ലൂവ്ര് മ്യൂസിയത്തിന്റെ ക്യൂറേറ്റർ എന്നാൽ കലാലോകത്തെ ഏറ്റവും വലിയ അധികാരിയെന്നർത്ഥം.
ഒരിക്കൽ നിയമിതനായി കഴിഞ്ഞാൽ പിന്നെ സ്ഥിരമാണ്. സ്വയം റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്ന കാലത്തോളം.
പുറത്ത് നഗരത്തിന്റെ തിരക്ക് ഏതാണ്ട് ഒതുങ്ങിയിരുന്നു.
വഴിവാണിഭക്കാർ അവരുടെ വാഹനങ്ങൾ തിരികെയോടിക്കാൻ തുടങ്ങുന്നു. മാലിന്യങ്ങൾ നിറച്ച ബാഗുകളുമായി നഗര സഭയുടെ ജീവനക്കാർ നീങ്ങുന്നത് കണ്ടു. ജമന്തിപ്പൂക്കളുടെ സുഗന്ധം പരക്കുന്ന ഒരിടത്ത് , മേപ്പിൾ മരത്തിന് താഴെ ഒരു സുന്ദരിയും അവളുടെ കാമുകനും ആലിംഗനബദ്ധരായി നിൽക്കുന്നത് ലാങ്ങ്ഡൻ നോക്കിയിരുന്നു. തങ്ങൾ സഞ്ചരിച്ച് കൊണ്ടിരിക്കുന്ന വാഹനം രാജകീയമായ പ്രൗഢിയിൽ, സൈറൺ മുഴക്കി, തെരുവിനെ രണ്ടായി മുറിച്ച് നീങ്ങുന്നത് ലാങ്ങ്ഡൻ കണ്ടു.
“നിങ്ങൾ ഇന്ന് പാരീസിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ക്യാപ്പ്റ്റന് ഭയങ്കര സന്തോഷമായി,”
പ്രശസ്തമായ ട്യൂലിയേഴ്സ് ഗാർഡന്റെ വടക്കേ കവാടത്തിലൂടെ സെഡാൻ കാർ കുതിച്ച് പായുമ്പോൾ ഏജന്റ്റ് ജെറോം കോളറ്റ് പറഞ്ഞു. ലാങ്ങ്ഡൻ ട്യൂലിയേഴ്സ് ഗാർഡനെ ഒരു പവിത്രഭൂമിയായാണ് കണ്ടിരുന്നത്. ഈ ഗാർഡനിൽ വെച്ചാണ് പ്രശസ്ത ചിത്രകാരൻ ക്ളോഡ് മോണെറ്റ് രൂപത്തെയും നിറത്തെയും പരീക്ഷണവിധേയമാക്കിയത്. അവസാനം ലോകമാകമാനമുള്ള ചിത്രകാരന്മാർക്ക് ഇമ്പ്രഷനിസം എന്ന ഒരു നൂതന സാങ്കേതിക വിദ്യ സമ്മാനിച്ചത്.
ലെഫ്റ്റനന്റ് ജെറോം കോളറ്റ് അസഹ്യമായി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന സൈറൺ ഓഫ് ചെയ്തു. അപ്പോൾ ലാങ്ങ്ഡൻ ദീർഘനിശ്വാസം ചെയ്തു. ഹോ! എന്തൊരാശ്വാസം! ഇരച്ചു വന്ന ശാന്തത ശ്വാസകോശങ്ങളിലേക്ക് അയാൾ ആവാഹിച്ചു.
വാഹനം ഇപ്പോൾ ഇടത് വശത്തേക്ക് തിരിഞ്ഞു. പാർക്കിന്റെ വടക്കേ കവാടത്തിലൂടെ പോയി വൃത്താകൃതിയിലുള്ള ഒരു തടാകത്തിന്റെ കരയിലൂടെ അത് നീങ്ങി. ഇരുവശത്തും മരങ്ങൾ നിബിഢമായി വളർന്ന് നിന്ന ഒരു തെരുവിലേക്ക് കാർ പ്രവേശിച്ചു. അവിടെനിന്നു ദീർഘ സമചതുരാകൃതിയിലുള്ള പുൽത്തകിടിയിലേക്ക് കാർ കടന്നു. ഇപ്പോൾ മുമ്പോട്ട് നോക്കിയാൽ ട്യൂലിയേഴ്സ് ഗാർഡൻ തീരുന്നിടം കാണാം. മറ്റൊരു ഭീമാകാരൻ കവാടവും.
ആർക് ദു കരൗസ്സൽ.
കരൗസ്സൽ കവാടം.
കലയെയും ശിൽപ്പനിർമ്മാണത്തെയും സംഗീതത്തെയും സ്നേഹിക്കുന്നവർ പവിത്രതയോടെ കാണുന്നയിടമാണ് ഇത് മുഴുവൻ. ഇവിടെ തുടങ്ങുകയാണ് ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ നാല് മ്യൂസിയങ്ങൾ. വലത് വശത്ത് പഴയ റെയിൽവേ സ്റ്റേഷനാണ്. മനോഹരമായ പ്രകാശത്തിൽ നിറഞ്ഞ് നിൽക്കുകയാണ് ആ ഇടം. ലാങ്ഡൻ അവിടേക്ക് വാഹനത്തിന്റെ ജനാലയിലൂടെ നോക്കി. അതിനടുത്ത് മ്യൂസീ ഡി ഓർസിയ.
ഓർസിയ മ്യൂസിയം.
ഇടത് വശത്ത് അൾട്രാ മോഡേൺ പോംപിദോ സെൻട്രൽ. അതിനുള്ളിലാണ് മ്യൂസിയം ഓഫ് മോഡേൺ ആർട്ട്.പിമ്പിൽ, പടിഞ്ഞാറുഭാഗത്ത്, രാംസെസ് ദേവതയുടെ സ്മാരകം നിൽക്കുന്നതിന്റെ മുമ്പിൽ മ്യൂസി ദു ഴാങ് ഡി പൗമം.
പക്ഷെ തന്റെ നേരെ മുമ്പിൽ കാണുന്നതാണ് ഫ്രാൻസിന്റെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധാകേന്ദ്രമായ റിനൈസ്സൻസ് പാലസ്. അതിലാണ് ലോകത്തെ ഏറ്റവും പ്രസിദ്ധമായ കലാകേന്ദ്രം നിലകൊള്ളുന്നത്.
മ്യൂസീ ദു ലൂവ്ര്