“മാപ്പ് കിട്ടിക്കഴിഞ്ഞാൽ….”
ടീച്ചർ മന്ത്രിക്കുന്നത് പോലെ പറയുന്നത് സൈലസ്സ് കേട്ടു.
“….മാപ്പ് കിട്ടിക്കഴിഞ്ഞാൽ നമുക്ക് പിന്നെ ബാക്കിയുള്ളത് ഒരു ചുവട് മാത്രമാണ്. ഒരേയൊരു ചുവട്. ലക്ഷ്യത്തിലെത്താൻ…”
“അതെ..നമ്മൾ ലക്ഷ്യത്തിന് ഏറ്റവുമടുത്താണ് ടീച്ചർ…”
സൈലസ്സ് പറഞ്ഞു.
“മാപ്പ് തേടി മറ്റൊരിടത്തേക്കുംപോകേണ്ട. അതിവിടെ തന്നെയുണ്ട്. പാരീസിൽ,”
“ങ്ങ്ഹേ? പാരീസിലോ? ശരിക്കും? വിശ്വസിക്കാൻ പറ്റുന്നില്ല! അപ്പോൾ അധികം കഷ്ട്ടപ്പെടാതെ കീ സ്റ്റോൺ കിട്ടുമല്ലോ..”
അൽപ്പം മുമ്പ് നടന്ന, ആ രാത്രിയിലെ സംഭവങ്ങൾ സൈലസ് ഒന്നുകൂടി ഓർമ്മിച്ചു.
ഷെനോഷോസ്സിലെ മൂവരെയും വേറെ വേറെ താൻ ചെന്ന് കണ്ടത്. അവരോരുത്തരിൽ നിന്നും മാപ്പിരിക്കുന്ന സ്ഥലത്തെപ്പറ്റി അറിഞ്ഞത്.
അവരിൽ നിന്നു സ്ഥലത്തെപ്പറ്റി അറിഞ്ഞു കഴിഞ്ഞ് താൻ ഓരോരുത്തരേയും വെടി വെച്ചുകൊന്നത്.
അവസാനം ലൂവ്ര് മ്യൂസിയത്തിൽ വെച്ച് ഗ്രാൻഡ് മാസ്റ്ററെക്കണ്ടത്.
ഷെൻഷോസ്സിലെ മൂവരും പറഞ്ഞ അതേ സ്ഥലം തന്നെ ഗ്രാൻഡ് മാസ്റ്ററും പറഞ്ഞത്. അവസാനം അയാളെയും വെടിവെച്ച് കൊന്നത്…
നാലുപേരും പറഞ്ഞത് ഒരേ സ്ഥലം.
പാരീസിലെ ഏറ്റവും പുരാതനമായ പള്ളിയ്ക്കകത്ത്.
സെയിൻറ്റ് സൾപ്പീസ് പള്ളിയ്ക്കകത്ത്.
“എന്താ?”
ടീച്ചറിന്റെ സ്വരത്തിലെ ഞെട്ടൽ സൈലസ് കേട്ടു.
“കർത്താവിന്റെ ദേവാലയത്തിലോ? ഇതിൽക്കൂടുതൽ പരിഹാസം വേറെയുണ്ടോ?”
“ടീച്ചർ! നൂറ്റാണ്ടുകളായി ഇതുതന്നെയല്ലേ അവർ ചെയ്യുന്നത്?”
ടീച്ചർ ഒരു നിമിഷം മൗനത്തിലായത് സൈലസ്സ് അറിഞ്ഞു.
“സൈലസ്സ്!”
അൽപ്പം കഴിഞ്ഞ് സൈലസ്സ് ടീച്ചറിന്റെ ശബ്ദം കേട്ടു.
“നീ ചെയ്തത്…..ദൈവത്തിന് വേണ്ടി നീ ചെയ്തത് ….. എന്ത്മാത്രം മൂല്യമേറിയ സേവനമാണ് എന്ന് നിനക്കറിയാമോ? സൈലസ്സ് ശ്രദ്ധിച്ച് കേൾക്കൂ…ഞാൻ ഇനി പറയാൻ പോകുന്നത് ഏറ്റവും ശ്രദ്ധയോടെ കേൾക്കൂ….”
സൈലസ്സിന്റെ കാതുകൾ ജാഗരൂകമായി.
“ഇന്ന് രാത്രി തന്നെ സെയിൻറ്റ് സൾപ്പീസ് പള്ളിയിൽ പോവുക. പള്ളിക്കകം അരിച്ചു പെറുക്കുക. എനിക്ക് വേണ്ടി നീയാ മാപ്പ് കണ്ടെത്തുക! ഇന്ന് രാത്രി!”
പിന്നെ എന്താണ് ചെയ്യേണ്ടത് എന്ന് ടീച്ചർ സൈലസിനോട് വിശദീകരിച്ചു.
സൈലസ് ഫോൺ പഴയ സ്ഥാനത്ത് വെച്ചു.
തന്റെ ദേഹം വിശപ്പോടെ കാത്തിരിക്കുകയാണ്.