“എന്തുപറ്റി റോസിലി ചേച്ചി?” അവള്‍ അടഞ്ഞു കിടക്കുന്ന സുകുമാരന്‍റെ പച്ചക്കറിക്കടയുടെ മുമ്പില്‍ നിന്ന റോസിലിയോട് ചോദിച്ചു.
“എന്‍റെ കുഞ്ഞേ, ആരാണ്ട് പാര്‍ട്ടിക്കാര് ചത്തെന്നോ കൊന്നെന്നോ..ഹര്‍ത്താലാ. എന്നായാലെന്നാ ഇന്ന്‍ ഒരു കാര്യോം നടക്കത്തില്ല.”
അശ്വതിയ്ക്ക് വിഷമമായി. ഇന്ന് ക്ലിനിക്കില്‍ പോകാന്‍ പറ്റില്ല എന്ന് അവള്‍ക്ക് ഉറപ്പായി. ഹര്‍ത്താലിന്‍റെ കാര്യം മുന്‍കൂട്ടി അറിയാന്‍ പറ്റിയില്ല. ഇപ്പോള്‍ പന്ത്രണ്ടായി. ഡോക്റ്റര്‍ ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞെത്താന്‍ ഇനി അര മണിക്കൂറെയുള്ളൂ.
“മോള്‍ക്കിന്നു ആശൂത്രീല്‍ പോകാന്‍ പറ്റൂന്ന് തോന്നുന്നില്ല. ഓട്ടോയോ ഒന്നും ഇന്ന്‍ ഓടത്തില്ല.” റോസിലി വിഷമത്തോടെ അശ്വതിയോട് പറഞ്ഞു.
അപ്പോഴാണ് മുമ്പില്‍ രഘുവിന്‍റെ ഓട്ടോറിക്ഷാ വന്നു നിന്നത്. രഘുവല്ല ഓടിക്കുന്നത്. അവന്‍റെ ഇളയ സഹോദരനാണ്. രഘു ഓട്ടോയില്‍ നിന്ന്‍ തല വെളിയിലെക്കിട്ടു ചോദിച്ചു.
“എന്നാ വരുന്നോ?”
“ആ ഇത് നമ്മടെ രഘുവല്ലേ. മോളിതിന് പൊക്കോ. ഹര്‍ത്താല് കാരെയൊക്കെ കൈകാര്യം ചെയ്യാന്‍ ഇവനറിയാം.
“ചേച്ചി ടൌണിലേക്കൊണ്ടോ?’ അശ്വതി റോസിലിയോട് ചോദിച്ചു.
“എന്‍റെ പൊന്ന് ചേച്ചീ ഞാന്‍ ചേച്ചീനെ പിടിച്ച് തിന്നത്തൊന്നുവില്ല. വരുന്നൊണ്ടേ വാ.”
“ഇല്ല മോളെ, ഞാനെന്തിനാ ടൌണിലേക്ക് വരുന്നേ. മോള് പേടിക്കണ്ടാന്നെ. ഇവന്‍ അങ്ങനെ കൊഴപ്പക്കാരനൊന്നുവല്ല.”
അശ്വതി ഓട്ടോയില്‍ കയറി. രഘു അല്‍പ്പം കൂടി മാറിയിരുന്നു.