ചാട്ടയടിയേൽക്കാൻ.
ചെയ്ത പാപങ്ങൾക്കുള്ള പ്രായശ്ചിത്തം.
ഇന്നത്തെ പാപങ്ങളിൽ നിന്ന് തനിക്ക് ആത്മാവിനെ മുക്തമാക്കണം.
അലമാരയിൽ നിന്ന് ആണികളും ലോഹമുള്ളുകളും തറച്ച നീണ്ട ചാട്ട സൈലസ്സ് കയ്യിലെടുത്തു.
കറുത്ത ശിരോവസ്ത്രവും അടിവസ്ത്രങ്ങളും ഊരിമാറ്റി.
പൂർണ്ണ നഗ്നനായി.
തുടയിൽ അമർത്തിക്കെട്ടിയ ആണികൾ തറച്ച തുകൽ ചട്ടയിലേക്ക് നോക്കി.
പിന്നെ ചാട്ട ചുഴറ്റി.
സർവ്വശക്തിയുമെടുത്ത് സ്വയം ആഞ്ഞടിച്ചു.
ലോഹമുള്ളുകളും ആണികളും പാകിയ ചാട്ട ദേഹത്തെ, മാംസത്തെ തുളച്ച് അകത്തേക്ക് തറഞ്ഞു.
വലിച്ചൂരിയപ്പോൾ മാംസശകലങ്ങൾ മുള്ളുകളിൽ കൊളുത്തി വലിഞ്ഞു.
“….ആഹ്…ഓഹ്ഹ്ഹ….അമ്മേ….”
അസഹ്യവേദനയിൽ സൈലസ്സ് അലറി കരഞ്ഞു.
ചാട്ട വീണ്ടും വീണ്ടും ദേഹത്ത് ആഞ്ഞു പതിച്ചു.
നിലത്തേക്ക് ചോര നീർച്ചാലുകൾ പോലെയൊഴുകി.
പക്ഷെ കയ്യിൽ നിന്ന് ചാട്ട നിലത്ത് വീണില്ല.
ഓരോ അടി ദേഹത്ത് പതിക്കുമ്പോഴും സൈലസ്സ് നിശബ്ദമായി പറഞ്ഞു.
“വേദന എത്ര നല്ലതാണ്!”
**************************************************************************
ജുഡീഷ്യൽ പോലീസിന്റെ ഔദ്യോഗികവാഹനം പാരീസിന്റെ അഭിജാതമായ തെരുവുകളിലൂടെ മുമ്പോട്ട് കുതിക്കുകയായിരുന്നു. കാറിന്റെ തുറന്ന ജനാലയിലൂടെ ഏപ്രിൽ മാസത്തെ തുളച്ചു കയറുന്ന കാറ്റ് അകത്തേക്ക് കടന്നു.അത് തന്നെ അസഹ്യപ്പെടുത്തുന്നത് റോബർട്ട് ലാങ്‌ഡൻ അറിഞ്ഞു. സീറ്റിൽ ചാഞ്ഞിരിക്കവേ ആദ്യം മുതൽ എല്ലാം ഒന്നുകൂടി ഓർക്കാൻ അയാൾ ശ്രമിച്ചു.
തിടുക്കത്തിൽ കുളിച്ചിട്ടാണ് വന്നത്. ഷേവ് ചെയ്തിരുന്നു. എന്നുവെച്ചാൽ അൽപ്പം സ്മാർട്ടായിട്ടുണ്ട് എന്നർത്ഥം. പക്ഷെ ആകാംക്ഷ വളർന്ന് ആകാശം മുട്ടുന്നതല്ലാതെ ഒരിഞ്ചുപോലുംകുറയുന്നില്ല.
മരിച്ച് നിലത്ത് കിടക്കുന്ന ജാക്വിസ് സോണിയറുടെ ശരീരം അത്ര ഭീകരമായി മനസ്സിൽ താഴിട്ട് പൂട്ടികിടക്കുകയാണ്!
ജാക്വിസ് സോണിയർ മരിച്ചിരിക്കുന്നു!
നഷ്ടബോധം മനസ്സിനെ കീഴടക്കുകയാണ്.
എപ്പോഴും ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നെങ്കിലും കലാ ലോകത്തെ കുലപതിയെന്ന നിലയിൽ ലോക പ്രസിദ്ധനായിരുന്നു ജാക്വിസ് സോണിയർ. അക്കാരണത്താൽ റോബർട്ട് ലാങ്ങ്ഡൺ അദ്ദേഹവുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് വേണ്ടി തീവ്രമായി ആഗ്രഹിച്ചിരുന്നു. കൃത്യവും കണിശവുമായ കലാ നിരൂപണങ്ങൾ, വിമർശിക്കുമ്പോഴും ഭാഷയിൽ പുലർത്തുന്ന മാന്യത, ലോക ചിത്ര -ശിൽപ്പ സംഗീത വിഭാഗങ്ങളെപ്പറ്റിയുള്ള അഗാധ ജ്ഞാനം….
ഇവയൊക്കെയോ ഇവയെക്കാൾ മേലെയോ ആയിരുന്നു സോണിയർ.
അക്കാരണത്താൽ, ഫ്രഞ്ച് പുരാവസ്തു വകുപ്പിന് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല ജാക്വിസ് സോണിയറെ ലൂവ്ര് മ്യൂസിയത്തിന്റെ ക്യൂറേറ്റർ ആയി നിയമിക്കുവാൻ.