അനാഥനും ഭ്രാന്തനും വെറുക്കപ്പെട്ടിരുന്നവനുമായ തനിക്ക് അഭയവും ബഹുമാനവും പരിരക്ഷയും തന്നിരുന്ന ഒരു വലിയ മനുഷ്യനോടുള്ള തന്റെ കടങ്ങൾ.
അലമാരയുടെ അടുത്തേക്ക് തിടുക്കത്തിൽ നീങ്ങി, ഏറ്റവും അടിയിലെ ഷെൽഫിൽ, തുണികൾക്കടിയിൽ ഒളിപ്പിച്ച സെൽഫോൺ അയാൾ പുറത്തെടുത്തു.
ഒരു നമ്പർ ഡയൽ ചെയ്തു.
“യെസ്…”
മറുവശത്ത് ഒരു പുരുഷശബ്ദം സൈലസ്സിന്റെ വിളിക്ക് ഉത്തരം കൊടുത്തു.
“ടീച്ചർ…ഞാൻ തിരിച്ചു വന്നു…”
സൈലസ്സ് മിടിക്കുന്ന ഹൃദയത്തോടെ പറഞ്ഞു.
“എന്നിട്ട്?”
ആജ്ഞാശബ്ദം സ്ഫുരിക്കുന്ന ആ ശബ്ദം സൈലസ്സ് കേട്ടു.
“എന്നിട്ടെന്തുണ്ടായി? പറയൂ…”
ആകാംക്ഷയും സന്തോഷവും നിറഞ്ഞ ശബ്ദം സൈലസിന്റെ കാതുകളെ തൊട്ടു.
“നാലുപേരെയും…നാലുപേരെയും ഞാൻ തട്ടി…”
തുടിയ്ക്കുന്ന ഹൃദയത്തോടെ സൈലസ്സ് വീണ്ടും പറഞ്ഞു.
“ഷെനെഷോസ്സിലെ മൂന്ന് പേരെയും ഗ്രാൻഡ് മാസ്റ്ററെയും…”
അപ്പുറത്ത് നിന്ന് അൽപ്പ സമയത്തേക്ക് പ്രതികരണമൊന്നുമുണ്ടായില്ല.
പക്ഷെ അപ്പുറത്ത് നിന്ന് തന്റെ വാക്കുകൾ കേൾക്കുന്നയാളുടെ ഹൃദയത്തുടിപ്പ് തനിക്ക് അനുഭവിക്കാൻ കഴിയുന്നുണ്ട് എന്ന് സൈലസ്സ് അറിഞ്ഞു.
അതിരില്ലാത്ത ആനന്ദത്തിന്റെ ഹൃദയത്തുടിപ്പ്!
“ഗ്രാൻഡ് മാസ്റ്ററെയും!”
ഒരു പ്രാർത്ഥനാ ഗീതത്തിന്റെ പവിത്രതയോടെ അങ്ങേത്തലയ്ക്കൽ നിന്നുള്ള ശബ്ദം സൈലസ്സ് കേട്ടു.
“അതെ ഗ്രാൻഡ് മാസ്റ്ററെയും….ഗ്രാൻഡ് ഗ്യാലറിയ്ക്കകത്ത്…”
“അതിനർത്ഥം…. സൈലസ്…നിനക്ക് അവരിൽ നിന്നും നമ്മൾ ആഗ്രഹിച്ച വിവരം ലഭിച്ചു എന്നാണ്; അല്ലേ?”
“അതെ, ടീച്ചർ…എനിക്ക് നമ്മൾ ആഗ്രഹിച്ച വിവരം ആ നാലുപേരിൽ നിന്നും കിട്ടി…”
അപ്പുറത്ത് തന്റെ വാക്കുകൾ കേൾക്കുന്നയാൾ ആശ്വാസത്തോടെ നിശ്വസിക്കുന്ന ശബ്ദം സൈലസ്സ് കേട്ടു.
“മാപ്പ് ഒളിപ്പിക്കപ്പെട്ടിരിക്കുന്ന സ്ഥലം നാലുപേരും പറഞ്ഞു. നാലുപേരും ഒരേ സ്ഥലമാണ് പറഞ്ഞത്…ക്ലെഫ് ഡി വോട്ട്…അതിന്റെ സ്ഥാനം നാലുപേരും പറഞ്ഞത് ഒരേ സ്ഥലം… ടീച്ചർ…”
പെട്ടെന്ന് ഫോണിന്റെ അങ്ങേയറ്റത്ത് നിന്ന് ആശ്ചര്യദ്യോതകമായ ശബ്ദം സൈലസ്സ് കേട്ടു.
“മാപ്പിരിക്കുന്ന സ്ഥലം..നീയത് ..അത് നീ …അത് നീയറിഞ്ഞോ സൈലസ്സ്…?”
ഐതിഹ്യമനുസരിച്ച് രഹസ്യസംഘം ഒരു മാപ്പുണ്ടാക്കിയിരുന്നു. ഫ്രഞ്ചിൽ ക്ലെഫ് ഡി വോട്ട് അല്ലെങ്കിൽ ഇംഗ്ലീഷിൽ കീ സ്റ്റോൺ എന്നാണ് അവർ അതിനെ വിളിച്ചിരുന്നത്. തങ്ങൾ മറവ് ചെയ്തിരിക്കുന്ന രഹസ്യത്തിലേക്കെത്തിച്ചേരാൻ സഹായിക്കുന്ന മാപ്പ്. ആ രഹസ്യം ജീവൻ കൊടുത്തും സംരക്ഷിക്കുകയെന്നതാണ് രഹസ്യസംഘത്തിന്റെ ലക്ഷ്യം. പ്രത്യേകിച്ചും ഷെനെഷോസ് എന്നറിയപ്പെടുന്ന സംഘത്തിലെ ഏറ്റവും പ്രധാനികളായ മൂവരുടെയും അവരുടെ തലവനായ ഗ്രാൻഡ് മാസ്റ്ററുടെയും.