദുർഗ്ഗം. മ്യൂസിയത്തിന്റെ പാർശ്വങ്ങൾക്ക് മദ്ധ്യേയുള്ള ഓപ്പൺ പ്ലാസയ്ക്ക് മാത്രം ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്ണമുണ്ട്.
ആദ്യമായി ലൂവ്ര് മ്യൂസിയത്തിന് ചുറ്റും താൻ നടന്നത് ലാങ്ഡൻ ഓർമ്മിച്ചു.
മൂന്ന് മൈൽ ദീർഘമുള്ള ഒരു യാത്രയായിരുന്നു അത്!
മ്യൂസിയത്തിലെ വിശ്വപ്രസിദ്ധിയാർജ്ജിച്ച അറുപത്തി അയ്യായിരത്തി മുന്നൂറ് ചിത്രങ്ങൾ ആസ്വദിച്ച് കാണണമെങ്കിൽ ഏതാണ്ട് അഞ്ച് ആഴ്ച്ചകൾ വേണ്ടിവരുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പക്ഷെ മിക്ക സന്ദർശകരും മൂന്ന് കാര്യങ്ങൾക്ക് മാത്രം പ്രാധാന്യം നൽകി സന്ദർശനം പൂർത്തിയാകുന്നവരാണ്. എണ്ണച്ചായാ ചിത്രമായ മൊണാലിസ, വീനസ് ഡി മിലോ ശിൽപ്പങ്ങൾ, വിങ്ഡ് വിക്റ്ററി എന്ന പേരിലറിയപ്പെടുന്ന ഹെലനിസ്റ്റിക് മാർബിൾ ശിൽപ്പ സമാഹാരം.
വാഹനത്തിൽ നിന്നു വാക്കി ടോക്കിയുമെടുത്ത് ഡ്രൈവർ ഇറങ്ങി. തിടുക്കത്തിൽ അയാൾ ഫ്രഞ്ചിൽ ആരോടോ സംസാരിച്ചു.
“മോൺഷ്യർ ലാങ്ങ്ഡൻ എസ്റ്റ് അറൈവ്. ഡ്യൂ മിനിറ്റ്സ്…”
മിസ്റ്റർ ലാങ്ങ്ഡൻ എത്തിച്ചേരും. പത്ത് മിനിറ്റുകൾക്കുള്ളിൽ.
എന്നിട്ട് അയാൾ കാറിനകതിരുന്ന ലാങ്ങ്ഡന്റെ നേരെ തിരിഞ്ഞു.
“ക്യാപ്റ്റൻ പ്രധാന വാതിലിനടുത്ത് ഇപ്പോൾ എത്തിച്ചേരും,”
അത് പറഞ്ഞ് അയാൾ കാറിൽ കയറി. പിന്നെ പുറത്തേക്ക് ഓടിച്ചുപോയി.
അൽപ്പം ദൂരെ മനോഹരമായ ഒരു പെയിൻറ്റിങ് പോലെ, പ്രൗഢിയോടെ, ലൂവ്ര് മ്യൂസിയത്തിന്റെ പ്രധാന വാതിൽ കാണപ്പെട്ടു.
ലാ പിരമിഡ്.
മ്യൂസിയം പോലെ തന്നെ പ്രസിദ്ധിയാർജ്ജിച്ചതാണ്, എഴുപത്തിയൊന്ന് അടി ഉയരമുള്ള പ്രധാനവാതിലിനടുത്തുള്ള ഗ്ളാസ്സ് പിരമിഡ്. ചൈനയിൽ ജനിച്ച അമേരിക്കൻ ആർക്കിടെക്റ്റ് ഐ എം പെയി ആണ് ആ സ്ഫടിക വിസ്മയം ഡിസൈൻ ചെയ്തത്. പക്ഷെ അതിന്റെ നിർമ്മാണം അൽപ്പം വിവാദമുണ്ടാക്കിയിരുന്നു.
“എങ്ങനെയുണ്ട് ഞങ്ങളുടെ പിരമിഡ്?”
ഏജന്റ് ജെറോം കോളറ്റ് ചോദിച്ചു.
ആ ചോദ്യത്തിൽ ഒരു പ്രശ്നമുണ്ട്. ലാങ്ഡൻ ഓർത്തു.
ചോദ്യത്തിലല്ല.
ഉത്തരം പറയുന്നതിൽ.
‘കൊള്ളാം ഉഗ്രൻ’ എന്നൊക്കെ പറഞ്ഞാൽ നമ്മുടെ ആസ്വാദനരീതിക്ക് എന്തോ പ്രശ്നമുണ്ട് എന്ന് കരുതപ്പെടും.
‘ഇഷ്ടപ്പെട്ടില്ല’ എന്ന് പറഞ്ഞാൽ അത് ഫ്രഞ്ച്കാർക്ക് ഒരപമാനവുമാകും.
“മിത്തറാങ് ഉശിരുള്ള പ്രസിഡന്റ് ആയിരുന്നു,”
ഏജന്റ്റ് പറഞ്ഞു.
പ്രസിഡന്റ് മിത്തറാങ് ആയിരുന്നു ഈ സ്ഫടിക പിരമിഡ് കമ്മീഷൻ ചെയ്തത്. ആളുകൾ അദ്ദേഹത്തിന് ഫറവോ കോംപ്ലെക്സിന്റെ അസുഖമുണ്ട് എന്ന് അടക്കം പറഞ്ഞു.
ഫറവോമാർ ഈജിപ്തിൽ ചെയ്തതൊക്കെ അദ്ദേഹം പാരീസിന്റെ തെരുവുകളിൽ നിറച്ചു.
സ്മാരകങ്ങൾ, കലാനിർമ്മിതികൾ, പിരമിഡുകൾ….
“നിങ്ങളുടെ ക്യാപ്റ്റന്റെ പേരെന്താണ്?”
ലാങ്ഡൻ വിഷയം മാറ്റിക്കൊണ്ട് ചോദിച്ചു.