മണിയാണികളും ഈഴവരും പുലയരും ബഹുഭൂരിപക്ഷമുള്ള പാടിയോട്ടു മലയിൽ ക്രിസ്താനികൾ അധികമുണ്ടായിരുന്നില്ല. സാജുമോന്റെ കുടുംബം മാത്രമായിരുന്നു. അവന്റെ മരണത്തോടെ അവന്റെ അമ്മ റോസമ്മ അവിടം വിട്ടു ചെമ്പന്തൊട്ടിയ്ക്ക്, ആങ്ങളമാരുടെയിടത്തേക്ക് പോയി.
പോകാൻ നേരം യൂണിവാഴ്സിറ്റിയിലേക്ക് പോകാൻ ബസ് കാത്തിരുന്ന തന്നെ കണ്ടു.
അവർ കരഞ്ഞു.
താനും.
“മോള് വിഷമിക്കണ്ട,”
അവർ അന്ന് പറഞ്ഞു.
“ഞാൻ പുണ്യാളന് നേർന്നിട്ടുണ്ട്…ഗീവർഗ്ഗീസ് പുണ്യാളനോട് നേർന്നാൽ അച്ചട്ടാ ഫലിക്കും!”
പോകാൻ നേരം അവറാൻ യാത്ര പറഞ്ഞുവെങ്കിലും ബിബിന കേട്ടില്ല. മനസ്സിൽ വയനാട്ടുകുലവന്റെ തെയ്യക്കോലവും കുതിരപ്പുറത്ത് നിന്ന് കുന്തവുമായി പാമ്പിന്റെ രൂപത്തിലുള്ള സാത്താനെ എതിരിടുന്ന ഗീവർഗ്ഗീസ് പുണ്യാളനും അവളുടെ കണ്പോളകൾക്കകത്തെ ഇരുട്ടിൽ സൂര്യപ്രകാശമുള്ള ബിംബങ്ങളായി ഇടകലർന്നു. അപ്പോൾ മുമ്പിലിരിക്കുന്ന അവറാനെയോ അയാളുടെ ശബ്ദത്തെയോ അവൾ കാണുകയോ കേൾക്കുകയോ ചെയ്തില്ല.
കട്ടിലിൽ ചാരിയിരുന്ന് , കണ്ണുകൾ അടച്ച് സ്ഥലകാലങ്ങൾ വിസ്മരിച്ച് ബിബിനയിരുന്നപ്പോൾ പുതിയ ഒരു ബിംബം കണ്പോളകൾക്കകത്ത് പ്രത്യക്ഷമായി. വെള്ളിച്ചിറകുള്ള മാലാഖ. അവന്റെ കയ്യിൽ പുരോഹിതന്റെ തിരുവസ്ത്രങ്ങൾ. ചുവപ്പിൽ, സ്വർണ്ണ നിറത്തിൽ മുന്തിരിപ്പഴങ്ങളും ഒലിവിലകളും മീനുകളും കുന്തിരിക്കം മണക്കുന്ന പുരോഹിതന്റെ വസ്ത്രത്തിൽ കൊത്തിവെച്ചിരുന്നു.
പിന്നെ എല്ലാ ബിംബങ്ങളും അപ്രത്യക്ഷ്യമായി.
പുതിയ ഒന്ന് കടന്ന് വന്നു.
ക്രിസാന്തിമം പൂക്കളുടെ മധ്യത്തിൽ നിന്ന് തന്നെ നോക്കി പുഞ്ചിരിക്കുന്ന സാജുമോൻ!
“മോനെ!”
അസഹ്യമായ ദുഃഖത്തിൽ ബിബിന ഉറക്കെ വിളിച്ചു.
അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു.
മുമ്പിൽ നല്കുന്ന സാജുമോനെ അവൾ നോക്കി.
വെളുത്ത ഉടുപ്പ്.
പുരോഹിത വസ്ത്രം.
“സാജുമോനെ, നീയെപ്പോൾ വന്നു?”
അവൾ ചോദിച്ചു.
“സാജുമോനോ?”
ബിബിനയോട് അയാൾ ചോദിച്ചു.
“ഏത് സാജുമോൻ? ഞാൻ സാംസണാ,”
ബിബിന കണ്ണുകൾ തിരുമ്മി.
മുമ്പിൽ നിൽക്കുന്ന ദീർഘകായണെ നോക്കി.
ആറടിയിലേറെ ഉയരം. വെളുത്ത് തുടുത്ത കവിളുകൾ. നാല്പത്തി അഞ്ചിന് മേൽ പ്രായം തോന്നും. കയ്യിൽ സ്വർണ്ണചെയിൻ. തുറന്നുകിടക്കുന്ന കുർത്തക്കഴുത്തിലൂടെ പുറത്തേക്ക് കാണാവുന്ന കട്ടിയുള്ള സ്വർണ്ണമാല. മൂന്ന് വിരലുകളിലും രത്നം പതിച്ച സ്വർണ്ണമോതിരങ്ങൾ. അയാളിൽ നിന്ന് വിലപിടിച്ച സുഗന്ധം പുറത്തേക്ക് വമിച്ചു.
“ഓ!”