“വളരെ സെൻസിറ്റീവ് ആണവൻ ..എന്നുവെച്ചാൽ എക്സ്ട്രീം സെൻസിറ്റീവ്…”
“മനസ്സിലായില്ല…”
കണാരൻ പറഞ്ഞു.
“എന്നുവെച്ചാൽ നിസ്സാര കാര്യം മതി പെട്ടെന്ന് കരയും…ദേഷ്യമോ അക്രമ സ്വഭാവമോ ഇല്ല ..ഇല്ലെന്നല്ല ഒട്ടുമില്ല …പക്ഷെ കുഞ്ഞ് കാര്യത്തിന് പോലും പൊട്ടിക്കരയുന്ന സ്വഭാവം …”
കണാരന്റെ മുഖത്ത് അനുകമ്പ നിറഞ്ഞു.
“എന്നും അവന്റെ സ്‌കൂൾ ബസ്സ് എടക്കാട് റെയിൽവേ ക്രോസ്സിനടുത്ത് നിർത്തും. എരഞ്ഞോളിയിൽ നിന്ന് അതിലെ വരുന്ന ഒരു ലൈൻ ബസ്സ് ഉണ്ട്. അതിനെ വെയിറ്റ് ചെയ്യാൻ. ആ ബസ്സിലാണ് അവന്റെ സ്‌കൂളിലെ ഏറ്റവും നല്ല അധ്യാപികമാരിലൊരാൾ വരുന്നത്. ഒരഞ്ചുമിനിറ്റോ ചിലപ്പോൾ പത്ത് മിനിറ്റോ എടുക്കും ആ ബസ്സ് വരാൻ. അതിൽ നിന്ന് ആ ടീച്ചർ ഇറങ്ങി മോന്റെ സ്‌കൂൾ ബസ്സിൽ കയറും….”
ജാനകി കോട്ടുവായിട്ടു.
“ആ സമയത്തത്‍ എന്നും ഒരു പാസഞ്ചർ ട്രെയിൻ അപ്പോൾ കടന്നു പോകും…”
ആൽബി തുടർന്നു.
“മോൻ ബസ്സിലിരുന്ന് അതിലെ യാത്രക്കാരെ കൈ വീശിക്കാണിക്കും …ഒരാൾ പോലും തിരിച്ച് ക വീശില്ല …മോൻ പിന്നെയും വളരെ എക്സൈറ്റഡ് ആയി ..എക്സൈറ്റഡ് ആയി എന്നുപറഞ്ഞാൽ വളരെ ആവേശത്തോടെ പിന്നെയും കൈ വീശിക്കാണിക്കും …വളരെ പ്രതീക്ഷയോടെ …പക്ഷെ…”
അയാൾ നെടുവീർപ്പിട്ടു.
“ഒരാൾ പോലും പ്രതികരിക്കില്ലന്നെ…അത് മതി അവനു അന്നത്തെ ദിവസം മുഴുവൻ കുളമാകാൻ…എപ്പഴും കരഞ്ഞ് കലങ്ങിയിരിക്കും..ഒരാളോടും മിണ്ടില്ല ..ഒന്നിലും ഉത്‌സാഹം വരില്ല…ഉച്ചകഴിഞ്ഞ് സ്‌കൂൾ വിട്ട് വീട്ടിൽ വന്നാൽ മുറിയ്ക്കകത്ത് കതകടച്ച് ഒറ്റയിരുപ്പാണ്…”
കണാരൻ സഹതാപത്തോടെ ജാനകിയെ നോക്കി.
അവളിൽ പക്ഷെ പ്രത്യേകിച്ച് ഒരു ഭാവമാറ്റവും അയാൾ കണ്ടില്ല.
“അവന്റെ മമ്മി എപ്പോഴു മാക്സിമം അവനെ കെയർ ചെയ്യും ..സാധാരണ ഒരമ്മയ്ക്ക് ചെയ്യാവുന്നതിലേറെ…അവൻ പറഞ്ഞു ..മമ്മി ഒറ്റത്തവണ ഒരേ ഒരു തവണ ആരെങ്കിലും ഒന്ന് തിരിച്ച് കൈ വീശിക്കാണിച്ചിരുന്നെങ്കിൽ! …അപ്പോൾ ഞാൻ പറഞ്ഞു ശരി…ഞാൻ ആ ട്രെയിനിൽ യാത്ര ചെയ്യാം വിൻഡോ സീറ്റിൽ ഇരിക്കാം …അവൻ ബസ്സിൽ നിന്ന് കൈ വീശിക്കാണിക്കുമ്പോൾ ഞാൻ തിരിച്ച് കൈ വീശിക്കാണിക്കാം …അപ്പോൾ അവൻ ഹാപ്പി ആകും..വൈഫ് പക്ഷെ അതിൽ താൽപ്പര്യം കാണിച്ചില്ല ..അതൊക്കെ ഒരു ദിവസത്തേക്കല്ലേ …എല്ലാ ദിവസവും നിങ്ങക്ക് ട്രെയിനിൽ കയറി യാത്ര ചെയ്യാൻ പറ്റുമോ? അല്ലങ്കിൽ മോന്റെ സങ്കടം മാറ്റാൻ എല്ലാ ദിവസോം ആരോടേലും ട്രെയിനിൽ യാത്ര ചെയ്ത് കൈ വീശിക്കാണിക്കാൻ പറയാൻ പറ്റുമോ…”
“അത് നേരാണല്ലോ…”