ഫാദര്‍ ഉലഹന്നാന്‍റെ ലൈബ്രറി മുറിയില്‍ ജാലകത്തിനോട് ചേര്‍ന്ന്, അദ്ധേഹത്തിന് അഭിമുഖമായി ഇരിക്കുകയായിരുന്നു വിനീത. ഫലിതവും ഗൌരവവും കലര്‍ന്ന കാര്യങ്ങള്‍ ഒരു മിനിറ്റ് ഇടവേള പോലും നല്‍കാതെ ഫാദര്‍ ഉലഹന്നാന്‍ പറയുന്നുണ്ടെങ്കിലും വിനീതയുടെ ശ്രദ്ധ അയാളുടെ വാക്കുകളിലായിരുന്നില്ല. അടുത്താഴ്ച മംഗലാപുരത്ത് വെച്ചാണ് സെമിനാര്‍. ദ ഫ്യൂച്ചര്‍ ഓഫ് ഇന്ത്യന്‍ സയന്‍സ് ഇന്‍ ദ ചെയിഞ്ചിംഗ് മെറ്റാഫിസിക്കല്‍ സെനാരിയോ എന്ന വിഷയത്തില്‍ മൂന്നു ദിവസത്തെ സെമിനാര്‍ ആണ്. ഡിപ്പാര്‍ട്ട്മെന്റ് മാത്രമല്ല മാനേജ്മെന്‍റ് പോലും അപ്പ്രൂവ് ചെയ്ത പേര് വിനീതയുടെതാണ്.
അതിനു കാരണങ്ങള്‍ പലതാണ്.
റിപ്പബ്ലിക് ടി വി യിലെ അര്‍ണാബ് ഗോസ്വാമിയെയും എം പി ശശി തരൂരിനെയുംപോലും കടത്തിവെട്ടുന്ന സുന്ദരന്‍ ഇംഗ്ലീഷ് ആണ് വിനീതയുടേതെന്നാണ് മൊത്തത്തിലുള്ള സംസാരം.
പിന്നെ നെയ്ച്ചര്‍, ദ സയന്‍സ് പോലുള്ള വിഖ്യാത മാഗസിനുകളില്‍ സ്ഥിരം ലേഖനങ്ങള്‍ എഴുതുന്നു.
അതിനും പോരാതെ പ്രിയപ്പെട്ട ശിഷ്യന്മാര്‍ പലരും അവരുടെ ക്ലാസ്സിന്‍റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തത് പലതും പത്തുലക്ഷം വ്യൂസ് കടക്കുകയും ചെയ്തിരിക്കുന്നു.
“അതേ ടീച്ചറെ…അങ്ങനെ ഒഴിവു കഴിവൊന്നും പറയണ്ട. ഇന്റര്‍നാഷണല്‍ മീഡിയ ഒക്കെ കവര്‍ ചെയ്യുന്ന ഒരു സെമിനാറാ. നമ്മുടെ കോളെജിന്‍റെ പേര് നല്ല കിടിലോസ്ക്കി പോലെ ആകണെങ്കില്‍ ടീച്ചറ് പോയേ പറ്റൂ. വേറെ വല്ലോരേം വിട്ടാ അവിടെ ചൊറീം കുത്തി കോട്ട് വായും വിട്ട് ഇരിക്കത്തെ ഒള്ളൂ,”
പ്രിന്‍സിപ്പാള്‍ ഫാദര്‍ ഉലഹന്നാന്‍ തറയില്‍ പറഞ്ഞു.
വിനീത അദ്ധേഹത്തെ നീരസത്തോടെ നോക്കി.
“എന്നാ? പറഞ്ഞത് ഇഷ്ട്ടപ്പെട്ടില്ലേ?”
“നമ്മുടെ കോളെജിന്‍റെ പേര് എന്ത് പോലെ ആകണന്നാ അച്ചന്‍ പറഞ്ഞെ?”
ഫാദര്‍ ഒരു നിമിഷം ആലോചിച്ചു.
“നല്ല കിടിലോസ്ക്കി പോലെ,”
“അച്ഛന് ലജ്ജയില്ലേ?”
വിനീത പെട്ടെന്ന് ചോദിച്ചു.
ഫാദര്‍ ഉലഹന്നാന്‍ വിഷണ്ണനായി അവളെ നോക്കി.
“ചുമ്മാ വള്ളിനിക്കറിട്ടു നടക്കുന്ന കൊച്ചുപിള്ളേര് പറയുന്നപോലെയുള്ള വാക്കുകള്‍ ഇങ്ങനെ ഒരു ഉളുപ്പുമില്ലാതെ പറയാന്‍? അച്ചന്‍ ഒരു ആത്മീയ ഗുരുവല്ലേ? ഒരു കോളെജിന്‍റെ പ്രിന്‍സിപ്പാള്‍ അല്ലേ? എന്നിട്ട് പറയുന്നു…ചന്തപ്പിള്ളേരുടെ ഓരോ…”