അവിടെ നിന്നാല്‍ അതിരുകളില്ലാത്ത വിശാല ഭൂഭാഗം കാണാം. ദൂരെ മെട്രോപോളിറ്റന്‍ ക്ലബ്ബും അതിനും ദൂരെ നഗര വെളിച്ചങ്ങളും.
മധ്യകാലഘട്ടത്തില്‍, രാജ്യാതിര്‍ത്തി വിസ്തൃതമാക്കാനും അന്യരാജ്യങ്ങളിലെ സമ്പത്ത് കൊള്ളയടിക്കാനും നര്‍മ്മദയുടെ തീരത്തുനിന്നും പട നയിച്ച സൂര്യ വംശത്തിലെ പ്രതാപ വര്‍മ്മ രാജാവിന്‍റെ ഇങ്ങേയറ്റത്തെ പിന്‍മുറക്കാരനാണ് രാജശേഖര എന്നാണ് ഐതിഹ്യങ്ങളും ചരിത്ര രേഖകളും പറയുന്നത്. ഇപ്പോഴത്തെ ശാന്തിപുരം ഉള്‍പ്പെടുന്ന വലിയൊരു പ്രദേശം പ്രതാപ വര്‍മ്മ അദ്ധേഹത്തിന്‍റെ അധീനതയിലാക്കി. പക്ഷെ അദ്ദേഹം തിരിച്ചുപോയില്ല. സുഗന്ധദ്രവ്യങ്ങളുടെയും മാമാങ്കത്തിന്‍റെയും നാടിന്‍റെ സൌന്ദര്യം അദ്ധേഹത്തെ പിടിച്ചുനിര്‍ത്തി. ശാന്തിപുരത്ത് അദ്ദേഹം ഒരു കൊട്ടാരം പണിതു. എട്ടുപത്തു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവമാണ്. എന്നാലും ആ കൊട്ടാരം ഭാഗികമായ കേടുപാടുകളോടെ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നു. പുരാതന ഭംഗി നിറഞ്ഞ ആ കൊട്ടാരത്തിനകത്ത് അപൂര്‍വ്വവും വില പിടിച്ചതുമായ ശില്‍പ്പങ്ങളും ചിത്രങ്ങളും രേഖകളുമുണ്ട്.
തന്നെ കണികണ്ടാണ് ഡാഡി എന്നും ഉണരുന്നതെന്ന്‍ അവള്‍ അറിഞ്ഞിരുന്നു. അവരുടെ ബെഡ് റൂമില്‍ പതിപ്പിച്ചിരുന്ന, മാഗ്നിഫൈ ചെയ്ത തന്‍റെ ചിത്രം കണ്ട്. “യുവര്‍ ഹൈനെസ്, എന്താണ് രാവിലത്തെ ദുര്‍ഭരണം?” അദ്ധേഹത്തിന് അഭിമുഖമായിരുന്ന്‍ അവള്‍ ചോദിച്ചു. “കൊട്ടാര നിയമങ്ങള്‍ ലംഘിക്കുന്ന ഒരു കുറ്റവാളിയെ ശിക്ഷിച്ചിട്ടാവാം ഏതു ഭരണവും എന്ന്‍ ചിന്തിക്ക്യാരുന്നു.” “ആരാണാവോ ആ കുറ്റവാളി?” “ഇത്രയും വര്‍ഷത്തെ ഭരണത്തിനിടയില്‍ എനിക്ക് തലവേദനയായിട്ട് ഒരു കുറ്റവാളി മാത്രേയുള്ളൂ.” അദ്ദേഹം അവളുടെ കുസൃതിക്കണ്ണുകളിലേക്ക് നോക്കി. “അതെന്‍റെ സീമന്ത പുത്രി തന്നെയാണ്.” “കുറ്റം?” “അത് ഞാന്‍ പറയാം.” പിമ്പില്‍ നിന്ന്‍ ഗായത്രിദേവിയുടെ ശബ്ദം അവര്‍ കേട്ടു.
സ്വരം മാറ്റി ദിവ്യ പറഞ്ഞു. “ഇന്നെനിക്ക് രണ്ടുപേരോടും ഒരു കാര്യം ചോദിച്ചറിയാനുണ്ട്.” അവര്‍ ഇരുവരും അവളെ നോക്കി. “അതറിയാതെ ഒരു ചുവട് ഞാന്‍ ഇവിടുന്ന്‍ അനങ്ങില്ല,” അവള്‍ തുടര്‍ന്നു. “നിങ്ങളെയും അനുവദിക്കില്ല.” ദിവ്യ അവരെ മാറിമാറി നോക്കി. “ഇത് ഞാന്‍ മുമ്പും ചോദിച്ചിട്ടുണ്ട്,” അവള്‍ തുടര്‍ന്നു. “അന്നൊന്നും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല. നീ കൊച്ചാണ്, അതറിയാനുള്ള പ്രായമായിട്ടില്ല, പ്രായമാകുമ്പോള്‍ അറിഞ്ഞാല്‍ മതി, എന്നൊക്കെയാണ് മഹാരാജാവും മഹാറാണീം ഈ പാവം പ്രജയോട് അന്നൊക്കെ അരുളി ചെയ്തത്. ഓര്‍മ്മയുണ്ടോ?” ഗായത്രിദേവി നെറ്റി ചുളിച്ചു. “ഞാനിപ്പോള്‍ അന്നത്തെ പന്ത്രണ്ട് വയസ്സ് മാത്രം പ്രായമുള്ള, ഉറുമ്പിന്‍ കണ്ണിന്‍റെയത്രയും പോലും വിവരമില്ലാത്ത മൂക്കളച്ചാത്തി പെണ്ണല്ല.” മുഖം കോട്ടിക്കൊണ്ട് അവള്‍ പറഞ്ഞു. “അടുത്ത പൌര്‍ണ്ണമിയില്‍ എനിക്ക് പതിനെട്ട് വയസ്സ് തികയുകയാണ്.” പുതിയൊരു വാര്‍ത്ത കേള്‍ക്കുന്ന പോലെ രാജശേഖര വര്‍മ്മയും ഗായത്രി ദേവിയും മുഖാമുഖം നോക്കി. അദ്ധേഹത്തിന്‍റെ മുഖത്ത് പറയത്തക്ക ഭാവഭേദങ്ങളില്ലെങ്കിലും ഗായത്രിദേവിയുടെ മുഖത്ത് ഒരു സംഭ്രമം ദിവ്യ കണ്ടു. “അതായത് ഭരണഘടന പ്രകാരം ഒരു പെണ്ണ്‍ പ്രായപൂര്‍ത്തിയായി എന്ന് തെളിയിക്കുന്ന പ്രായത്തിലേക്ക് ഞാന്‍ കടക്കാന്‍ പോകുന്നു ഏതാനും ദിവസങ്ങള്‍ക്കകം.” “മോളേ, നീ …?” രാജശേഖര വര്‍മ്മ ചോദിച്ചു. “ഡാഡീം മമ്മീം ചെയ്ത പ്രോമിസ് പാലിക്കാന്‍ സമയമായി, ഇപ്പോള്‍.” അവള്‍ ദൃഡസ്വരത്തില്‍ പറഞ്ഞു. “യൂ മസ്റ്റ് ബീ ട്രൂത്ത്‌ഫുള്‍ റ്റു യുവര്‍ പ്രോമിസ്…രണ്ടു കാര്യങ്ങള്‍ എനിക്കറിയണം. ഒന്ന്‍ നാഗത്താന്‍ മലയിലെ നിധിയുടെ യഥാര്‍ത്ഥ കഥ. രണ്ട് …” അവള്‍ രണ്ടുപേരെയും തറപ്പിച്ചുനോക്കി. ശക്തമായ ഒരു പ്രതിരോധം പോലെ ഇരുവരും തന്നെ നോട്ടം കൊണ്ട് നേരിടാന്‍ ശ്രമിക്കുകയാണ് എന്ന്‍ അവള്‍ക്ക് തോന്നി. “….രണ്ട്,” അവള്‍ തുടര്‍ന്നു. “എന്‍റെ ജനനത്തിന് പിമ്പില്‍ എന്തൊക്കെയോ രഹസ്യമുണ്ട് എന്ന്‍ എനിക്ക് സൂചന കിട്ടിയിട്ടുണ്ട്. ഡാഡിയും മമ്മിയും ഗ്രാനിയും ഒക്കെ അടക്കത്തില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്താണത്?” ക്ഷാത്ര വീര്യം സ്ഫുരിക്കുന്ന മുഖഭാവം നിലനിര്‍ത്താന്‍ രാജശേഖര വര്‍മ്മ ശ്രമിക്കുന്നുണ്ടെങ്കിലും ഗായത്രി ദേവിയില്‍ ഇപ്പോഴും സംഭ്രമം നിലനില്‍ക്കുന്നുണ്ട്. “ഡാഡീം മമ്മീം ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്നതെന്താ?” അസഹിഷ്ണുത നിറഞ്ഞ സ്വരത്തില്‍ അവള്‍ ചോദിച്ചു. “എന്നോട് പറഞ്ഞാല്‍ കുഴപ്പമുണ്ടാകുന്ന എന്ത് സബ്ജക്റ്റാ അത്? ഞാനറിഞ്ഞാല്‍ എന്ത് പ്രശ്നങ്ങളാ ഉണ്ടാവാന്‍ പോകുന്നെ? ഐ വാണ്‍റ്റ് ടു നോ ഇറ്റ്. ഡാഡി, യൂ നോ ഹൌ മച്ച് ഐ…” രാജശേഖര വര്‍മ്മ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റു. അദ്ദേഹം അടുത്തു വന്ന്‍ അവളുടെ തോളില്‍ പിടിച്ചു. ദിവ്യ എഴുന്നേറ്റ് അദ്ധേഹത്തിനഭിമുഖമായി നിന്നു. “എന്ത് പറ്റി, ഡാഡീ?” അദ്ധേഹത്തിന്‍റെ ഭാവത്തിന്‍റെ പ്രത്യേകതയറിഞ്ഞവള്‍ ചോദിച്ചു. “നാഗത്താന്‍ മലയിലെ നിധിയെപ്പറ്റി അസാധാരണത്വമൊന്നുമില്ല മോളേ.” അദ്ദേഹം പറഞ്ഞു. “അത് മോള്‍ അറിയുന്നതില്‍ ഞങ്ങള്‍ക്ക് ഒരു വിഷമവുമില്ല.” ഒരു നിമിഷം അദ്ധേഹം മൌനിയായി. “ഇംഗ്ലീഷുകാരുടെ വരവിന്‍റെ ആദ്യകാലത്താണ് ശാന്തിപുരത്തിന്‍റെ സമ്പത്ത് നാഗത്താന്‍ മലയിലെത്തുന്നത്.” ചരിത്രത്തിന്‍റെ ഓര്‍മ്മകളിലൂടെ അദ്ധേഹം സംസാരിച്ചു. “സൂര്യ വംശത്തിലെ പൂര്‍വ്വികര്‍ ജീവന്‍ നല്‍കിയും രാജ്യത്തിന്‍റെ സമ്പത്ത് നഷ്ട്ടപ്പെടുത്താതിരിക്കാന്‍ ശ്രമിച്ചു…” ദിവ്യ ശ്രദ്ധിച്ചു കേട്ടു. “നമ്മുടെ കൊട്ടാരത്തിലെ ഖജനാവിനെക്കുറിച്ച് ഇംഗ്ലീഷുകാര്‍ക്ക് മുമ്പേ തന്നെ അറിവു കിട്ടിയിരുന്നു. അമൂല്യവും അത്യപൂര്‍വ്വവുമായ രത്നങ്ങളും വൈരങ്ങളും അവയിലുണ്ടായിരുന്നു. ഇന്ദ്രനീലവും മരതകവും പുഷ്യരാഗവും പവിഴവും മാണിക്ക്യവുമടക്കം. അത് കൈവശപ്പെടുത്താന്‍ അവര്‍ ശ്രമിച്ചു. നാല് തലമുറകള്‍ക്കപ്പുറത്ത് മുമ്പുള്ള നമ്മുടെ പിതാമഹന്‍, ഉദയ വര്‍മ്മ മഹാരാജാവ്, ഇംഗ്ലീഷുകാരുടെ ഉദ്ദേശം മനസ്സിലാക്കി. അവരുടെ ആക്രമണ പദ്ധതിയറിഞ്ഞു…” യജ്ഞകുണ്ഡമുണ്ടാക്കപ്പെട്ടു. പുരോഹിതര്‍ യജ്ഞകുണ്ഡത്തിനു ചുറ്റുമിരുന്നു. നാഗമന്ത്രം ജപിച്ച് രാജപുരോഹിതന്‍ യജ്ഞണ്ഡത്തിലേക്ക് ഹവിസ് ആഹുതി ചെയ്തു. യജ്ഞത്തിന്‍റെ തീവ്രതരമായ ഒരു ഘട്ടത്തില്‍ നാഗത്താന്‍ മലയില്‍, എവിടെയോ ഒരിടത്തുനിന്ന്‍ അതിവേഗത്തില്‍ ഒരു രാജവെമ്പാല ഗുഹയെ ലക്ഷ്യമാക്കി ഇഴഞ്ഞുനീങ്ങി. മന്ത്രോച്ചാരണം നിലക്കുന്നതിനു മുമ്പ് രാജവെമ്പാല യജ്ഞകുണ്ഡത്തിന് മുമ്പിലേക്ക് വന്നു.” ദിവ്യയുടെ മിഴികള്‍ വിസ്മയത്താല്‍ വിടര്‍ന്നു. “പുരോഹിതന്മാര്‍ എഴുന്നേറ്റു നിന്നു,” രാജശേഖര വര്‍മ തുടര്‍ന്നു. “രാജപുരോഹിതന്‍ നിധിപേടകത്തിന്‍റെ മുമ്പിലേക്ക് വിരല്‍ ചൂണ്ടി. രാജവെമ്പാല പേടകത്തിന്‍റെ മുകളിലേക്ക് കയറി ഫണം വിടര്‍ത്തിയിരുന്നു.” ദിവ്യ വിസ്മയ നിശ്ചലയായി കഥയ്ക്ക് കാതോര്‍ത്തു. “പുരോഹിത സംഘവും പട്ടാളക്കാരും ഉദയവര്‍മ്മ മഹാരാജാവും പുറത്തേക്ക് നടന്നു. പിറ്റേ ദിവസം ഇംഗ്ലീഷുകാര്‍ കൊട്ടാരം വളഞ്ഞു. ഘോരയുദ്ധമുണ്ടായി.