“അല്ല…അതാ പറന്നു പോകുന്നു മാലാഖ…”
“പോടാ! നിന്റെ കെട്ടുവിട്ടില്ല! ആകെ ഒന്നോ രണ്ടോ പുകയല്ലേ എടുത്തുള്ളൂ നീ? ആദ്യം വലിക്കുന്നത് കൊണ്ട് തോന്നുന്നതാ…”
സാജുമോൻ ജനാലയ്ക്ക് പുറത്തേക്ക് തന്നെ നോക്കികിടന്നു.
“ആ എന്റെ രണ്ട് ആസ്ട്രേലിയൻ ഫ്രെണ്ട്സ് കാവിനടുത്ത ലോഡ്ജിൽ താമസിക്കുന്നുണ്ട്. അവർക്ക് തെയ്യത്തെപ്പറ്റി പറഞ്ഞ് കൊടുക്കാം എന്ന് ഞാൻ പറഞ്ഞാരുന്നു…നീ വീട്ടിലേക്ക് പോയിട്ട് ഒരു രണ്ടു മണിക്കൂർ കഴിഞ്ഞ് വാ. അപ്പോഴേക്കും തെയ്യാട്ടം കഴിയും…”
ഒന്നും ശബ്ദിക്കാതെ ഉടുപുടവകൾ വാരിയെടുത്ത് സാജുമോൻ പുറത്തേക്ക് പോയി.
അപ്പോഴേക്കും പള്ളിയറസ്ഥാനത്ത് നിന്ന് കണ്ണൻ പെരുവണ്ണാൻ ധ്യാനമുണർന്നു.
കളമെഴുത്തുകാർ തെയ്യത്തറയിൽ നിന്നുമെഴുന്നേറ്റിരുന്നു അപ്പോൾ.
മലയികൂത്ത് കഴിഞ്ഞ് ഓതിക്കൻ തോറ്റത്തിന് തയ്യാറെടുത്ത് ആകാശം നോക്കി.
കഞ്ചാവിന്റെ അവശേഷിക്കുന്ന സുഖദമായ ലഹരിയിൽ ബിബിന അപ്പോൾ കാവിനെ സമീപിച്ചിരുന്നു.
“സാറേ,”
അവറാന്റെ വിളിയൊച്ച ബിബിനയെ ഉണർത്തി.
അവൾ ഞെട്ടിയുണർന്നു.
“എന്താ?”
അവൾ പെട്ടെന്ന് ചോദിച്ചു.
“എന്തോ ഓർത്തു അല്ലെ?”
അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
“ഇപ്പോൾ ഇവിടെ വന്ന ആ കുട്ടി…ആരാ അത് അവറാൻ ചേട്ടാ?”
“എന്റെ മോൻ…സാജൻ…”
“സാജൻ?”
“അതെ…എട്ട് വയസ്സേ ഉള്ളൂ. പക്ഷെ പറഞ്ഞിട്ടെന്നാ! വാ നെറച്ചും വല്ല്യ വർത്തനമാ. അവന്റെ പൂതിയെന്നതാന്നറിയാമോ? അച്ചം പട്ടത്തിന് പഠിക്കാൻ. നടന്നതാ! എന്റെ കൊക്കിന് ജീവനൊണ്ടേ സമ്മതിക്കുവേല ഞാൻ! ആങ്ഹാ!”
ബിബിനയ്ക്ക് തൊണ്ട വരളുന്നത് പോലെ തോന്നി.
ജനാലയ്ക്ക് പുറത്ത് മാലാഖ പ്രത്യക്ഷമാവുന്നുണ്ടോ?
ഈശോയുടെ ഉടുപ്പുമായി ഏതെങ്കിലും കെരൂബ് ഒരു തരുണ ദേഹത്തെ കാത്തിരിക്കുന്നുണ്ടോ?
“എന്തിനാ അവറാൻ ചേട്ടാ മോനിപ്പം വന്നേ?”
അവറാന്റെ മുഖത്ത് ലജ്ജ നിറഞ്ഞു.
“ഏഹ്? അവറാൻ ചേട്ടൻ നാണിക്കുന്നോ! ഇത് കൊള്ളാല്ലോ! എന്താ ചേട്ടാ, എന്താണേലും പറയൂന്നേ,”
“അത് സാറേ! പള്ളിപെരുന്നാള് നടക്കുവല്ലേ. എന്റെ പെമ്പ്രന്നോത്തി സാജന്റെ ‘അമ്മ ഒരു കഴുന്ന് നേർന്നാരുന്നേ. അത് ഓർമ്മിപ്പിക്കാൻ വന്നതാ!”
“എന്താ നേർച്ചയ്ക്ക് കാരണം?”
വീണ്ടും അയാളുടെ മുഖം ലജ്ജയാൽ കുതിർന്നു.
“ശ്യേ! ചേട്ടനെന്തിനാന്നെ ഇങ്ങനെ പിള്ളേരെപ്പോലെ നാണിക്കുന്നെ! പറയുന്നേ!”
“അതേ സാറേ…”
അയാൾ പുറത്തേക്ക് ഒന്ന് രണ്ടു പ്രാവശ്യം നോക്കിയിട്ട് പറഞ്ഞു.
“സാജന്റെ അമ്മയ്ക്ക് എന്നെ ഫയങ്കര സംശയവാ…ഞാനേതെലും പെണ്ണിന്റെ വലേൽ വീഴാതിരിക്കാൻ…അതിനാ ഈ നേർച്ചയൊക്കെ…”
“ആർക്കാ നേർന്നിരിക്കുന്നെ?”
“ഗീവർഗ്ഗീസ് പുണ്യാളന്! അറീത്തില്ലേ? പാമ്പിന്റെ ഉപദ്രവങ്ങളീന്നു രക്ഷിക്കുന്ന പുണ്യാളൻ!”
ബിബിനയുടെ ദേഹത്തുകൂടി ഒരു പെരുപ്പുയർന്നു.